മാതാ-പിതാ-ഗുരു-ദൈവം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: തൊണ്ണൂറ്റിയെട്ടാം ദിനം, ആഗസ്റ്റ് 12, 2022 

മറ്റു സന്യാസ സഭകളിൽ നിന്ന് ദിവ്യകാരുണ മിഷനറി സഭയെ വ്യത്യസ്തമാക്കുന്നത് സഭാ സ്ഥാപിതമായിരിക്കുന്നത് ഒരു വിശുദ്ധന്റെയോ, വിശുദ്ധയുടെയോ നാമത്തിൽ അല്ല, മറിച്ച് സ്വർഗ്ഗം വിട്ട് ഭൂമിയിൽ ഇറങ്ങി ഭൂമിയിൽ മനുഷ്യമക്കളോടൊപ്പം താമസിക്കുന്ന ദിവ്യകാരുണ്യ നാഥനിലാണ്.

ഒരേ സമയം സ്വർഗ്ഗത്തിലും ഭൂമിയിലും വസിക്കുന്ന ദൈവപുത്രനിലാണ്. അതിനാൽ ദിവ്യകാരുണ്യ മിഷന് സഭയുടെ ബന്ധം നേരിട്ട് സ്വർഗത്തിലേക്കാണ് (Direct to Heaven). എന്നാൽ ഭൂമിയിൽ ദിവ്യകാരുണ്യ മിഷനറി സഭയ്ക്ക് വളരെ പ്രത്യേകതയുണ്ട്. അത് ഒരു കുടുംബമാണ്. പിതാവും മാതാവും ഗുരുവും ദൈവവും അടങ്ങിയ ഒരു കുടുംബം.

സഭയുടെ നിയമാവലിയിൽ ബഹു. ആലക്കളത്തിൽ അച്ചനെ സ്നാപകയോഹന്നാനോടാണ് തുലനം ചെയ്തിരിക്കുന്നത്. സ്നാപകയോഹന്നാന് സുവിശേഷത്തിൽ ഒരു പിതൃമനോഭാവമാണ്. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിക്കുന്ന വെട്ടുക്കിളിയും കാട്ടുതേനും കഴിക്കുന്ന, അനീതിക്കെതിരെ ശബ്ദമുയർത്തുന്ന, കർക്കശനായ പിതാവ്. നിയമാവലിയിൽ ബഹുമാനപ്പെട്ട പറേടത്തിലച്ചനെ ഉപമിക്കുന്നത് മാതൃമനോഭാവമുള്ള യോഹന്നാൻ ശ്ലീഹായോടാണ്. ഈശോയോടൊപ്പം ശാന്തനായി യാത്ര ചെയ്യുന്ന, ഈശോയുടെ മാറിടത്തിൽ ചാരിക്കിടന്ന് സ്നേഹം അനുഭവിച്ചറിഞ്ഞ യോഹന്നാനെപ്പോലെ.

ദിവ്യകാരുണ്യ മിഷനറി സഭയുടെ ഭൂമിയിലെ പ്രത്യേകതയും അതായിരുന്നു ഒരു അപ്പനും അമ്മയും ചേർന്ന് നിർമ്മിച്ച ഭവനം പോലെ. എംസിബിഎസ് സഭയെന്നത് പിതൃമനോഭാവമുള്ള ക്രാന്തദർശിയായ, നിലപാടുകളിൽ കർക്കശക്കാരനായ ആലക്കളത്തിൽ അച്ചൻ എന്ന പിതാവും ശാന്തനും സൗമ്യനും മാതൃഹൃദയം സ്വന്തമാക്കിയ പറേടത്തിലച്ചൻ എന്ന അമ്മയും ചേർന്ന് നിർമ്മിച്ച ഒരു കുടുംബം.

ഈ മാതാപിതാക്കളുടെ മക്കളാണ് ഓരോ ദിവ്യകാരുണ്യ മിഷനറി സഭാംഗവും ഈ മക്കളുടെ സഭയിലെ ദൗത്യം എന്നത് ഈശോയെന്ന ഗുരുവിനെ അൾത്താരയിലും ജീവിതത്തിലും കാട്ടിക്കൊടുക്കാനും അങ്ങനെ ദൈവത്തിൽ എത്തിച്ചേരാൻ ദൈവജനത്തെ ഒരുക്കലുമാണ്. ഗുരുവിനെ അനുകരിക്കുന്ന മക്കളുടെ ലക്ഷ്യം മാതാപിതാക്കളെ മാതൃകയാക്കി ദൈവത്തിൽ എത്താനാണ്. ഈ ജീവിതം ഒരു യാത്രയാണ് മാതാവും പിതാവുമൊത്ത് ഗുരുവിനെ അനുകരിച്ച് ദൈവത്തിലെ എത്താനുള്ള യാത്ര. മാതാ പിതാ ഗുരു ദൈവം.

ബ്ര. മിജോ കൊല്ലന്റെകിഴക്കേതിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.