ഈ പ്രവണത ഒരു പ്രലോഭനമാണ്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: തൊണ്ണൂറ്റിയഞ്ചാം ദിനം, ആഗസ്റ്റ് 09, 2022

വിശുദ്ധനായ സന്യാസി പുണ്യത്തിൽ അഭിവൃദ്ധിപ്പെടുന്നതിനോടൊപ്പം തന്റെ കുറ്റങ്ങളെയും നിർമാർജ്ജനം ചെയ്യുന്നതിനും ശ്രമിക്കണം – ഫാ. ജോസഫ് പറേടം MCBS

സ്വയം വിശുദ്ധീകരിക്കുന്നതിന്റെ, ആത്മം പവിത്രീകരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയാണ് പറേടത്തിലച്ചന്റെ ഈ വാക്കുകൾ. സ്വയം വിശുദ്ധീകരിക്കുക, പിന്നെ മറ്റുള്ളവരെ വിശുദ്ധീകരിക്കുക അതായിരിക്കണം സന്യാസിയുടെ ജീവിതാദർശം. മറ്റുള്ളവർ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നുകണ്ട് നിശ്ചയിക്കുന്ന റഫറൻസ് ഗ്രന്ഥമാകണം ഒരു സന്യാസിയുടെ ജീവിതം. സ്വയം വിശുദ്ധീകരിക്കാൻ തയ്യാറാകുന്ന ജീവിതങ്ങൾക്കേ മറ്റുള്ളവരെ സ്വാധീനിക്കാനും സമൂഹത്തിൽ പരിവർത്തനം കൊണ്ടുവരാനും സാധിക്കൂ.

കുറെയൊക്കെ പുണ്യം അഭ്യസിച്ചു കഴിയുമ്പോൾ ഇതൊക്കെ മതി എന്ന ധാരണയിൽ മറ്റുള്ളവരെ നന്നാക്കാനായി മാത്രം സമയവും കഴിവുകളും ചിലവഴിക്കുമ്പോൾ ബോധപൂർവ്വം സ്വന്തം തെറ്റുകളുടെ നേരെ കണ്ണടക്കാനുള്ള പ്രവണത സന്യാസ ജീവിതത്തിലെ വലിയൊരു പ്രലോഭനമാണ്. എളിമയും സത്യവും നീതിബോധവും സന്യാസിയിൽ ഉണ്ടായെങ്കിലേ സ്വന്തം തെറ്റുകളെ നിർമാർജ്ജനം ചെയ്യാനുള്ള താൽപര്യവും അതുവഴി പുണ്യത്തിൽ അഭിവൃദ്ധിപ്പെടാനുള്ള അദമ്യമായ ആഗ്രഹവും അവനിൽ ഉണ്ടാവൂ.

“നിങ്ങളുടെ വിശുദ്ധീകരണമാണ്‌ ദൈവം അഭിലഷിക്കുന്നത്‌” (1 തെസ 4:3) എന്ന സത്യം നമുക്ക് മറക്കാതെ സൂക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.