കുമ്പസാരം എന്ന കൂദാശയെ ഗൗരവമായി സമീപിക്കാം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപത്തിയാറാം ദിനം, സെപ്റ്റംബർ 29, 2022 

കുമ്പസാരം എന്ന കൂദാശയുടെ അർത്ഥവും വ്യാപ്തിയും ഹൃദയം കൊണ്ട് മനസിലാക്കിയ പുരോഹിതനായിരുന്നു ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചൻ. അനുദിനം അദ്ദേഹം നടത്തിയിരുന്ന പാപസങ്കീർത്തനങ്ങൾ കുമ്പസാരം എന്ന കൂദാശയുടെ മാഹാത്മ്യത്തെ വിളിച്ചോതുന്നതാണ്.

ഏതു കൊച്ചച്ചന്റെ മുമ്പിലും കുമ്പസാരിക്കാനായി അദ്ദേഹത്തിന് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല. ദൈവത്തോടാണ് താൻ പാപങ്ങൾ ഏറ്റുപറയുന്നതെന്ന അവബോധത്തോടെ ഒരുവൻ വിനയപൂർവ്വം തന്റെ തെറ്റുകൾ ഏറ്റുപറയുമ്പോൾ ആ ഏറ്റുപറച്ചിൽ പൂർണ്ണവും ദൈവസ്വീകാര്യവുമാകുന്നു.

കുമ്പസാരവേളയിൽ പലർക്കും സംഭവിക്കുന്ന ഒരു വലിയ തെറ്റിനെ മത്തായി അച്ചൻ ചൂണ്ടിക്കാണിക്കുന്നു. കള്ള കുമ്പസാരം അഥവാ ദൈവദോഷപരമായ കുമ്പസാരം എന്നാണ് അതിനെ വിളിക്കുന്നത്. ദൈവദോഷപരമായ കുമ്പസാരം എന്നാൽ ലജ്ജയോ, ഭയമോ നിമിത്തം ഏതെങ്കിലും ഘനമായ പാപം മറച്ചുവയ്ക്കുകയോ, വൈദികനെ തെറ്റിധരിപ്പിക്കുകയോ ചെയ്യുന്നതാണ്. അത് ഘനമായ ദൈവദോഷവും കുമ്പസാരം അസാധുവാക്കുന്നതുമാണ്. മതിയായ മനസ്താപം കൂടാതെയും പ്രതിജ്ഞ കൂടാതെയുമുള്ള കുമ്പസാരം ദൈവദോഷപരമാണെന്നും അതുവഴി മറച്ചുവച്ച പാപങ്ങൾക്കു മാത്രമല്ല ഏറ്റുപറഞ്ഞവയ്ക്കും മോചനം ലഭിക്കില്ല എന്നും മത്തായി അച്ചൻ പഠിപ്പിക്കുന്നു.

പാപത്തിൽ രണ്ടു കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. ആത്മാവിന്റെ മാലിന്യവും ദൈവദ്രോഹവും. രണ്ടും അനന്തശിക്ഷ അർഹിക്കുന്നവയാണ്. കുമ്പസാരത്തിലൂടെ നിത്യശിക്ഷ ഒഴിവാകുമെങ്കിലും കാലത്തിനടുത്ത ശിക്ഷയും ആത്മാവിലെ മാലിന്യവും തീരുന്നത് കുമ്പസാരിക്കുന്ന വ്യക്തിയുടെ തീവ്രതയനുസരിച്ചായിരിക്കുമെന്നും അച്ചൻ ഓർമ്മിപ്പിക്കുന്നു.

അതിനാൽ കുമ്പസാരം എന്ന ദിവ്യകൂദാശയുടെ ചൈതന്യവും ശക്തിയും വിശുദ്ധീകരണ ശക്തിയും മനസിലാക്കി ദൈവകാരുണ്യത്തിന്റെ കൂടാരത്തെ ഭയഭക്തിയോടും ആദരവോടും കൂടി നമുക്ക് സമീപിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.