ജപമാല: സ്വർഗ്ഗവുമായി ബന്ധിപ്പിക്കുന്ന ശൃംഖല

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിമുപ്പത്തിയൊമ്പതാം ദിനം, സെപ്റ്റംബർ 22, 2022 

പരിശുദ്ധ ദൈവമാതാവിന്റെ തിരുഹൃദയഭക്തി എന്ന ഗ്രന്ഥത്തിന്റെ ഇരുപത്തിയാറാം അധ്യായത്തിൽ, ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചൻ ജപമാല പ്രാർത്ഥനയുടെ ശ്രേഷ്ഠതയെപ്പറ്റി പ്രതിപാദിക്കുന്നു. വിശുദ്ധ കുർബാനയും യാമപ്രാർത്ഥനയും കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന ജപമാലയാകുന്നു എന്നാണ്.

ഫാത്തിമയിലെ പ്രബോധനം ഉൾക്കൊണ്ടു കൊണ്ടു തന്നെയാണ് അച്ചൻ പ്രസ്തുത അധ്യായത്തിൽ സംസാരിക്കുന്നത്. വിശുദ്ധ കുർബാനയിൽ എന്നതുപോലെ ജപമാലയിലും ഈശോമിശിഹായുടെ മനുഷ്യാവതാര രഹസ്യങ്ങളാണ് അനുസ്മരിക്കപ്പെടുന്നത്. “ഞാൻ ജപമാല നാഥയാകുന്നു” എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ പ്രഖ്യാപനവും “ഞാൻ അമലോത്ഭവയാകുന്നു” എന്ന ലൂർദ്ദിലെ പ്രഖ്യാപനവും ഒന്നിച്ചുപോകുന്നു. രണ്ട് സ്ഥലങ്ങളിലും ജപമാലഭക്തിയെ മറിയത്തിന്റെ വിമലഹൃദയത്തിന് ഇഷ്ടമുള്ള പ്രാർത്ഥനയായി അവതരിപ്പിക്കുന്നു.

ജപമാല പ്രാർത്ഥനയുടെ ശ്രേഷ്ഠതയെപ്പറ്റി പറയാൻ വി. പത്താം പീയൂസിന്റെ വാക്കുകൾ അച്ചൻ കടമെടുക്കുന്നു: “മറ്റെല്ലാ പ്രാർത്ഥനകളിലും വച്ച് ജപമാല ഏറ്റവും സുന്ദരവും കൃപാസമ്പന്നവുമാകുന്നു. ഇത് ദൈവമാതൃഹൃദയത്തെ കൂടുതലായി സ്പർശിക്കുന്നു. നിങ്ങളുടെ കുടുംബങ്ങളിൽ സമാധാനം വാഴണമെങ്കിൽ അവിടെ ദിവസന്തോറും എല്ലാവരും ചേർന്ന് ജപമാല എത്തിക്കുക.” അതോടൊപ്പം പതിനഞ്ചാം ബനഡിക്ട് മാർപാപ്പയുടെ ഉദ്ധരണിയും അച്ചൻ ചേർക്കുന്നു: “ക്രിസ്തീയജനത ദിനന്തോറും ദൈവമാതാവിന്റെ ശിരസ്സിൽ ചൂടുന്ന ജ്ഞാനമുടിയാകുന്നു ജപമാല. നിശ്ചയമായും ഭക്തിയുടെ ഏറ്റവും ഭംഗിയുള്ള കുസുമമാണിത്. സ്വർഗ്ഗീയ കൃപാവരങ്ങൾ ഏറ്റവും സുലഭമായി ലഭിക്കുന്നതിനുള്ള സഫലമായ മാർഗ്ഗവുമാകുന്നു. ഇതുവഴിയായി സമർപ്പിക്കപ്പെടുന്ന സ്തുതിയും ഇത് നൽകുന്ന പാഠവും ലഭിക്കുന്ന അനുഗ്രഹങ്ങളും നേടുന്ന വിജയങ്ങളും നിമിത്തമായി, ഇത് ഏറ്റം പൂർണ്ണമായ പ്രാർത്ഥനയാകുന്നു.”

ജപമാല പ്രാർത്ഥന വഴി വ്യക്തികൾക്കും കുടുംബങ്ങൾക്കും തിരുസഭയ്ക്കും രാജ്യങ്ങൾക്കും എക്കാലത്തും കിട്ടിയിട്ടുള്ള ദൈവാനുഗ്രഹങ്ങളും നടന്നിട്ടുള്ള അത്ഭുതങ്ങളും തെളിയിക്കുന്നത് ജപമാല ഭക്തിയിൽ നാം അനുദിനം വളരണമെന്നാണ്. നമ്മെ സ്വർഗ്ഗവുമായി ബന്ധിക്കുന്ന ശൃംഖലയാണ് ജപമാല പ്രാർത്ഥന വഴി സ്വർഗ്ഗവുമായുള്ള സദൃഢബന്ധത്തിൽ നമുക്ക് വളരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.