‘ദി ഗ്രേറ്റ്’ എന്നറിയപ്പെടുന്ന ലെയോ നാമധാരിയായ ഏക മാർപാപ്പ

രണ്ടായിരം വർഷത്തെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ, ലെയോ എന്ന പേര് തിരഞ്ഞെടുത്ത നിരവധി മാർപാപ്പമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരാളെ മാത്രമേ ‘മഹാനായ ലെയോ പാപ്പ’ എന്ന് വിളിക്കുന്നുള്ളൂ. ലോകത്തിൽ വളരെ സ്വാധീനമുള്ള വിശുദ്ധർക്കാണ് ഇത്തരം വിശേഷണങ്ങൾ സാധാരണയായി നൽകാറുള്ളത്.

ഉദാഹരണത്തിന്, വിശുദ്ധ ഗ്രിഗറി ഒന്നാമൻ (590-604) തന്റെ ആഴമേറിയ ദൈവശാസ്ത്ര രചനകൾ, ശക്തമായ സഭാ നേതൃത്വം, ഗ്രിഗോറിയൻ ഗാനം പോലുള്ള ആരാധനാക്രമത്തിന് നൽകിയ സംഭാവനകൾ എന്നിവയാൽ ‘ദി ഗ്രേറ്റ്’ (മഹാനായ) എന്നറിയപ്പെടുന്നു.

ദി ഗ്രേറ്റ് എന്നത് പോപ്പോ വത്തിക്കാനോ നൽകുന്ന ഒരു ഔദ്യോഗിക പദവിയല്ല. എങ്കിലും ചിലപ്പോൾ അങ്ങനെയും സംഭവിക്കാം, ഹെൽഫ്റ്റിലെ വിശുദ്ധ ഗെർട്രൂഡിനെ ‘ദി ഗ്രേറ്റ്’ എന്ന് ആദ്യമായി വിളിച്ചത് ബെനഡിക്റ്റ് പതിനാലാമൻ പാപ്പയായിരുന്നു.

വിശുദ്ധ ലെയോ ദി ഗ്രേറ്റ്

‘ദി ഗ്രേറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഒരേയൊരു ലെയോ പാപ്പ, ലെയോ ഒന്നാമനാണ്. അദ്ദേഹം അഞ്ചാം നൂറ്റാണ്ടിലെ (440-461) മാർപാപ്പയായിരുന്നു. പടിഞ്ഞാറൻ റോമൻ സാമ്രാജ്യം കുത്തനെ തകർച്ചയിലും ലോകത്തിലും സഭയിലും വളരെയധികം സംഘർഷങ്ങൾ നിലനിന്നിരുന്ന സമയവുമായിരുന്നു അത്.

“ലെയോയുടെ പ്രധാന ലക്ഷ്യം സഭയുടെ ഐക്യം നിലനിർത്തുക എന്നതായിരുന്നു” എന്ന് കാത്തലിക് എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു. ഇതിനർത്ഥം യൂറോപ്പിലുടനീളം പ്രചാരത്തിലുണ്ടായിരുന്ന വിവിധ മതവിരുദ്ധതകളെ നേരിടുകയും കിഴക്കൻ സഭയുമായി സംഭാഷണം നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു.

ഇത് വിശുദ്ധ ലെയോയുടെ സമാധാനത്തിനായുള്ള ആഗ്രഹത്തെയും തന്റെ കാലഘട്ടത്തിലെ ഏറ്റവും ക്രൂരരായ ചില മനുഷ്യരുമായി ചർച്ച നടത്താനുള്ള കഴിവിനെയും എടുത്തുകാണിക്കുന്നു. അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും വർഷങ്ങളായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പ്രത്യേക പ്രസംഗ ശൈലി എടുത്ത് പറയേണ്ടതാണ്.

ഏറ്റവും കൂടുതൽ കാലം ഭരിച്ച മാർപാപ്പാമാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം പാപ്പയായിരുന്ന കാലഘട്ടം 21 വർഷം നീണ്ടുനിന്നു. 1754-ൽ അദ്ദേഹത്തെ ‘സഭയുടെ വേദപാരംഗതൻ’ എന്ന തലത്തിലേക്ക് ഉയർത്തി. എല്ലാ വർഷവും റോമൻ ക്രമത്തിൽ ഏപ്രിൽ 11-നും പൗരസ്ത്യ സഭകളിൽ ഫെബ്രുവരി 18-നും ആണ് വിശുദ്ധ ലെയോ ദി ഗ്രേറ്റിന്റെ തിരുനാൾ ദിനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.