ഫ്രാൻസിസ് പാപ്പയുടെ മരിയവിചാരങ്ങൾ: 10

2022 മാർച്ചുമാസം 25-ാം തീയതി മംഗളവാർത്താ തിരുനാൾദിനത്തിൽ ഫ്രാൻസിസ് പാപ്പ നടത്തിയ വചനസന്ദേശം ദൈവത്തിന്റെ സാന്നിധ്യം, കരുണ, വിശ്വാസത്തിന്റെ മാതൃകയായ പരിശുദ്ധ മറിയത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകളാൽ സമ്പന്നമായിരുന്നു. മറിയത്തിന്റെ മാതൃകയിലൂടെ, കുമ്പസാരം വീണ്ടും കണ്ടെത്താനും ഭയത്തെ മറികടക്കാനും പരിശുദ്ധാത്മാവിനെ അന്വേഷിക്കാനും യുദ്ധത്തിന്റെയും ദുരിതത്തിന്റെയും സമയത്ത് മറിയത്തിന്റെ വിമലഹൃദയത്തിൽ സ്വയം സമർപ്പിക്കാനും ഫ്രാൻസിസ് പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ഗബ്രിയേൽ മാലാഖ പറഞ്ഞ മൂന്ന് പ്രധാന വാക്യങ്ങളെയും മറിയത്തിന്റെ വിശ്വസ്തത നിറഞ്ഞ മറുപടിയും കേന്ദ്രീകരിച്ചായിരുന്നു പാപ്പയുടെ പ്രസ്തുതദിനത്തിലെ സന്ദേശം.

1. “ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി! കര്‍ത്താവ് നിന്നോടുകൂടെ!” ലൂക്കാ 1:28)

കുമ്പസാരം സന്തോഷത്തിന്റെ ഒരു കൂദാശയാണ്. കുമ്പസാരത്തെ മ്ലാനമായ ഒരു കടമയായിട്ടല്ല, മറിച്ച് ദൈവം നമ്മുടെ അടുക്കൽ വരുന്ന സന്തോഷകരമായ ഒരു കണ്ടുമുട്ടലായി കാണണമെന്ന് ഫ്രാൻസിസ് പാപ്പ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. “നമ്മൾ കർത്താവിന്റെ അടുക്കലേക്കു പോകുക എന്നതല്ല, മറിച്ച് അവൻ നമ്മുടെ അടുക്കലേക്കു വരുന്നത് അവന്റെ കൃപയാലും സന്തോഷത്താലും നമ്മെ നിറയ്ക്കാനാണ്.”

കുമ്പസാരത്തിന്റെ കേന്ദ്രം നമ്മുടെ പാപമല്ല, മറിച്ച് ദൈവത്തിന്റെ ക്ഷമയാണെന്നും നമ്മുടെ കുമ്പസാരം പിതാവിന് നമ്മെ വീണ്ടും ഉയിർപ്പിക്കുന്ന സന്തോഷം നൽകുന്നുവെന്നും അതിനാൽ, നാം അതിനെ സന്തോഷത്തിന്റെ കൂദാശ ആയി വീണ്ടും കണ്ടെത്തണമെന്നും ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു.

2. “ഭയപ്പെടേണ്ട” (ലൂക്കാ 1:30)

ദൈവം നമ്മുടെ ബലഹീനതയെക്കാൾ വലിയവനാണ്. ഭയം നിറഞ്ഞ ഒരു ലോകത്തിൽ, ഫ്രാൻസിസ് മാർപാപ്പ ഗബ്രിയേൽ മാലാഖയുടെ മറിയത്തോടുള്ള ആശ്വാസകരമായ വാക്കുകൾ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ പോരാട്ടങ്ങളെ അംഗീകരിക്കുന്നു. “നിങ്ങളുടെ പാപങ്ങൾ നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കിൽ, നിങ്ങളുടെ മുറിവുകൾ ഉണങ്ങുന്നില്ലെങ്കിൽ, ദയവായി ഭയപ്പെടരുത്.”

ദൈവം നമ്മുടെ തകർച്ചയെ നിരസിക്കുന്നില്ല, മറിച്ച് അത് തന്നിലേക്കു കൊണ്ടുവരാൻ നമ്മെ ക്ഷണിക്കുന്നു. “നിങ്ങളുടെ പാപങ്ങൾ എനിക്ക് തരൂ” എന്ന് ഒരോ നിമിഷവും അവൻ നമ്മോടു പറയുന്നു. ദൈവം പൂർണ്ണതയല്ല, മറിച്ച് ബന്ധവും രോഗശാന്തിയുമാണ് ആഗ്രഹിക്കുന്നത്.

3. “പരിശുദ്ധാത്മാവ് നിന്റെമേൽ വരും” (ലൂക്കാ 1:35).

ആത്മാവാണ് നമ്മുടെ യഥാർഥ ശക്തി. നമ്മുടെ ആത്മീയജീവിത പുരോഗതിക്ക് മനുഷ്യശക്തി മാത്രം പോരാ എന്ന് ഫ്രാൻസിസ് മാർപാപ്പ നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്നു. യഥാർഥ പരിവർത്തനം – നമ്മിലോ, ലോകത്തിലോ – സംഭവിക്കണമെങ്കിൽ അവ ദൈവത്തിന്റെ ആത്മാവിൽനിന്നു വരണം. അതിനാൽ “നമുക്ക് ദൈവത്തിന്റെ ജ്ഞാനവും സൗമ്യമായ ശക്തിയും ആവശ്യമാണ്. നാം കർത്താവിനോട് പല കാര്യങ്ങൾക്കുംവേണ്ടി അപേക്ഷിക്കുന്നു. പക്ഷേ എത്ര തവണ നാം അവനോട് പരിശുദ്ധാത്മാവിനെ ലഭിക്കാൻ, സ്നേഹിക്കാനുള്ള ശക്തക്കായി പ്രാർഥിക്കുന്നു.”

പാപ്പയുടെ അഭിപ്രായത്തിൽ, സ്നേഹമില്ലാത്ത നമ്മുടെ ശ്രമങ്ങൾ ശൂന്യമാണ്. “സ്നേഹമില്ലാത്ത ഒരു ക്രിസ്ത്യാനി തുന്നാത്ത സൂചി പോലെയാണ്. അത് കുത്തുന്നു, മുറിവേൽപിക്കുന്നു. അത് ഉപയോഗശൂന്യമാണ്” എന്ന് ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർക്കുന്നു.

4. “നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” (ലൂക്കാ 1:38)

മറിയത്തിന്റെ ഹൃദയത്തിൽ നമ്മെത്തന്നെ ഭരമേൽപിക്കാം. യുദ്ധത്തിനും ഉത്കണ്ഠയ്ക്കുമിടയിൽ, പ്രത്യേകിച്ച് ഉക്രൈനും റഷ്യയ്ക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള സഭയുടെ സമർപ്പണം പുതുക്കുന്നു. മറിയത്തെപ്പോലെ ദൈവത്തിൽനിന്ന് ആരംഭിക്കാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു. “മറിയം അവനിൽ പറ്റിപ്പിടിച്ചു. ഉറവിടത്തിലേക്കു പോകാൻ അവൾ നമ്മെ ക്ഷണിക്കുന്നു. അവളുടെ ‘ഫിയാത്ത്’ നിഷ്ക്രിയമായിരുന്നില്ല, മറിച്ച് ദൈവത്തിന്റെ സമാധാനപദ്ധതിക്കുള്ള സജീവമായ ഒരു സമ്മതമായിരുന്നു.”

നമ്മെ സഹായിക്കാനും പരിപാലിക്കാനും മറിയം തിടുക്കത്തോടെ വരുന്നതിനാൽ അവൾ നമ്മെ ക്ഷമയിലേക്കും ശക്തിയിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു. മറിയത്തിലൂടെ ദൈവം തന്റെ രക്ഷാകഥ ഈ ഭൂമിയിൽ എഴുതുന്നത് തുടരുന്നു എന്നും ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.