
സാധാരണയായി, വിവാഹദിനം അടുക്കുമ്പോൾ വധൂവരന്മാർ നല്ല തിരക്കിലായിരിക്കും. ക്രമീകരിക്കേണ്ട കാര്യങ്ങളും ക്ഷണിക്കേണ്ട വ്യക്തികളും വാങ്ങിക്കേണ്ട സാധനങ്ങളുമൊക്കെയായി മനസു നിറയെ കണക്കുകൂട്ടലുകളായിരിക്കും. ഒപ്പം ജീവിതത്തിലേക്ക് എന്നേക്കുമായി കടന്നുവരുന്ന പുതിയ വ്യക്തിയും കുടുംബവും അവരോടൊത്തുള്ള ദിനങ്ങളും അവരുടെ ചിന്തകളെ അപഹരിക്കാറുണ്ട്.
യഥാർത്ഥത്തിൽ വിവാഹം എന്നത് വലിയ ഒരു സമർപ്പണമാണ്. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസും ശരീരവുമെല്ലാം പരസ്പരം നൽകുന്ന സമർപ്പണം. ഇതിന് വലിയ ത്യാഗവും സ്നേഹവും വേണം. ഈ വിശുദ്ധമായ കർമ്മത്തിന് ദമ്പതികളെ പ്രചോദിപ്പിക്കുന്ന നിരവധി തിരുവചനങ്ങൾ ബൈബിളിലുണ്ട്. ആത്യന്തികമായി ദൈവം നമ്മോടു കാണിക്കുന്ന വലിയ സ്നേഹത്തിന്റെയും സ്വയം ദാനത്തിന്റെയും സാക്ഷ്യങ്ങളാണ് തിരുവചനങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ആത്മീയമായ ഒരുക്കത്തോടെ വിവാഹം എന്ന കൂദാശ സ്വീകരിക്കാൻ ഏതാനും തിരുവചങ്ങളിതാ…
1. “സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മമപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു. സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്‌ഞാനം തിരോഭവിക്കും” (1 കോറി 13: 4-8).
2. “ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും” (ഉല്‍. 2:18).
3. “എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാമാര്‍ഗ്ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും” (ഹെബ്രാ. 13:4).
4. “അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ് ആദി മുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ” (മത്തായി 19:4-6).
5. “വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്‌കൃഷ്‌ടം” (1 കോറി 13:12-13).
6. “ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ ഭാഗ്യവാന്‍; അത് കര്‍ത്താവിന്റെ അനുഗ്രഹമാണ്” (സുഭാ. 18:22).
7. “സര്‍വ്വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്‌പര സ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്‌ക്കുന്നു” (1 പത്രോസ് 4:8).
സി. നിമിഷ റോസ് CSN