സകല അമ്മമാരേക്കാളും അധികമായി നമ്മെ സ്നേഹിക്കുന്ന പരിശുദ്ധ അമ്മ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപത്തിരണ്ടാം ദിനം, സെപ്റ്റംബർ 25, 2022

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന് നമ്മളെ തന്നെ പ്രതിഷ്ഠിക്കുന്നതാകുന്നു അവളുടെ നേർക്കുള്ള യഥാർത്ഥ ഭക്തിയുടെ അടയാളം.

നമുക്കുള്ളതെല്ലാം ദൈവമാതാവിന് ഭരമേല്പിക്കുന്നതുകൊണ്ട് ഉണ്ടാവുന്ന ഗുണങ്ങൾ നമുക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്. ഇതിനായി നമ്മെ പ്രേരിപ്പിക്കുന്ന മുഖ്യമായ ന്യായം അവൾക്ക് നമ്മോടുള്ള മാതൃസഹജമായ സ്നേഹമായിരിക്കുന്നു. അവൾ കരുണയുടെ മാതാവും നമ്മുടെ ജീവനും ശരണവും ആനന്ദവും സകലതുമാകുന്നു.

അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹം ഏതെല്ലാം തരത്തിലാണ് പ്രദർശിപ്പിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നതെന്ന് ഏറെക്കുറെ നമുക്ക് അറിയാവുന്നതാണ്. സകല അമ്മമാരുടെയും സ്നേഹം ഒന്നിച്ചുകൂട്ടിയാലും അതിലധികമായി പരിശുദ്ധ അമ്മ നമ്മെ സ്നേഹിക്കുന്നു. അത്ര വിസ്തൃതമായ ഒരു ഹൃദയം ദൈവം മറിയത്തിന് കൊടുത്തിട്ടുണ്ട്. ഔദാര്യത്തിലും സ്നേഹത്തിലും അവളെ അതിലംഘിപ്പാൻ ദൈവം മാത്രമേയുള്ളൂ. അവളുടെ നേർക്കുള്ള ബഹുമാനവും സ്നേഹവും നിമിത്തം നമുക്കുള്ളതെല്ലാം – സ്വാതന്ത്ര്യം ഉൾപ്പെടെ – നാം കൈവിട്ടു കൊടുക്കുന്നുവെന്നു കാണുമ്പോൾ അവൾക്കുള്ളതെല്ലാം അവൾ നമുക്ക് തരാതിരിക്കുമോ?

വി. മോണ്ട്ഫോർട്ട് പറയുന്നതുപോലെ, “മറിയം അവളുടെ സ്നേഹസാഗരമാകുന്ന ഹൃദയത്തിന്റെ ആഴത്തിൽ നമ്മെ മുക്കിക്കളയും, സുകൃതയോഗ്യതകളാൽ നമ്മെ അലങ്കരിക്കും, ശക്തിയാൽ നമ്മളെ താങ്ങും, ജ്ഞാനത്താൽ നമ്മെ പ്രകാശിപ്പിക്കും, സ്നേഹത്താൽ എരിയിക്കും, വിശ്വാസം, വിശുദ്ധി, വിവേകം, എളിമ ആദിയായ പുണ്യങ്ങൾ നമുക്ക് തരും. നമുക്കു വേണ്ടി ഈശോയുടെ സന്നിധിയിൽ ജാമ്യവുമായി അവൾ സ്വയം സമർപ്പിക്കും.”

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ തണലിൽ വീണ്ടും നമുക്ക് അഭയം തേടാം. അതുവഴി നമ്മുടെ ജീവിതത്തെ നമുക്ക് പവിത്രീകരിക്കുകയും അനുഗ്രഹദായകമാക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.