കൗമാരക്കാരായ കുട്ടികളെ കൈകാര്യം ചെയ്യാൻ അഞ്ച് മാർഗ്ഗങ്ങൾ

കൗമാരക്കാരായ കുട്ടികളെ കൈകാര്യം ചെയ്യാൻ അത്ര എളുപ്പമല്ല. കുട്ടികൾ കൂടുതൽ സ്വാതന്ത്ര്യം കൊതിക്കുന്ന പ്രായമാണത്. മുതിർന്നവർ പറയുന്നതിനെ എതിർക്കാനും സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും മുൻതൂക്കം നൽകാനുമുള്ള പ്രവണത ഈ പ്രായത്തിൽ സാധാരണമാണ്. കൗമാരക്കാരായ കുട്ടികളുമായുള്ള ബന്ധം വഷളാക്കാതെ, അവരെ കൈകാര്യം ചെയ്യാനുള്ള ഏതാനും മാർഗ്ഗങ്ങൾ ഇതാ ചുവടെ ചേർക്കുന്നു.

1. മാതാപിതാക്കളും മക്കളും തമ്മിൽ എന്നും ആശയവിനിമയം നടത്തുക

മാതാപിതാക്കൾ എത്ര തിരക്കാണെലും കൗമാരക്കാരായ കുട്ടികളുമായി സമയം ചിലവിടണം. അവരുടെ ദൈനംദിന വിശേഷങ്ങൾ കേൾക്കാനും, അവരുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കൾ തയ്യാറാവണം. മാതാപിതാക്കൾ തങ്ങൾക്ക് ഒപ്പമുണ്ടെന്ന ചിന്ത കുട്ടികളിൽ വളർത്താൻ ഇത് സഹായകമാണ്. അങ്ങനെ കുട്ടികളുമായി നല്ല ഒരു സൗഹൃദത്തിലേർപ്പെടാൻ മാതാപിതാക്കൾക്ക് സാധിക്കും.

2. കുട്ടികളെ മനസുതുറക്കാൻ അനുവദിക്കുക

സംഭാഷണം എപ്പോഴും തുറവിയുള്ളതായിരിക്കണം. കുട്ടികളുടെ അഭിപ്രായങ്ങളെയും കേൾക്കണം, മാനിക്കണം. രണ്ട് വശങ്ങളിലും നിന്നുമുള്ള സംഭാഷണം കൊണ്ട് മാത്രമേ പ്രയോജനമുണ്ടാകൂ. അല്ലെങ്കിൽ കുട്ടികൾക്ക് അവരെ അടിച്ചമർത്തുന്നതായും അവർക്ക് സ്വാതന്ത്ര്യം നൽകാത്തതായും അനുഭവപ്പെടും. അത് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കും.

3. സ്വന്തം കാര്യങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക

സ്വന്തം കാര്യങ്ങൾ ചെയ്യാൻ അവരെ എപ്പോഴും പ്രോത്സാഹിപ്പിക്കണം. സ്വാതന്ത്ര്യത്തോടെ കാര്യങ്ങൾ ചെയ്യാൻ അവർ ആഗ്രഹിക്കുന്ന സമയമാണ് കൗമാരം. തെറ്റുകൾ കണ്ടാൽ തിരുത്തണം. എന്നാൽ കുറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തുന്നത് അവരുടെ ആത്മവിശ്വാസത്തെ തകർക്കും. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകണമെന്ന് അവരെ പറഞ്ഞ് മനസിലാക്കണം.

4. പോസിറ്റീവ് ആളുകളുമായി ഇടപഴകാൻ അവസരമൊരുക്കുക

കുട്ടികളോട് എപ്പോഴും പോസിറ്റീവ് ആയിട്ട് മാത്രമേ സംസാരിക്കാവൂ. പോസിറ്റീവായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരുമായി കൂടുതലും ഇടപഴകാൻ അവർക്ക് അവസരങ്ങൾ നൽകുക. അത് കുട്ടികളിൽ പോസിറ്റീവ് മനോഭാവം നിറയ്ക്കാനും സന്തോഷത്തോടെയായിരിക്കാനും സഹായിക്കും.

5. മാതാപിതാക്കളായിരിക്കണം കുട്ടികളുടെ മാതൃക

മാതാപിതാക്കൾ എപ്പോഴും കുട്ടികൾക്ക് മാതൃകയായിരിക്കണം. മാതാപിതാക്കൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും കുട്ടികളെ ഏറെ സ്വാധീനിക്കുന്നു. അതിനാൽ, എപ്പോഴും പോസിറ്റീവ് മനോഭാവത്തോടെ ജീവിതത്തെ നേരിടുന്ന മാതാപിതാക്കൾ ആയിരിക്കണം അവരുടെ എക്കാലത്തെയും മാതൃക.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.