ഫ്രാൻസിസ് പാപ്പയുടെ മരിയ വിചാരങ്ങൾ – 5

ഫ്രാൻസിസ് മാർപാപ്പ വിമാനത്തിൽ യാത്രയിൽ കരുതിയിരുന്ന രണ്ട് മരിയൻ ചിത്രങ്ങൾ

ഫ്രാൻസിസ് മാർപാപ്പ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴെല്ലാം സാധാരണ രീതിയിൽ അദ്ദേഹം ഒന്നാമത്തെ നിരയിലാണ് ഇരുന്നിരുന്നത്. പരിശുദ്ധ സിംഹാസനം ഏതു എയർലൈൻ കമ്പനിയുടെ വിമാനം വാടകയ്‌ക്കെടുത്താലും അതാണ് ചെയ്തിരുന്നത്. പാപ്പ ഇരിക്കുന്ന സീറ്റിനു മുമ്പിൽ എല്ലായ്‌പ്പോഴും പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ചിത്രം പിടിപ്പിക്കുമായിരുന്നു. സാധാരണ ഗതിയിൽ ബോണാരിയോ മാതാവിന്റയും ലൊറോറ്റോ മാതാവിന്റയും ചിത്രങ്ങളാണ് മാർപാപ്പ തിരഞ്ഞെടുത്തിരുന്നത്.

ഇറ്റാലിയൻ ദ്വീപമായ സാർദിനിയയിലെ കാഗ്ലിയാരി നഗരത്തിൽ സ്ഥിതിചെയ്യുന്ന ദൈവമാതാവിന്റ നാമത്തിലുള്ള ബസിലിക്കായിലെ മാതാവിന്റെ ചിത്രമാണ് ഒന്നാമത്തേത്. ബോണാരിയോ മാതാവ് സാർഡിനിയയുടെയും നാവികരുടെയും യാത്രക്കാരുടെയും രക്ഷാധികാരിയാണ്. ‘ഔർ ലേഡി ഓഫ് ഫെയർ വിൻഡ്‌സ്’ (Our Lady of Fair Winds) എന്നും അറിയപ്പെടുന്ന ബോണോരിയാ മാതാവിന്റെ പേരിൽ (ബോൺ-ആരിയ) നിന്നുമാണ് തെക്കേ അമേരിക്കയിലെ ഒരു പുതിയ നഗരത്തിന് ‘ബ്യൂണസ് അയേഴ്‌സ്’ (സ്പാനിഷിൽ ഫെയർ കാറ്റ്സ്) എന്ന് പേരിടാൻ സ്പാനിഷ് നാവികരെ പ്രേരിപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ മാതൃരാജ്യമായ അർജന്റീനയുടെ തലസ്ഥാനവും ജനനസ്ഥലവും ബ്യൂണസ് അയേഴ്‌സ് ആണ്. ഫ്രാൻസിസ് മാർപാപ്പ 2013 സെപ്റ്റംബറിൽ കാഗ്ലിയാരിയിലെ മരിയൻ ബസിലിക്കാ സന്ദർശിച്ചു.

ഇറ്റലിയിലെ ലോറെറ്റോയിലുള്ള പ്രസിദ്ധമായ ഒരു തീർഥാടന കേന്ദ്രമാണ് ലോറെറ്റോ മാതാവിന്റെ ബസിലിക്ക. പാരമ്പര്യമനുസരിച്ച്, 1200-കളിൽ വിശുദ്ധ നാട്ടിൽ നിന്ന് യൂറോപ്പിലേക്ക് അദ്ഭുതകരമായി വഴിമാറിയ മറിയത്തിന്റെ വീടിന്റെ ചുവരുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 1920-ൽ ലോറെറ്റോ മാതാവിനെ വൈമാനികരുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു. 2019 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ ഈ ദൈവമാതൃ ദൈവാലയം സന്ദർശിക്കുകയും ലോറെറ്റോ മാതാവിന്റെ തിരുനാൾ സാർവത്രിക സഭയിലെ ഒരു തിരുനാളായി അദ്ദേഹം മാറ്റി.

2021 ഡിസംബറിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു: “നമ്മൾ എവിടെയായിരുന്നാലും, നമ്മുടെ ക്രിസ്തീയ വേരുകൾ സംരക്ഷിക്കുന്ന ഒരു ഭവനം നമുക്കുണ്ടെന്ന് ലൊറെറ്റോയിലെ വിശുദ്ധ ഭവനം നമ്മെ ഓർമ്മിപ്പിക്കുന്നു; നമ്മെ കാക്കുന്ന ഒരു അമ്മ നമുക്കുണ്ട്. വീട് സഭയാണ്, അമ്മ മറിയമാണ്. എല്ലാറ്റിനുമുപരി വിനയം അവളിൽ നിന്ന് നാം പഠിക്കുന്നു, അത് സ്വർഗത്തിലേക്ക് നയിക്കുന്ന വഴിയാണ്.”

സ്വർഗത്തിലേക്കു നയിക്കുന്ന അമ്മ മറിയം നമ്മുടെയും അമ്മയാണ്. നമ്മെ കാക്കുന്ന അമ്മ, ആ അമ്മയെ നമുക്കും സ്നേഹിക്കാം ആദരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.