മെയ് 19: പോന്തൂസ് വംശഹത്യാ ദിനം

അര്‍മേനിയന്‍ വംശഹത്യ പോലെ സമകാലിക സമൂഹത്തില്‍ അധികമാരാലും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ് ഗ്രീക്ക് വംശഹത്യ. സ്മിര്‍ണ, ഏഷ്യ മൈനര്‍, പോന്തൂസ് തുടങ്ങി വി. ബൈബിളില്‍ പരാമര്‍ശിക്കുന്നയിടങ്ങളില്‍ യുവതുര്‍ക്കി കളുടെ മേല്‍നോട്ടത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം ആസൂത്രിതമായി നടത്തിയ നിര്‍ബന്ധിത ഉന്മൂലനപ്രക്രിയയാണ് ഗ്രീക്ക് വംശഹത്യ. 1914- നും 1923- നും ഇടയിലാണ് കരിങ്കടലിന്‍റെ തെക്ക് ഭാഗത്തുള്ള ഗ്രീക്കുകാരുടെ വംശഹത്യ നടന്നത്. ഇതിലെ ഒരു ഭാഗമാണ് പോന്തൂസ് വംശഹത്യ.

പോന്തൂസ്: ചരിത്ര രേഖകളില്‍

ഗ്രീക്ക് നാഗരീകതയുടെ ആദ്യകാലം മുതലേ ഗ്രീക്കുകാര്‍ കരിങ്കടല്‍ എന്ന് വിളിച്ചിരുന്നത് പോന്തൂസിനെയാണ്. ഇവിടെയുള്ള ആദ്യ ജനവാസ കേന്ദ്രങ്ങള്‍ കരിങ്കടലിന്‍റെ തെക്കന്‍ തീരത്ത് (ആധുനിക തുര്‍ക്കി, കോക്കസസ് മലനിരകള്‍) 800 ബിസിയില്‍ തന്നെ പ്രത്യക്ഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആദ്യത്തെ ഗ്രീക്ക് വാസസ്ഥലങ്ങള്‍ അയോണിയന്‍ ഗ്രീക്കുകാര്‍ – ആറ്റിക്ക്, അനറ്റോലിയ, ഏജിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ – ആണ് അവ സ്ഥാപിച്ചത്. ആദ്യത്തെ നഗരം, സിനോപ്പ്, 785 ബിസി യിലാണ് നിര്‍മ്മിച്ചത്. താമസിയാതെ തെക്ക് മാത്രമല്ല, വടക്കന്‍ കരിങ്കടല്‍ തീരവും പൂര്‍ണ്ണമായും ഗ്രീക്ക് സംസ്കാരം രൂപപ്പെട്ടു. ഡയോജെനിസ്, സ്ട്രാബോ തുടങ്ങിയ പുരാതന കാലത്തെ പ്രശസ്തരായ പല ഗ്രീക്ക് പുരുഷന്മാരും തെക്കന്‍ പോന്തൂസില്‍ ജനിച്ചു വളര്‍ന്നവരാണ്. ബിസി നാലാം നൂറ്റാണ്ടില്‍ കരിങ്കടലിന്‍റെ തെക്കന്‍ തീരത്ത് പോന്തൂസിന്‍റെ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കപ്പെട്ടു, അന്നുമുതല്‍ പോന്തൂസ് മറ്റ് ഗ്രീക്ക് ദേശങ്ങളില്‍ നിന്ന് സ്വതന്ത്രമായി വികസിക്കാന്‍ തുടങ്ങി.

പോന്തൂസ്: വി. ബൈബിളില്‍

ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ ഗ്രീക്ക് സംസ്കാരത്തിലേക്കുള്ള ആദ്യകാല വളര്‍ച്ചയില്‍ത്തന്നെ അടയാളപ്പെടുത്തപ്പെട്ട പദമാണ് പോന്തൂസ്. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2,9 ല്‍ വി. പത്രോസിന്‍റെ പ്രസംഗം ശ്രവിക്കാനെത്തിയവരില്‍ പോന്തുസ് നിവാസികള്‍ ഉണ്ടായിരുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 18, 2 ല്‍ ക്ലാവുദിയൂസിന്‍റെ ഭീഷണിയില്‍ റോമാസാമ്രാജ്യത്തില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നതിനാല്‍ ആയിടയ്ക്ക് കൊറിന്തോസില്‍ വന്ന് താമസിക്കുന്ന കൂടാരപ്പണിക്കാരനായ അക്വീല്ലായുടെയും പത്നി പ്രിഷില്ലായുടെയും ഭവനത്തില്‍ വി. പൗലോസ് സന്ദര്‍ശനം നടത്തിയതായി കാണുന്നു. പൗലോസും അക്വീല്ലായും കൂടാരപ്പണിക്കാരായതിനാല്‍ ഈ സന്ദര്‍ശനം അതീവ ഹൃദ്യവുമായിരുന്നു. 1 പത്രോസ് 1,1 ല്‍ വി. പത്രോസ് പോന്തൂസിലെ ക്രൈസ്തവസമൂഹത്തെ വിശേഷിപ്പിക്കുന്നത് യേശുക്രിസ്തുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും അവിടുത്തെ രക്തത്താല്‍ തളിക്കപ്പെടാന്‍ വേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരുമെന്ന വിശേഷണങ്ങളാലാണ്. അവിടുത്തെ രക്തത്താല്‍ തളിക്കപ്പെടാന്‍ വേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ടവരെന്ന് വി. പത്രോസ് അവരെ വിശേഷിപ്പിച്ചത് പ്രവചനാത്മകമെന്നോണം പില്‍ക്കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു.

പോന്തിയന്‍ ക്രൈസ്തവര്‍ പുരോഗതിയില്‍

പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ, പോന്തൂസിലെ ഗ്രീക്കുകാര്‍ സാമ്പത്തികമായും ജനസംഖ്യാപരമായും അഭിവൃദ്ധി പ്രാപിച്ചു. 1865- ല്‍ 265,000 പോന്തിയന്‍ ക്രിസ്ത്യാനികളുണ്ടായിരുന്നു, എന്നാല്‍ 1880 ആയപ്പോഴേക്കും അവരുടെ എണ്ണം 330,000 ആയി ഉയര്‍ന്നു.

20-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, അവരുടെ ജനസംഖ്യ 700,000 ആയി ഉയര്‍ന്നു, 1860-ല്‍ത്തന്നെ പോന്തൂസില്‍ 100 ഗ്രീക്ക് സ്കൂളുകള്‍ ഉണ്ടായിരുന്നു, കൂടാതെ ബിസിനസുകള്‍, പത്രങ്ങള്‍, മാസികകള്‍, ക്ലബ്ബുകള്‍, തിയേറ്ററുകള്‍ എന്നിവയും ഉണ്ടായിരുന്നു.

ദുരന്തങ്ങളുടെ ആരംഭം

1908 ദുരന്തങ്ങളുടെ ഒരു നാഴികക്കല്ലായി അവശേഷിക്കുന്നു. തുര്‍ക്കിവല്‍ക്കരണം ഉറപ്പാക്കാന്‍ ക്രിസ്ത്യന്‍ സമുദായങ്ങളെ പീഡിപ്പിക്കാനിറങ്ങിയ തീവ്രവാദ ദേശീയ പാര്‍ട്ടിയായ യുവതുര്‍ക്കികളുടെ (‘യംഗ് ടര്‍ക്ക്’ ) പ്രസ്ഥാനത്തിന്‍റെ രൂപീകരണ വര്‍ഷമായിരുന്നു അത്. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ, ഗ്രീസ്, സെര്‍ബിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ സംഭവിച്ചതു പോലെ, പോന്തൂസിന്‍റെ മേലുള്ള അധികാരം നഷ്ടപ്പെടുമെന്ന് ഓട്ടോമന്‍ സര്‍ക്കാര്‍ ഭയപ്പെട്ടു. ഗ്രീക്ക് സാസ്കാരികതയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ‘കടുത്ത നടപടികള്‍’ ആസൂത്രണം ചെയ്തത് ‘യുവ തുര്‍ക്കികള്‍’ ആയിരുന്നു, അവരുടെ മുദ്രാവാക്യം തുര്‍ക്കി തുര്‍ക്കികള്‍ക്ക് എന്നായിരുന്നു. 1911 സെപ്റ്റംബറില്‍, തെസ്സലോനിക്കയില്‍ നടന്ന യംഗ് ടര്‍ക്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ തുര്‍ക്കിയിലെ ക്രിസ്ത്യന്‍ വംശജരായ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ഗ്രീക്കുകാരെയും അര്‍മേനിയക്കാരെയും ഉന്മൂലനം ചെയ്യുന്ന വിഷയം പരസ്യമായി ചര്‍ച്ച ചെയ്തു.

ഇവര്‍ څദേശീയ സുരക്ഷچ എന്ന ലേബലില്‍, ഏഷ്യാമൈനറിലെ ഉള്‍പ്രദേശങ്ങളിലെ ഭൂരിഭാഗം ഗ്രീക്ക് ജനതയെയും ‘ലേബര്‍ ബറ്റാലിയനുകള്‍’ എന്ന് പേര് നല്‍കി അവയില്‍ അംഗമാകാന്‍ നിര്‍ബന്ധിച്ചു. ലേബര്‍ ബറ്റാലിയനുകളില്‍ അംഗമാകാതിരുന്നവരെ ഉടനടി വെടിവെച്ചു കൊന്നു. ഈ ബറ്റാലിയനുകളെ ക്വാറികളിലും ഖനികളിലും റോഡ് നിര്‍മ്മാണത്തിലും ക്രൂരവും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങളില്‍ അവരെ അടിമപ്പണിക്ക് നിയോഗിച്ചു. താമസിയാതെ പട്ടിണിയും രോഗവും മൂലം അവരും അവിടെ മരിച്ചു വീണു.

1913- ലെ വസന്തകാലം മുതല്‍, ഏജിയന്‍ പ്രദേശത്തെയും കിഴക്കന്‍ ത്രേസിലെയും ഗ്രീക്കുകാരെ കേന്ദ്രീകരിച്ച്, ഈ പ്രദേശങ്ങളിലെ സാന്നിദ്ധ്യം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മുദ്രകുത്തി ഒട്ടോമന്‍ തുര്‍ക്കികള്‍ കുടിയിറക്കലുകളുടെയുംനിര്‍ബന്ധിത പലായനങ്ങളുടെയും ഒരു പദ്ധതി നടപ്പിലാക്കി. തുര്‍ക്കി സൈനിക യൂണിറ്റുകള്‍ ഗ്രീക്ക് ഗ്രാമവാസികളെ ആക്രമിച്ച് ഗ്രീസിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചു, പകരം മുസ്ലീം അഭയാര്‍ത്ഥികളെ അവിടെ താമസിപ്പിച്ചു. ഗ്രീസുമായി ജനസംഖ്യാ കൈമാറ്റത്തിനുള്ള ചര്‍ച്ചകളില്‍ പ്രവേശിച്ച്, ഓട്ടോമന്‍ ഭരണകൂടം ഒരു څഡബിള്‍-ട്രാക്ക് സംവിധാനംچ സ്വീകരിച്ചു, ക്രിസ്ത്യന്‍ ഗ്രാമങ്ങളെ ശൂന്യമാക്കുന്ന ഈ ഭീഷണിപ്പെടുത്തല്‍ കൊലപാതകങ്ങള്‍ പോലുള്ള നടപടികള്‍ സ്വീകരിക്കുക ഒപ്പം പരസ്യമായി ഇതിന്‍റെ ഉത്തരവാദിത്വം നിഷേധിക്കുക.

വംശഹത്യയുടെ രണ്ടാം ഘട്ടം

അര്‍മേനിയക്കാരുടെ വംശഹത്യയ്ക്ക് ശേഷം മുസ്തഫ കെമാല്‍ അത്താതുര്‍ക്കിന്‍റെ കീഴില്‍ തുര്‍ക്കി ദേശീയവാദികള്‍ പോന്തിക് വംശഹത്യ കൂടുതല്‍ മൃഗീയമാക്കാന്‍ നിശ്ചയിച്ചു. 1919 മെയ് 19- ന്, ജര്‍മ്മന്‍, സോവിയറ്റ് ഉപദേഷ്ടാക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പോന്തിക് ഗ്രീക്ക് വംശഹത്യയുടെ രണ്ടാമത്തെ ഏറ്റവും ക്രൂരമായ ഘട്ടം ആരംഭിക്കാന്‍ അറ്റാതുര്‍ക്ക് സംസൂണ്‍ ഗ്രാമത്തില്‍ എത്തി.

പോന്തിയന്‍ ഗ്രീക്കുകാര്‍ – സ്ത്രീകളും കുട്ടികളും പ്രായമായവരും – 24 മണിക്കൂറിനുള്ളില്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു, അവരുടെ സ്വത്തില്‍ നിന്ന് ഒന്നും കൊണ്ടുപോകാന്‍ അനുവദിക്കാതെ, നിരനിരയായി, സായുധ വാഹനവ്യൂഹത്തിന് കീഴില്‍, മാര്‍ച്ച് ചെയ്തു. ഇവരുടെ ഗ്രാമങ്ങളും ഭവനങ്ങളും കൊള്ളയടിക്കുകയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചുതന്നെ കത്തിക്കുകയും ചെയ്തു . പലായനത്തില്‍ ആളുകളോട് അങ്ങേയറ്റം ക്രൂരതയോടെയാണ് പെരുമാറിയത്: അവര്‍ക്ക് മിക്കവാറും ഭക്ഷണമൊന്നും ലഭിച്ചില്ല, മരുഭൂമിയിലൂടെ, മഴയ്ക്കും മഞ്ഞിനും വെയിലിനും കീഴെ വിശ്രമമില്ലാതെ മണിക്കൂറുകളും ദിവസങ്ങളും മുന്നോട്ട് നീങ്ങാന്‍ നിര്‍ബന്ധിതരായി, അങ്ങനെ അവരില്‍ പലരും, കഷ്ടപ്പാടുകള്‍ സഹിക്കാന്‍ കഴിയാതെ, ക്ഷീണവും രോഗങ്ങളും മൂലം മരിച്ചു. ഓട്ടോമാന്‍ സൈനികര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്തു, നിസ്സാര കാരണത്താല്‍ ആളുകളെ വെടിവെച്ചിട്ടു, ചിലപ്പോള്‍ ഒരു കാരണവുമില്ലാതെയും. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും വഴിയില്‍ മരിച്ചു; എന്നാല്‍ ഈ മരണ മാര്‍ച്ചിനെ അതിജീവിച്ചവര്‍ പോലും മെച്ചപ്പെട്ട അവസ്ഥയിലല്ല തങ്ങളെന്ന് കണ്ടെത്തി – ലക്ഷ്യസ്ഥാനങ്ങള്‍ വെളുത്ത മരണത്തിന്‍റെ (വൈറ്റ് ഡെത്ത്) ക്യാമ്പുകളെന്ന് അറിയപ്പെട്ടു. ഏകദേശം 3,53,000 മനുഷ്യരാണ് ഈ കാലഘട്ടത്തില്‍ കൊലചെയ്യപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

പോന്തിയന്‍ വംശജരുടെ സ്മരണാദിനം ആ മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ദിനമാണ്. ഒപ്പം ചരിത്രത്തിന്‍റെ മരുഭൂമികളില്‍ വിശ്വാസത്തെ പ്രതി കുഴിച്ചുമൂടപ്പെട്ട അനേകം മനുഷ്യാത്മാക്കളുടെ ത്യാഗത്തെയോര്‍ത്ത് അഭിമാനിക്കാനുമുള്ള അവസരവും.

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.