ഓശാന ഞായർ: അറിഞ്ഞിരിക്കേണ്ട ഒമ്പത് വസ്തുതകൾ

ഏപ്രിൽ രണ്ടിനാണ് 2023-ലെ ഓശാന ഞായർ ആഘോഷിക്കുന്നത്. യേശുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിക്കുന്ന ഈ തിരുനാളോടെ കത്തോലിക്കാ സഭയിൽ വിശുദ്ധവാരം ആരംഭിക്കും. ഈ അവസരത്തിൽ ഓശാന ഞായറിന്റെ പ്രത്യേകതകളെക്കുറിച്ച് ഓരോ കത്തോലിക്കനും അറിഞ്ഞിരിക്കേണ്ട ഒമ്പത് വസ്തുതകൾ ഇതാ…

1. ഈ ദിവസത്തെ ‘ഓശാന ഞായർ’ (Palm Sunday) അല്ലെങ്കിൽ ‘പാഷൻ സൺഡേ’ എന്നു വിളിക്കുന്നു

യേശുവിന്റെ ജറുസലേമിലേക്കുള്ള വിജയകരമായ പ്രവേശനത്തെ അനുസ്മരിക്കുന്ന സംഭവത്തിൽ നിന്നാണ് ഓശാന ഞായറാഴ്ചയുടെ തുടക്കം. ജനക്കൂട്ടം ഈശോയെ ഈന്തപ്പനയുടെ ഇലകളാൽ സ്വീകരിച്ചു (യോഹ. 12:13). ‘പാഷൻ സൺഡേ’ എന്നും ഈ ദിവസം അറിയപ്പെടുന്നു.

2. വിശുദ്ധ കുർബാനക്കു മുമ്പ് നടത്തുന്ന പ്രദക്ഷിണം

ഓശാന ഞായറാഴ്ച വലിയ ജനപങ്കാളിത്തത്തോടെ വിശുദ്ധ കുർബാനക്കു മുമ്പ് പ്രദക്ഷിണം നടത്താറുണ്ട്. ശനിയാഴ്ചയോ, ഞായറാഴ്ചയോ ഇത് ചെയ്യാം. പുരാതനകാലം മുതൽക്കേ, കർത്താവിന്റെ ജറുസലേമിലേക്കുള്ള പ്രവേശനം ഒരു ഘോഷയാത്രയോടെയാണ് അനുസ്മരിക്കുന്നത്. അന്നത്തെ ഹെബ്രായ കുട്ടികൾ കർത്താവിനെ കാണാൻ പുറപ്പെട്ടപ്പോൾ അവർക്കുണ്ടായ അതേ ആനന്ദത്തോടെ ‘ഹോസാന’ പാടി പ്രദക്ഷിണം നടത്തിവരുന്നു.

3. പ്രദക്ഷിണത്തിൽ ഈന്തപ്പനയോലയോ, മറ്റ് മരച്ചില്ലകളോ ഉപയോഗിക്കാം

ഓശാന ഞായറാഴ്ചയോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തിൽ ഈന്തപ്പനയോല മാത്രമേ ഉപയോഗിക്കാവൂ എന്നില്ല. ഒലിവ്, വില്ലോ, ഫിർ തുടങ്ങിയ മരങ്ങളുടേയോ അല്ലെങ്കിൽ മറ്റ് മരങ്ങളുടേയോ ചില്ലകളോ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്നു. കേരളത്തിൽ കൂടുതലായി തെങ്ങിന്റെ ഇളം ഓലകളാണ്‌ ഉപയോഗിക്കുന്നത്. ഭക്താഭ്യാസം, ആരാധനക്രമം എന്നിവയെക്കുറിച്ചുള്ള ഡയറക്ടറിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “വിശ്വാസികൾ അവരുടെ വീടുകളിലോ, ജോലി സ്ഥലത്തോ ഒക്കെ ആശീർവദിച്ച ഈ ഇലകൾ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു.”

4. ആഘോഷത്തെക്കുറിച്ച് വിശ്വാസികൾക്ക് നിർദ്ദേശം നൽകണം

ഭക്താഭ്യാസത്തെക്കുറിച്ചും ആരാധനക്രമത്തെക്കുറിച്ചുമുള്ള ഡയറക്‌ടറിയിൽ, വിശ്വാസികൾക്ക് ഈ ആഘോഷത്തിന്റെ അർത്ഥത്തെക്കുറിച്ച് നിർദ്ദേശം നൽകണമെന്നും പറയുന്നുണ്ട്. “അതിലൂടെ അവർക്ക് അതിന്റെ അർത്ഥം മനസിക്കാൻ കഴിയും. ഈന്തപ്പനയോ, ഒലിവിന്റെയോ ഇലകൾ നേടുന്നതിൽ മാത്രമല്ല പ്രധാന കാര്യം പ്രദക്ഷിണത്തിലെ പങ്കാളിത്തവും കൂടിയാണ്.”

5. ജറുസലേമിലേക്കുള്ള വിജയകരമായ പ്രവേശനം ‘യേശുവിന്റെ രാജത്വത്തെ’ സൂചിപ്പിക്കുന്നു

പഴയ കാലത്തെ രാജാക്കന്മാർ തങ്ങൾക്ക് സഞ്ചരിക്കാനുള്ള പ്രത്യേക രീതിയും മാർഗ്ഗവും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടായിരുന്നു. ഈശോയും ജറുസലേമിലേക്ക് പ്രവേശിക്കാനായി അതുവരെയും ആരും ഉപയോഗിക്കാത്ത ഒരു മൃഗത്തെ (കഴുതയെ) ഉപയോഗിക്കുന്നത്, ആ രാജകീയ അവകാശത്തിന്റെ സൂചകമാണ് എന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ, “നസ്രത്തിലെ യേശു: ജറുസലേമിലേക്കുള്ള പ്രവേശനം മുതൽ പുനരുത്ഥാനം വരെ” എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

6. ജനക്കൂട്ടം യേശുവിനെ വരാനിരിക്കുന്ന മിശിഹായായി തിരിച്ചറിഞ്ഞു

ജനക്കൂട്ടം തങ്ങളുടെ മേലങ്കികൾ നിലത്തു വയ്ക്കുകയും യേശു അതിന്റെമേൽ നടക്കുകയും ചെയ്യുന്നത് ‘ഇസ്രായേൽ രാജപാരമ്പര്യത്തിൽപെട്ടതാണ്’ (2 രാജാക്കന്മാർ 9:13) എന്നും ബെനഡിക്ട് പതിനാറാമൻ പാപ്പാ തന്റെ പുസ്തകത്തിൽ സൂചിപ്പിക്കുന്നു. അതിനാൽ ജനക്കൂട്ടവും ശിഷ്യന്മാരും ചെയ്യുന്നത് ‘ദാവീദിന്റെ രാജപാരമ്പര്യ’ത്തിനനുസൃതമായ പ്രവർത്തിയാണ്.

7. ‘ഹോസാന’ എന്നത് സന്തോഷത്തിന്റെ ആർപ്പുവിളിയും ഒരു പ്രാർത്ഥനയുമാണ്

യേശുവിനെയും ശിഷ്യന്മാരെയും അനുഗമിക്കുന്ന ആളുകൾ തങ്ങളുടെ വികാരങ്ങൾ ‘ഹോസാന’ വിളികളിലൂടെ പ്രകടിപ്പിക്കുന്നു. ഘോഷയാത്രയുടെ പ്രവേശന നിമിഷത്തിലെ സന്തോഷകരമായ ദൈവസ്തുതി, മിശിഹായുടെ നാഴിക വന്നിരിക്കുന്നു എന്ന ആളുകളുടെ പ്രത്യാശയുടെ പ്രകടനമാണ്.

8. യേശുവിനെ എതിരേറ്റ ജനക്കൂട്ടം അവനെ ക്രൂശിക്കാൻ ആവശ്യപ്പെട്ടവരല്ല

ജറുസലേമിൽ പ്രവേശിച്ചപ്പോൾ യേശുവിനെ എതിരേറ്റ ജനക്കൂട്ടം ജറുസലേം നിവാസികളല്ലെന്നും യേശുവിന്റെ പിന്നാലെ ദേവാലയത്തിൽ പ്രവേശിച്ച തീർത്ഥാടകരുടെ സമൂഹമാണെന്നും മൂന്ന് സമാന്തര സുവിശേഷങ്ങളിലും വി. യോഹന്നാന്റെ സുവിശേഷത്തിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ തന്റെ പുസ്തകത്തിൽ സൂചിപ്പിക്കുന്നു.

മത്തായിയുടെ സുവിശേഷം അത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. “അവൻ ജറുസലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകിവശായി, ആരാണിവൻ എന്നു ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്” (മത്തായി 21:10-11). ഓശാന ദിനം യേശുവിനെ എതിരേറ്റ ജനക്കൂട്ടമല്ല, ദുഃഖവെള്ളിയാഴ്ച അവനെ ക്രൂശിക്കാൻ ആവശ്യപ്പെട്ട ജനക്കൂട്ടം എന്ന് നമ്മൾ മനസിലാക്കണം. രണ്ടും രണ്ടാണ്.

9. ഓശാന ഞായറാഴ്ചയോടെ വലിയ ആഴ്ചയ്ക്ക് ആരംഭം കുറിക്കും

ഈശോയുടെ പീഡാസഹന-മരണ- ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുന്ന വലിയ ആഴ്ചയിലേയ്ക്ക് ക്രൈസ്തവ ലോകം പ്രവേശിക്കുന്നത് ഓശാന ഞായറാഴ്ചയോടെയാണ്. കത്തോലിക്കാ സഭയുടെ ആരാധന ക്രമവത്സരത്തിലെ വളരെ പ്രധാനപ്പെട്ട ദിനങ്ങളാണിത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.