ഫ്രാൻസിസ് പാപ്പയുടെ മരിയ വിചാരങ്ങൾ – 9

തുറന്ന മനസ്സുള്ളവരായിരിക്കാൻ ലൂർദ് മാതാവിനോട് പ്രാർഥിക്കുക

2022 ഫെബ്രുവരി പതിനൊന്നാം തീയതി ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനത്തിൽ മറ്റുള്ളവരെയും അവരുടെ ആവശ്യങ്ങളെയും നേരിടാൻ കൂടുതൽ തുറന്ന മനസ്സുള്ളവരായിരിക്കാൻ ലൂർദ് മാതാവിനോട് അപേക്ഷിക്കാൻ ഫ്രാൻസിസ് മാർപാപ്പ എല്ലാ കത്തോലിക്കരെയും ഉദ്ബോധിപ്പിച്ചു.

പ്രസ്തുത ദിനത്തിൽ പാപ്പാ നൽകിയ വീഡിയോ സന്ദേശത്തിൽ, കൂടിക്കാഴ്ചകൾ (സമാഗമം) എപ്പോഴും മറ്റുള്ളവരിലേക്ക് സ്വയം തുറക്കുന്നതാണന്നും കൂടിക്കാഴ്ചയുടെ വിപരീതം ഒരാളുടെ ഹൃദയം അടയ്ക്കുക എന്നതാണന്നും പാപ്പാ കൂട്ടിച്ചേർത്തു. അടഞ്ഞ ഹൃദയങ്ങൾ ഉണ്ടാകാതിരിക്കാൻ പരിശുദ്ധ മറിയത്തിന്റെ സഹായം അഭ്യർത്ഥിച്ച പാപ്പ സ്വാർഥത ഹൃദയത്തെ ഉള്ളിൽ നിന്ന് കടിക്കുന്ന ഒരു പുഴുവാണ് എന്നും വിശ്വാസികളെ ഓർമ്മപ്പെടുത്തി.

ക്രിസ്തീയ കൂടിക്കാഴ്ചയുടെ (സമാഗമം) അർഥം ഫ്രാൻസിസ് പാപ്പ വിശദീകരിക്കുന്നത് ഇപ്രകാരമാണ് “അത് ഒരു ലഘുരേഖയല്ല. മറിച്ചു ഒരു ആശയത്തിനായി സ്വയം നിരത്തിലിറങ്ങുകയാണ്, അത് ഒരുമിച്ച് നടക്കലാണ്, ഒറ്റയ്ക്കിരിക്കുന്നത് ഒഴിവാക്കലാണ്. മറ്റുള്ളവരുമായി, സുഹൃത്തുക്കളുമായി, കുടുംബത്തോടൊപ്പം, ദൈവജനത്തോടൊപ്പം, കന്യകയുടെ മുമ്പാകെ പ്രാർഥനയിൽ ഒരുമിച്ച് ജീവിക്കാൻ വേണ്ടി സ്വയം സമർപ്പിക്കുകയാണ്.” അതുകൊണ്ടാണ് കൂട്ടായ്മയിൽ വളരാൻ നമ്മെ സഹായിക്കുന്നതിനു വേണ്ടി തുറന്നമനസ്സുള്ളവരായി വളരുന്നതിനുവേണ്ടി പരിശുദ്ധ അമ്മയോടു നമുക്കുപ്രാർഥിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.