
മധുരപലഹാരങ്ങൾ വളരെയധികം ഇഷ്ടമായിരുന്നു ഫ്രാൻസിസ് പാപ്പയ്ക്ക്. അമേരിക്കയിൽ നിന്നുള്ള തീർഥാടകർ പലപ്പോഴും സമ്മാനമായി നൽകുന്ന ഒരു മധുരപലഹാരം അദ്ദേഹം ദിവസവും കഴിക്കാറുണ്ടായിരുന്നു. അതുപോലെതന്നെ ബ്യൂണസ് അയേഴ്സിൽ മുത്തശ്ശിയോടൊപ്പം ഉണ്ടാക്കിയിരുന്ന എംപാനഡകൾ അദ്ദേഹത്തിൽ ഗൃഹാതുരത്വമുണ്ടാക്കി. പരാഗ്വേയിലെ ചീസ് ബ്രെഡായ ചിപ്പയും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എങ്കിലും ഒരിക്കൽപോലും അദ്ദേഹം ഭക്ഷണം പാഴാക്കിയിരുന്നില്ല.
വിശപ്പ് എന്ന വ്യക്തിപരമായ വികാരത്തെ സാർവത്രികമാക്കുന്നതിൽ ഫ്രാൻസിസ് പാപ്പയ്ക്ക് ഒരു കഴിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിശപ്പിനെയും ഭക്ഷ്യനീതിയെയും കുറിച്ച് അദ്ദേഹം വ്യക്തമായി സംസാരിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയെ ഒരു സംവിധാനമായിട്ടല്ല, മറിച്ച് ഒരു ധാർമ്മിക കടമയായി പുനർനിർമ്മിക്കാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പതിവായി ഭക്ഷണം പാഴാക്കുന്നതിനെ ‘പാപം’ എന്നു വിളിച്ചു. ലോക ദരിദ്ര ദിനത്തിൽ, അദ്ദേഹം പ്രാർഥനകൾ നടത്തുക മാത്രമല്ല ചെയ്തത്, ഉച്ചഭക്ഷണത്തിനായി ഇരുന്നു; അതും ഏറ്റവും പാർശ്വത്കരിക്കപ്പെട്ട ആളുകളുടെ കൂടെ. വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില അറിയുന്നവരോടുകൂടെ.
ഇതിലൂടെയൊക്കെ അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമായിരുന്നു. ഭക്ഷണം ഒരു ആഡംബരമായിരുന്നില്ല; അത് ആർക്കും നിഷേധിക്കാൻ പാടില്ലാത്ത ഒന്നാണ് എന്നത്.
ഫ്രാൻസിസ് പാപ്പ വിശപ്പിനെക്കുറിച്ചു സംസാരിക്കുക മാത്രമല്ല ചെയ്തത്, അതിനെതിരെ അദ്ദേഹം നടപടിയെടുക്കുകയും ചെയ്തു. 2016 ൽ അദ്ദേഹം ലോക ദരിദ്ര ദിനം സ്ഥാപിച്ചു. വത്തിക്കാൻ മുഴുവനും ഭക്ഷണം, മെഡിക്കൽ ക്ലിനിക്കുകൾ, വീടില്ലാത്തവർക്കുള്ള സേവനം എന്നിവ ഉൾപ്പെടുന്ന ഒരു സംരംഭം. അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടനാത്മകമായിരുന്നില്ല. അത് സ്ഥിരതയുള്ളതും ദൃശ്യവും കരുണയെ എങ്ങനെ രൂപപ്പെടുത്തി എന്നതിൽ ആഴത്തിൽ വേരൂന്നിയതുമായിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ 2013 ൽ നടന്ന ഒരു പ്രതിവാര സദസ്സിൽ, ഉപഭോക്തൃത്വവും അമിതത്വവും വളർത്തുന്ന ‘മാലിന്യസംസ്കാരം’ എന്നു വിശേഷിപ്പിച്ചതിനെ ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്തു. “ഭക്ഷണം വലിച്ചെറിയുന്നത് ദരിദ്രരുടെയും വിശക്കുന്നവരുടെയും മേശയിൽ നിന്നു മോഷ്ടിക്കുന്നതിനു തുല്യമാണ്. ഭക്ഷണം പാഴാക്കുന്ന ഈ സംസ്കാരം നമ്മെ സംവേദനക്ഷമതയില്ലാത്തവരാക്കി മാറ്റ. ഭക്ഷണം പാഴാക്കുന്നതിനോടും സംസ്കരിക്കുന്നതിനോടും പോലും, ലോകമെമ്പാടുമുള്ള നിരവധി കുടുംബങ്ങൾ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുമ്പോൾ ഇത് കൂടുതൽ നിന്ദ്യമാണ്” – അദ്ദേഹം പറഞ്ഞു.
“ഉപഭോക്തൃത്വം നമ്മെ അമിതവും ദിവസേനയുള്ളതുമായ ഭക്ഷണം പാഴാക്കുന്നതിന് ശീലമാക്കിയിരിക്കുന്നു. ചിലപ്പോഴൊക്കെ, അതിന് ന്യായമായ മൂല്യം നൽകാൻ നമുക്കിനി കഴിയില്ല” – അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്ത് ഒരു നേതാവും വിശപ്പിനെക്കുറിച്ചും ഭക്ഷണം പാഴാക്കുന്നതിന്റെ വിപത്തിനെക്കുറിച്ചും ഇത്രയധികമായി പൊതുസദസ്സുകളിൽ സംസാരിച്ചിട്ടുണ്ടാകില്ല. കാലഘട്ടത്തിന്റെ ആവശ്യത്തെയും അനിവാര്യതയെയും മുൻനിർത്തി ഫ്രാൻസിസ് പാപ്പ തുടർച്ചയായി അത് ലോകത്തെ ഓർമ്മപ്പെടുത്തി.