
പകൽ സമയത്തെ തിരക്കേറിയ പ്രവർത്തനങ്ങൾ മൂലം ഒന്ന് വിശ്രമിക്കാനായി രാത്രിയാകാൻ വേണ്ടി കാത്തിരിക്കുന്നവരുണ്ടാകും. എങ്കിലും അസ്വസ്ഥമായ പകലുകൾ പോലെത്തന്നെ സമാധാനപരമല്ലാത്ത രാത്രിയും നമ്മിൽ പലർക്കുമുണ്ടാകാം. ജീവിതത്തിലെ ഭാരങ്ങളും പ്രശ്നങ്ങളുമെല്ലാം നമ്മുടെ ശാന്തമായ ഉറക്കത്തെ സാരമായിത്തന്നെ ബാധിക്കാം. ശാന്തമായ ഉറക്കം വലിയ കൃപയും അനുഗ്രഹവുമാണ്.
നമ്മുടെ ആത്മീയ ജീവിതത്തിൽ നമ്മെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്ന വാക്യങ്ങൾ ബൈബിളിൽ കാണാം. ഈ പ്രത്യേക ഭാഗങ്ങൾ ധ്യാനിച്ച് രാത്രി കിടക്കുന്നതിന് മുമ്പ് നിങ്ങളുടെ ചിന്തകൾ ദൈവത്തിലേക്ക് തിരിക്കുക. അങ്ങനെ ശാന്തമായ ഉറക്കം ഇതിലൂടെ ലഭ്യമാക്കാം. അതിനു സഹായകമായ ബൈബിൾ വാക്യങ്ങളാണ് ചുവടെ ചേർക്കുന്നത്:
- “നീ നിർഭയനായിരിക്കും; നിനക്കു സുഖനിദ്രലഭിക്കുകയും ചെയ്യും” (സുഭാ. 3:24).
- “ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ” (യോഹ. 14:27).
- “എന്തെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്” (2 തിമൊ. 1:7).
- ” തന്റെ പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്കു വേണ്ടതു നൽകുന്നു” (സങ്കീ. 127:2).
- “ഞാൻ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാൽ, കർത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വം നൽകുന്നത്” (സങ്കീ. 4:8).
- “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും” (ഫിലി. 4:6-7).
- “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ” (മത്താ. 11:28).
- “ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാൻ കൽപിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും” (ജോഷ്വ 1:9).
- “ഉത്തമവും പൂർണവുമായ എല്ലാദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു” (യാക്കോ. 1:17).