ഫ്രാൻസിസ് പാപ്പയുടെ മരിയ വിചാരങ്ങൾ – 7

മറിയം: നമ്മുടെ അടുത്തെത്താൻ തിടുക്കം കൂട്ടുന്ന അമ്മ

പരിശുദ്ധ മറിയം ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ടതിന്റെ 100-ാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പ ഫാത്തിമയിലെ ദൈവമാതാവിന്റെ ബസലിക്കാ സന്ദർശിക്കുകയും പരിശുദ്ധ അമ്മയ്ക്കു ഒരു സ്വർണ്ണ റോസാപ്പൂവ് സമ്മാനിക്കുകയും ചെയ്തു. ഈ അവസരത്തിൽത്തന്നെ പരിശുദ്ധ മറിയം ദർശനം നൽകിയ ഇടയകുട്ടികളായാ ഫ്രാൻസിസ്കോയെയും ജസീന്തയെയും പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

ഫാത്തിമാ മാതാവിനോടുളള ഫ്രാൻസിസ് പാപ്പയുടെ സ്നേഹം അദ്ദേഹം കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ തുടക്കത്തിൽതന്നെ കാണാൻ കഴിയും .

2013 ഒക്ടോബറിൽ തിരഞ്ഞെടുക്കപ്പെട്ടതിന് ഒരു വർഷം തികയുന്നതിന് മുമ്പുതന്നെ ഫ്രാൻസിസ് പാപ്പ ഫാത്തിമായിൽ എത്തുകയും പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തിനു മുന്നിൽ ലോകത്തെ മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമർപ്പിക്കുകയും ചെയ്തു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ആരംഭത്തിൽ 2022 മാർച്ചിൽ രണ്ട് രാജ്യങ്ങളെയും മറിയത്തിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചു. 2023-ൽ ലിസ്ബണിൽ നടന്ന ലോക യുവജന സമ്മേളത്തിനു പോയപ്പോൾ പാപ്പ ഈ മരിയതീർത്ഥാടനകേന്ദ്രം വീണ്ടും സന്ദർശിച്ചു.

അന്നദ്ദേഹം യുവജനങ്ങളോടായി പറഞ്ഞു. “എല്ലാവരുടെയും വിശ്വാസവും അനുഭവവും അനുസരിച്ച് ഫാത്തിമാ മാതാവ് എല്ലാറ്റിനുമുപരിയായി ഭൂമിയിലെ മറ്റൊരിടത്തും ഇല്ലാത്തവിധം നമ്മെ സംരക്ഷിക്കുന്ന പ്രകാശത്തിന്റെ ആവരണമാണ്. കന്യകാമറിയത്തിന്റെ സംരക്ഷണത്തിൽ നാം അഭയം തേടുകയും സ്വർലോക രാജ്ഞിയിൽ പഠിപ്പിക്കുന്നതുപോലെ അവളോട് ചോദിക്കുകയും വേണം: ഞങ്ങൾക്ക് … ഈശോയെ കാണിച്ചുതരൂ,’ വിശുദ്ധ പ്രഖ്യാപന വേളയിൽ അദ്ദേഹം പറഞ്ഞു. “പ്രിയ തീർത്ഥാടകരേ നിങ്ങൾക്ക് ഒരു അമ്മയുണ്ട്! മക്കളെപ്പോലെ അവളോട് പറ്റിച്ചേർന്ന് ഈശോയിൽ അധിഷ്ഠിതമായ പ്രത്യാശയിലാണ് നിങ്ങൾ ജീവിക്കേണ്ടത്.”

2023 ആഗസ്റ്റു മാസം അഞ്ചാം തീയതി യുവജനസമ്മേളത്തിൽ ഒരു പുതിയ പരിശുദ്ധ അമ്മയെ ഫ്രാൻസീസ് പാപ്പ പരിചയപ്പെടുത്തി, ‘തിടുക്കത്തിന്റെ മാതാവ്’ (our lady in a hurry) “മറിയം തന്റെ ഇളയമ്മയായ എലിസബത്ത് ഗർഭണിയായ വിവരം അറിഞ്ഞു ‘തിടുക്കത്തിൽ’ പുറപ്പെട്ടു. സന്നിഹിതയാകാനുള്ള മറിയത്തിന്റെ ആകാംക്ഷ നമുക്കിവിടെ കാണാം.

“‘ഔർ ലേഡി ഇൻ എ ഹറി,’ നിങ്ങൾക്ക് ഈ അമ്മയെ ഇഷ്ടമാണോ?” ഫ്രാൻസിസ് മാർപാപ്പ അവിടെ തടിച്ചുകൂടിയ തീർത്ഥാടകരോട് ചോദിച്ചു. അതിനുള്ള മറുപടിയും പാപ്പാ തന്നെ അവരെക്കൊണ്ടു പറയിപ്പിച്ചു. “നമുക്കെല്ലാവർക്കും ഒരുമിച്ച് പറയാം: ‘ഔർ ലേഡി ഇൻ എ ഹറി.’ അവൾ നമ്മുടെ അടുത്തായിരിക്കാൻ തിടുക്കം കൂട്ടുന്നു. അവൾ ഒരു അമ്മയായതിനാൽ തിടുക്കം കൂട്ടുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം, നമ്മൾ അവളെ വിളിക്കുമ്പോഴെല്ലാം, അവൾ വൈകുന്നില്ല. നമ്മുടെ അടുത്തെത്താൻ തിടുക്കം കൂട്ടുന്നു.”

നമ്മുടെ ആവശ്യങ്ങളിൽ തിടുക്കത്തിൽ എത്തുന്ന മറിയത്തിന്റെ പക്കൽ നമുക്കു അഭയം പ്രാപിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.