കരുണയുടെ കാവൽമാലാഖമാർ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എഴുപതാം ദിനം, ജൂലൈ 15, 2022

കരുണയുടെ തൂവൽസ്പർശമായി കാലാകാലങ്ങളിൽ പിറവിയെടുക്കുന്ന ജ്ഞാനികൾ ലോകത്തോടു മന്ത്രിക്കുന്നത് സ്നേഹത്തിന്റെ നല്ല വചനങ്ങളാണ്. വിശുദ്ധ കുർബാനയുടെ പ്രവാചകമൂല്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച രണ്ട് ജീവിതമാതൃകകളാണ് നമ്മുടെ സമ്പത്ത് – ആലക്കളത്തിൽ മത്തായി അച്ചനും, പറേടത്തിൽ ജോസഫച്ചനും.

ദൈവത്തിനുള്ള തങ്ങളുടെ ആത്മസമർപ്പണത്തിലൂടെയാണ് സമ്പൂർണ്ണമായ മനുഷ്യവ്യക്തിത്വം രൂപപ്പെടുക എന്ന് അവർ സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. വചനനാനുഭവം കൊണ്ട് ലോകത്തെ നിറക്കുക, ദിവ്യകാരുണ്യ സമൂഹങ്ങൾ രൂപപ്പെടുത്തുക, പ്രേഷിത പ്രവർത്തനങ്ങൾ നടത്തുക എന്നിവയെല്ലാം ഇവരുടെ ജീവിതാഭിലാഷങ്ങളായിരുന്നു. അങ്ങനെ ദിവ്യകാരുണ്യത്തിന്റെ, കരുണയുടെ കാവൽമാലാഖമാരായി അവർ നിലകൊണ്ടു.

ഉത്തമജീവിതം ദിവ്യകാരുണ്യത്തിൽ അധിഷ്ഠിതമായിരിക്കണം എന്ന് അവർ നമ്മളെ പഠിപ്പിച്ചു. ജീവിതത്തിന്റെ സകല പ്രവർത്തികളും സകല ചലനങ്ങളും ബലിയുടെ അരൂപിയിൽ അനുഷ്ഠിക്കപ്പെടുമ്പോൾ കരുണയുടെ കാവൽമാലാഖമാരായി നമ്മൾ മാറും. ദിവ്യകാരുണ്യമെന്നത് കരുണയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സ്വാദ് അനുഭവിക്കാവുന്ന ഇടമാണെന്ന് സഭാപിതാക്കന്മാർ നമ്മെ പഠിപ്പിക്കുന്നു. കരുണയുടെ കാവൽമാലാഖമാരായി അങ്ങനെ ദിവ്യകാരുണ്യത്തിന്റെ സമൂഹം പടുത്തുയർത്താൻ നമുക്കു സാധിക്കട്ടെ.

ബ്ര. റോബിൻ തറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.