മാനസാന്തരവും പ്രായശ്ചിത്തവും കൂടിയേ തീരൂ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിമുപ്പത്തിയെട്ടാം ദിനം, സെപ്റ്റംബർ 21, 2022 

പ്രാർത്ഥന സഫലമാകണമെങ്കിൽ മാനസാന്തരവും പ്രായശ്ചിത്തവും കൂടിയേ തീരൂ. പ്രായിശ്ചിത്തത്തിന്റെ കാതലായ ഭാഗം അടങ്ങിയിരിക്കുന്നത് തെറ്റുകളെ തിരുത്തുന്നതിലത്രെ.

ഫാത്തിമ സന്ദേശങ്ങളിലൂടെ പ്രാർത്ഥനക്കും ജീവിതനവീകരണത്തിനുമുള്ള ആഹ്വാനം പരിശുദ്ധ കന്യകാമറിയം നൽകുന്നുണ്ട്. കഠിനങ്ങളും അസാധാരണങ്ങളുമായ തപചര്യകളാണെന്നു കരുതി നാം അവയെ ഭയപ്പെടേണ്ടതില്ല. ദൈവം അനുവദിക്കുന്ന ക്ലേശങ്ങൾ എന്താണെന്ന് പരിശുദ്ധ മറിയവും മാലാഖയും പറഞ്ഞുതന്നിട്ടുണ്ട്.

ഒരുവന്റെ ഉദ്യോഗത്തിനടുത്ത ജീവിതത്തിൽ ദൈവത്തിന്റെയും സഭയുടെയും കുടുംബത്തിന്റെയും സമസൃഷ്ടികളുടെയും നേർക്കുള്ള ചുമതലകൾ ശരിയായി നിർവ്വഹിക്കുക, മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിൽ ക്ഷമയും സൗമ്യതയും പാലിക്കുക, അവനവനോടു തന്നെ ക്ഷമ അഭ്യസിക്കുക. ഇവയെല്ലാം സാധാരണ പ്രവർത്തികളാണങ്കിലും സ്നേഹത്തോടെ ചെയ്യുമ്പോൾ അവ ശ്രേഷ്ഠതരമായിത്തീരും.

മൂന്നു തരത്തിലുള്ള പ്രായശ്ചിത്തത്തെപ്പറ്റി ഫാത്തിമാ സന്ദേശങ്ങളുടെ ചൈതന്യം ഉൾക്കൊണ്ടു കൊണ്ട് ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു.

പരിഹാരത്തിന്റെ അരൂപയിലും ദൈവസ്നേഹത്തിലും എല്ലാം സഹിക്കുക എന്നതാണ് ഒന്നാമത്തെ പ്രായശ്ചിത്തം. ലോക പരിഹാരാർത്ഥം തങ്ങളെത്തന്നെ ബലിയായി സമർപ്പിക്കുന്നതാണ് രണ്ടാമത്തെ പ്രായശ്ചിത്തം. ഇത് ആദ്യത്തേതിനേക്കാൾ കൂടുതൽ യോഗ്യതയുള്ള പ്രായശ്ചിത്തമാണ്. ദൈവശിക്ഷയെ തടഞ്ഞുനിർത്തുന്ന ഒരു വലിയ കോട്ടയാണ് ഈ രീതിയുള്ള പ്രായശ്ചിത്തം.

മൂന്നാമത്തെ പ്രായശ്ചിത്തം, “എന്റെ ദൈവമേ നിന്നിൽ ഞാൻ വിശ്വസിക്കുന്നു, നിന്നെ ഞാൻ ആരാധിക്കുന്നു, നിന്നിൽ ശരണപ്പെടുന്നു, നിന്നെ സ്നേഹിക്കുന്നു. നിന്നിൽ വിശ്വസിക്കുകയും ശരണപ്പെടുകയും നിന്നെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യാത്തവർക്കു വേണ്ടി ഞാൻ മാപ്പപേക്ഷിക്കുന്നു” – ഈ പ്രാർത്ഥന ജപിക്കുന്നതാണ്.

ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനും വളരെ ഇഷ്ടമായ പ്രായശ്ചിത്ത പ്രവർത്തികളിലൂടെ നമ്മുടെ ജീവിതത്തെ നമുക്ക് സമ്പന്നമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.