വൈദികൻ ഭൂമിയുടെ ഉപ്പാണ്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: തൊണ്ണൂറ്റിയൊന്നാം  ദിനം, ആഗസ്റ്റ് 05, 2022

“ഉപ്പ് കറിക്ക് രുചി നൽകുകയും ചീത്തയാകാതെ സൂക്ഷിക്കുകയും ചെയ്യുന്നതുപോലെ, വൈദികൻ ഭക്തജീവിതത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ദുഷ്ടതയിൽ നിന്ന് അകന്നുജീവിക്കാൻ പ്രേരണ നൽകുകയും ചെയ്യണം. അദ്ദേഹം പുണ്യമുള്ള ഒരാളായിരിക്കണം. അദ്ദേഹം ഒരിക്കലും മോഹപാപത്തിൽ വീണ് തഴക്കം ഉണ്ടായിരിക്കരുത്” – ഫാ. ജോസഫ് പറേടം.

സഭയിലും സമൂഹത്തിലും വൈദികന്റെ ഉത്തരവാദിത്വവും വെല്ലുവിളിയും, ഉപ്പായിത്തീരുക എന്നാണ്. മത്തായിയുടെ സുവിശേഷത്തിൽ ഈശോ പറയുന്നു: “നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറ കെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുകയില്ല” (മത്തായി 5:13). പൗരോഹിത്യ ജീവിതത്തിൽ ഈശോ കല്പിക്കുന്ന ഉപ്പത്വം പുരോഹിതന് നഷ്ടപ്പെട്ടാൽ, അവനെ പുറംലോകം ചവിട്ടിമെതിച്ചാൽ അതിൽ യാതൊരു അതിശയോക്തിയും നമുക്കു കാണാൻ കഴിയില്ല. ഈശോ ആഗ്രഹിക്കുന്ന രുചി ലോകത്തിനു പകരാൻ പുരോഹിതർക്കാവണം. അല്ലാത്തപക്ഷം അവന്റെ ജീവിതത്തിന് സുരക്ഷിതത്വമോ, സംതൃപ്തിയോ ലഭിക്കില്ല.

ദിവ്യകാരുണ്യ സന്നിധിയിലിരുന്നാണ് ബഹു. പറേടത്തിലച്ചൻ ഈശോ വിഭാവനം ചെയ്ത ഉപ്പത്വം സ്വജീവിതത്തിൽ സംഭരിച്ചത് അത് മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും സൗഭാഗ്യവും സമ്മാനിക്കുന്ന നിമിഷങ്ങളായി. നമുക്ക് ഈശോയുടെ പൗരോഹിത്യത്തിന്റെ കുലീനത നഷ്ടപ്പെടുത്താതെ ജീവിക്കാം. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തെ ധന്യമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.