പൗരോഹിത്യ ദർശനം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിമൂന്നാം ദിനം, ആഗസ്റ്റ് 17, 2022

പൗരോഹിത്യത്തോടുള്ള സ്നേഹവും ആർജ്ജവത്വവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച പറേടത്തിലച്ചനെ ‘മാലാഖമാരെപ്പോലുള്ള പുരോഹിതൻ’ എന്നാണ് വിശ്വാസികൾ വിശേഷിപ്പിച്ചിരുന്നത്. ലോകത്തോടുള്ള ഈശോയുടെ അനന്ത സ്നേഹം അവസാനം വരെ തുടരുന്നതിനു വേണ്ടിയാണ് അവിടുന്ന് പൗരോഹിത്യം സ്ഥാപിച്ചത്. പാപ മാലിന്യങ്ങളിൽ നിന്ന് ലോകത്തിലുള്ളവരെ കാത്തു രക്ഷിക്കുവാനും വിശുദ്ധിയുടെ പന്ഥാവിൽ അവരെ നയിക്കുവാനും പുരോഹിത സാന്നിധ്യം അനിവാര്യമാണെന്ന് പറേടത്തിലച്ചൻ വിശ്വസിച്ചിരുന്നു.

ദിവ്യകാരുണ്യ മിഷനറി സഭയിലെ അംഗങ്ങളായ വൈദിക വിദ്യാർഥികൾക്ക് അച്ചൻ എഴുതിയ കത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “പുതിയ നിയമത്തിലെ പ്രഥമ പുരോഹിതനായ ക്രിസ്തുനാഥൻ തിരുപ്പട്ടം എന്ന കൂദാശ സ്ഥാപിച്ചത് വൈദികർ വഴി ലോകാവസാനത്തോളം തന്റെ ജീവിതവും പ്രവർത്തനങ്ങളും തുടരുന്നതിനു വേണ്ടിയാണ്. ലോകാവസാനത്തോളം ഞാൻ നിങ്ങളോടു ഒരുമിച്ചു ഉണ്ടായിരിക്കും.
നിങ്ങൾ ലോകത്തിൻറെ പ്രകാശവും ഭൂമിയുടെ ഉപ്പുമാണ്. ഈ തിരുവാക്യങ്ങൾ അനുസരിച്ച് അന്ധകാര നിബിദ്ധമായ രോഗത്തിൽ ജീവിക്കുന്നവർക്ക് തങ്ങളുടെ നിർമ്മല ജീവിതം വഴി പ്രകാശം നൽകുന്നതിന് പാപമാലിന്യത്തിൽ നിന്ന് അവരെ കാത്തു രക്ഷിക്കുന്നതിന് സകല വൈദികർക്കും അപരിത്യാജ്യമായ കടമയുണ്ട്.”

നിത്യപുരോഹിതനായ ഈശോയെയും പൗരോഹിത്യത്തെയും അകമഴിഞ്ഞ സ്നേഹിച്ച പറേടത്തിലച്ചൻ്റെ പൗരോഹിത്യ ദർശനം നമ്മുടെ ജീവിത വഴിത്താരയിൽ ഒളിമങ്ങാത്ത ദീപമായി എന്നും പ്രശോഭിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.