പൗരോഹിത്യ ശുശ്രൂഷയുടെ നിറവിലും സന്യാസത്തോട് അദമ്യമായ അഭിനിവേശം ഹൃദയത്തിൽ സൂക്ഷിച്ചവർ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അറുപത്തിയഞ്ചാം ദിനം, ജൂലൈ 10, 2022

ദൈവത്തിനും സഭയ്ക്കും വേണ്ടി ശ്രേഷ്ഠമാം വിധം ആത്മാർപ്പണം ചെയ്യാനുള്ള ഉത്തമമാർഗ്ഗമാണ് സന്യാസം.

ആഗോള സഭയിൽ ദിവ്യകാരുണ്യത്തിൻ്റെ ഉപാസകരും പ്രഘോഷകരുമായിത്തീരാൻ ഒരു ദിവ്യകാരുണ്യ പ്രേഷിത സമൂഹം ഉണ്ടാകണമെന്നത് ദൈവം ആഗ്രഹിച്ചപ്പോൾ ആ ദൈവീക സ്വപ്നത്തിനു നിറം പകരുവാൻ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു സ്നാപക യോഹന്നാൻ്റെ തീക്ഷ്ണതയും താപസ ചൈതന്യവും നിറഞ്ഞ ആലക്കളത്തിൽ മത്തായി അച്ചനും യോഹന്നാൻ ശ്ലീഹായുടെ സ്നേഹ ഭാവങ്ങൾ സ്വന്തമാക്കിയ പറേടത്തിൽ ജോസഫച്ചനും പ്രേഷിതത്വവും സന്യാസവും ദിവ്യകാരുണ്യ മിഷനറി സഭയുടെ അനിവാര്യ ഭാവങ്ങളാണെന്ന് പഠിപ്പിച്ചു തന്ന ആ പുണ്യപിതാക്കന്മാരുടെ ഓർമ്മകൾക്കു മുമ്പിൽ ദിവ്യകാരുണ്യ സന്യാസ പൗരോഹിത്യത്തെക്കുറിച്ച് നടത്തുന്ന ഒരു ലഘു വിചിന്തനമാണ് ഈ കുറിപ്പ്.

ദിവ്യകാരുണ്യമാകാനും ദിവ്യകാരുണ്യമേകാനുമുള്ള വിളിയാണ് പൗരോഹിത്യം. തിരുസഭയ്ക്കും ദൈവത്തിനും ദൈവജനത്തിനും വേണ്ടി ആത്മാർപ്പണം നടത്തുവാനുള്ള ദൈവ നിയോഗത്തിൻ്റെ പ്രത്യുത്തരം കൂടിയാണ് അത്. ഈ പൗരോഹിത്യം ദിവ്യകാരുണ്യത്തിൽ കേന്ദ്രീകൃതമാകുമ്പോൾ അതിൻ്റെ അർത്ഥവും ആഴവും വർദ്ധിക്കുന്നു. ദിവ്യകാരുണ്യ പൗരോഹിത്യ ജീവിതം ആഴത്തിൽ വേരൂന്നി പടർന്നു പന്തലിച്ച് വിശിഷ്ഠമായ ഫലം ചൂടുവാൻ ഏറ്റവും അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണാണ് സന്യാസം.

ദിവ്യകാരുണ്യ സന്യാസം അതിൻ്റെ ആഴങ്ങളിൽ ജീവിക്കാൻ ആരംഭിക്കുമ്പോൾ ദിവ്യകാരുണ്യ പൗരോഹിത്യത്തിന് അർത്ഥപൂർത്തി കൈവരുന്നു. പൗരോഹിത്യത്തിൻ്റെ പ്രഭാവവും സുരക്ഷിതത്വങ്ങളും സന്യാസത്തിൻ്റെ നിറം മങ്ങാൻ ഇടയാക്കുന്ന ഈ കാലഘട്ടത്തിൽ സന്യാസവും പൗരോഹിത്യവും പരസ്പരം ചേരാത്ത ജീവിത ശൈലികളല്ല, മറിച്ച് പരസ്പര പൂരകങ്ങളായ ജീവിത ശൈലികളാണെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന രണ്ട് പുണ്യാത്മാക്കളായിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക പിതാക്കന്മാർ. പൗരോഹിത്യ ശുശ്രൂഷയുടെ നിറവിലും സന്യാസത്തോട് അദമ്യമായ അഭിനിവേശം ഹൃദയത്തിൽ പുലർത്തിയ ആ പുണ്യചരിതരുടെ ജീവിതം നമ്മെ പ്രചോദിപ്പിക്കട്ടെ.

ബ്രദർ ടോണി മങ്ങാട്ടുപൊയ്കയിൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.