കുട്ടികളുടെ ഇഷ്ടങ്ങളോട് എങ്ങനെ പ്രതികരിക്കാം? മാതാപിതാക്കൾക്ക് ഒരു വഴികാട്ടി

‘എനിക്ക് ആ ചുവന്ന ഉടുപ്പ് മതി’, ‘എനിക്ക് മീൻ വേണം’, ‘എനിക്ക് ജെസിബി വാങ്ങണം’… രണ്ടു മുതൽ ആറു വയസു വരെയുള്ള കുട്ടികളിൽ പിടിവാശികളുടെ ലിസ്റ്റുകൾ അങ്ങനെ നീളുകയാണ്. മിക്കവാറും കുഞ്ഞുകുട്ടികളുള്ള മാതാപിതാക്കൾ അവരുടെ വാശി കൊണ്ട് സഹികെട്ടിരിക്കുന്നവരായിരിക്കും. ഒടുവിൽ കുഞ്ഞല്ലേ, കുട്ടിയല്ലേ എന്നു കരുതി അവരുടെ ഇഷ്ടങ്ങൾ നടത്തക്കൊടുക്കും.

കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ വളർച്ചയുടെ ഭാഗമാണ്. ഏകദേശം മൂന്ന്, നാല് വയസു മുതൽ തന്നെ കുട്ടികൾ വളരെ കൃത്യമായി തങ്ങളുടെ ഇഷ്ടങ്ങൾ പ്രകടിപ്പിച്ചുതുടങ്ങും. ഭക്ഷണം, വസ്ത്രം, കളിപ്പാട്ടങ്ങൾ, കളികൾ തുടങ്ങിയവയിലൊക്കെ എന്ത്, എങ്ങനെ വേണമെന്നും വേണ്ടെന്നും തീരുമാനിക്കാൻ അവർ തുടങ്ങുന്നതും ഈ സമയത്തു തന്നെയാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെ സ്വയം കണ്ടെത്തി, തന്റേതായ ഇടം സൃഷ്ടിക്കുകയും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമമാണ് കുട്ടികൾ അപ്പോൾ നടത്തുന്നത്.

പലപ്പോഴും കുട്ടികളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും യുക്തിരഹിതമാണെന്ന് മാതാപിതാക്കൾ കരുതുന്നു. ഇത് വലിയൊരു ബലപ്രയോഗത്തിലൂടെ മാതാപിതാക്കളുടെ ഇഷ്ടങ്ങൾ മക്കളിലേക്ക് അടിച്ചേൽപ്പിക്കാനും കുട്ടികളുടെ ഇഷ്ടങ്ങളെ മുളയിലേ നുള്ളിക്കളയാനുമുള്ള മനോഭാവത്തിലേക്ക് നയിക്കപ്പെടുന്നു. കുഞ്ഞുകുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ നമുക്ക് തലവേദനയാകുമ്പോൾ നാം എന്ത് ചെയ്യണം?

1. എന്തുകൊണ്ടാണ് കുട്ടി ഒരു കാര്യം ഇഷ്ടപ്പെടുന്നത്/ ഇഷ്ടപ്പെടാത്തത് എന്ന് കൃത്യമായി ചോദിച്ചു മനസിലാക്കുക. കാരണം മനസിലാക്കിയാൽ അവരുടെ ഇഷ്ടം നല്ലതല്ല എങ്കിൽ അതിൽ നിന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയും.

2. കുട്ടികളുടെ നിർദോഷകരമായ ഇഷ്ടാനിഷ്ടങ്ങൾ അതിന്റെ വഴിക്ക് വിടുന്നതായിരിക്കും ഉചിതം.

3. ഭക്ഷണപദാർത്ഥങ്ങളോടുള്ള ഇഷ്ടാനിഷ്ടങ്ങൾ കാരണം പോഷകങ്ങൾ വേണ്ടവിധം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്. കുട്ടിയെ പറഞ്ഞു മനസിലാക്കുകയും പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യുക; അതുപോലെ തന്നെ വസ്ത്രവും. വീട്ടിൽ എന്താണോ ഉള്ളത് അതിൽ നിന്നും തിരഞ്ഞെടുക്കാൻ കുട്ടികളെ പഠിപ്പിക്കാം. ഈ സമയത്ത് വാശി കാണിക്കുമ്പോൾ അതിന് വഴങ്ങിക്കൊടുക്കാതിരിക്കുന്നതാണ് ഉചിതം.

4. കുട്ടികളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മാതാപിതാക്കൾ മനസിലാക്കുന്നുണ്ടെന്നും എന്നാൽ, എല്ലാ സാഹചര്യത്തിലും അവ അംഗീകരിക്കാൻ സാധ്യമല്ലെന്നും ബോധ്യപ്പെടുത്തുക. ഒപ്പം തന്നെ എല്ലാ മനുഷ്യർക്കും അവരുടേതായ ഇഷ്ടാനിഷ്ടങ്ങളുണ്ടെന്നും അവയെയും അംഗീകരിക്കാൻ നാം ബാധ്യസ്ഥരാണെന്നും കുട്ടികളെ മനസിലാക്കിക്കേണ്ടതുണ്ട്.

5. സ്വന്തം ഇഷ്ടക്കേടുകൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ, വിഷമിപ്പിക്കാതെ പറയാനും നമ്മുടെ ഇഷ്ടങ്ങൾ മാറ്റിവയ്‌ക്കേണ്ട ചില സാഹചര്യങ്ങൾ ഉണ്ടാകാമെന്ന് ബോധ്യപ്പെടുത്താനും പരിശീലിപ്പിക്കുക. കുട്ടികളുടെ ചില ഇഷ്ടങ്ങളും അവക്കായി കാണിക്കുന്ന വാശിയും കുട്ടികളെ ബോധ്യപ്പെടുത്താൻ ഉതകുന്ന സാഹചര്യങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയും അത് അവരെ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യാം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.