ദിവ്യകാരുണ്യ സമൂഹം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപത്തിയഞ്ചാം ദിനം, സെപ്റ്റംബർ 28, 2022

“ദിവ്യകാരുണ്യ സമൂഹം എന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സ്വാദ് എല്ലാവരും അനുഭവിക്കുന്ന സ്ഥലവും മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടി ആയതുകൊണ്ട് എല്ലാവർക്കും മാന്യമായി ജീവിക്കുന്നതിനുള്ള വേദിയുമാണ്” – ദിവ്യകാരുണ്യ സമൂഹത്തെക്കുറിച്ചുള്ള ബഹുമാനപ്പെട്ട പറേടത്തിച്ചന്റെ വാക്കുകളാണ് ഇവ.

ദിവ്യകാരുണ്യ സമൂഹത്തിന്റെ അടിസ്ഥാനം ദിവ്യകാരുണ്യത്തിന്റെ ചൈതന്യം തന്നെയാണ് ഇത്തരം സമൂഹങ്ങളിൽ വിവേചനമോ, പക്ഷപാതമോ ലവലേശമില്ല. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയം എല്ലാവരെയും സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഹൃദയമാണ്. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയത്തിലാണ് യഥാർത്ഥത്തിൽ ദിവ്യകാരുണ്യ സമൂഹം ആരംഭം കുറിക്കുന്നതും വളരുന്നതും ഫലം ചൂടുന്നതും. വേർതിരിവുകളോ, തിരിച്ചുവ്യത്യാസങ്ങളോ ഇല്ലാത്ത സുന്ദരമായ സമൂഹം.

സങ്കീർത്തനം 133-ൽ, നാം ദർശിക്കുന്ന സഹോദരന്മാരുടെ ഐക്യം യഥാർത്ഥത്തിൽ ദിവ്യകാരുണ്യ സന്യാസ സമൂഹങ്ങളുടെ മുൻപകർപ്പായി നാം മനസിലാക്കണം. “സഹോദരര്‍ ഏകമനസായി ഒരുമിച്ചു വസിക്കുന്നത്‌ എത്ര വിശിഷ്‌ടവും സന്തോഷപ്രദവുമാണ്‌! അഹറോന്റെ തലയില്‍ നിന്നു താടിയിലേക്ക്‌ ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലം പോലെയാണ്‌ അത്‌. സീയോന്‍ പര്‍വ്വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരം പോലെയാണത്‌; അവിടെയാണ് കര്‍ത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്‌” (സങ്കീ. 133:1-3). യഥാർത്ഥ ദിവ്യകാരുണ്യ സമൂഹങ്ങളിൽ കർത്താവിന്റെ അനുഗ്രഹവും അനന്തമായ ജീവനും ധാരാളമായി പ്രവഹിക്കും. അത്തരം സമൂഹങ്ങളായി നമ്മുടെ സന്യാസഭവനങ്ങൾ മാറട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.