ജപമാലയെക്കുറിച്ചുള്ള മാർപാപ്പയുടെ ഏഴ് ധ്യാനചിന്തകൾ

ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പൊതു കൂടിക്കാഴ്ചകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നിരവധി തവണ പങ്കുവച്ചിട്ടുണ്ട്. ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ പറഞ്ഞുവയ്ക്കുന്ന ഏഴ് ധ്യാന ചിന്തകൾ ചുവടെ ചേർക്കുന്നു.

1. ജപമാല കുടുംബത്തെ സുദൃഢമാക്കുന്നു

2013 മെയ് മാസത്തിൻ്റെ ആരംഭത്തിൽ ഫ്രാൻസിസ് മാർപാപ്പ ട്വിറ്റർ സന്ദേശത്തിൽ എപ്രകാരം എഴുതി- “ഈ മേയ് മാസത്തിൽ കുടുംബം ഒന്നിച്ച് ജപമാല പ്രാർത്ഥന ചൊല്ലുന്നത് മനോഹരമായിരിക്കും. അത് കുടുംബത്തെ കൂടുതൽ ശക്തിപ്പെടുത്തും”

2. ജപമാല എളിയവരുടെ പ്രാർത്ഥനയാണ്

2016 ഒക്ടോബർ 7-ന് മാർപാപ്പ ട്വിറ്ററിൽ കുറിച്ചു – എൻ്റെ ജീവിതത്തിൽ എപ്പോഴും എന്നെ അനുഗമിച്ചിട്ടുള്ള പ്രാർത്ഥനയാണ് ജപമാല. ഇത് എളിയവരുടെയും വിശുദ്ധരുടെയും പ്രാർത്ഥനയാണ്. ഇതെൻ്റെ ഹൃദയത്തിൻ്റെ പ്രാർത്ഥനയാണ്.

3. സ്വർഗത്തെ മനുഷ്യരോടടുപ്പിക്കുന്ന പ്രാർത്ഥനയാണ് ജപമാല

2019 മേയ് 15 ന് നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ മാർപാപ്പ ഇപ്രകാരം പങ്കുവച്ചു. “മാതാവിനെ അനുസ്മരിക്കുന്ന മാസത്തിൽ പരമ്പരാഗതമായി ദൈവമാതാവിനോടുള്ള ദൈനംദിന പ്രാർത്ഥനകളും അനുകരണങ്ങളും വര്‍ദ്ധിക്കുന്നു. കൂടാതെ ദിവസവും ധാരാളം ജപമാല ചൊല്ലുന്നു. അത് മനുഷ്യനെ സ്വർഗ്ഗത്തിലേക്കുയർത്തുന്നു.

4. പ്രലോഭനങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആയുധമാണ് ജപമാല

2020 ലെ പരിശുദ്ധ മറിയത്തിൻ്റെ തിരുനാൾ ദിവസം നിങ്ങളെല്ലാവരും നിങ്ങളുടെ പോക്കറ്റുകളിൽ ജപമാല കരുതണമെന്നും ജപമാല പ്രാർത്ഥന ഉരുവിടണം എന്നും മാർപാപ്പ ഉദ്‌ബോധിപ്പിച്ചു. ഇത് മാതാവിന് സമർപ്പിക്കാവുന്ന ഏറ്റവും മനോഹരമായ പ്രാർത്ഥനയാണ്. ഒപ്പം ജപമാല നമ്മെ തിന്മകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ആയുധമാണെന്നും ഓർമ്മപ്പെടുത്തി.

5. പരീക്ഷണങ്ങളെ തരണം ചെയ്യാൻ ജപമാല സഹായിക്കുന്നു

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ഏപ്രിൽ 25ന് ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിൽ ഇപ്രകാരം എഴുതി “പരിശുദ്ധ മാറിയത്തിൻ്റെ ഹൃദയത്തോടു ചേർന്ന് നമുക്കൊരുമിച്ച് ക്രിസ്തുവിൻ്റെ മുഖം ധ്യാനിക്കാം. ഇതിലൂടെ നമ്മുടെ അമ്മ ഒരാത്മീയ കുടുംബമായി നമ്മെ ഒന്നിപ്പിക്കും. ഈ പരീക്ഷയെ അതിജീവിക്കാൻ അത് നമ്മെ സഹായിക്കും.”

6. രക്ഷയുടെ ചരിത്രം സംഗ്രഹിക്കുന്ന പ്രാർത്ഥനയാണ് ജപമാല

2021 മെയ് 19-ലെ ഔദ്യോഗിക കൂടിക്കാഴ്ച്ചയിൽ മാർപാപ്പ മരിയൻ പ്രാർത്ഥനയുടെ രഹസ്യങ്ങളെ പരാമർശിച്ച് സംസാരിച്ചു. “മേയ് മാസത്തിൽ, കന്യകാമറിയത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട മാസത്തിൽ, രക്ഷാകര ചരിത്രത്തിൻ്റെ സംഗ്രഹമായ ജപമാല ചൊല്ലുന്നു അത് നമുക്ക് രക്ഷ നൽകുന്നു.

7. ഹൃദയത്തിൽ സമാധാനം ലഭിക്കുന്ന പ്രാർത്ഥന

“നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നിറയാനുള്ള ഫലപ്രദമായ മാർഗവും തിന്മയ്‌ക്കെതിരെയുള്ള ശക്തമായ ആയുധവും പരിശുദ്ധ ജപമാലയാണ്. എല്ലാ തിന്മകളിൽ നിന്നും ദൈവം നിങ്ങളെ സംരക്ഷിക്കുകയും എല്ലായ്പ്പോഴും ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.”

വിവർത്തനം: സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.