കണിക്കൊന്ന പൂക്കുന്ന മംഗലപ്പുഴ സെമിനാരിക്ക് ഒരു നവതിപ്രണാമം

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

കേരളത്തില്‍ എവിടെ ചെന്നാലും എനിക്ക് സ്വന്തക്കാരുണ്ട്! ഒരിക്കല്‍ ഇടുക്കിയില്‍ ഒരു സെമിനാറിനു പോകാനിടയായി. ചെന്ന പള്ളിയിലെ വികാരിയച്ചനോട് എന്റെ കൂടെ പഠിച്ച ചിലരുടെ പേരു പറഞ്ഞു. ഉടന്‍ അദ്ദേഹം പറഞ്ഞു: “കൊല്ലംപറമ്പന്‍ തൊട്ടടുത്ത ഇടവകയിലുണ്ട്.” ഉടനെ അങ്ങോട്ടേക്ക് എന്നെ അദ്ദേഹം കാറില്‍ കൊണ്ടുപോയി; അന്ന് അവിടെ താമസിക്കാനും ഇടയായി. എന്റെ സതീര്‍ത്ഥ്യനാകട്ടെ, ഇതില്‍പ്പരം ഒരു സന്തോഷം ഉണ്ടാകാനുമില്ല.

ആലുവ കാര്‍മ്മല്‍ഗിരി-മംഗലപ്പുഴ സെമിനാരികളില്‍ പഠിച്ച 1988-1994 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ അതുല്യമായ ഒരു കാലഘട്ടമാണ്. തത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും വിവിധ മണ്ഡലങ്ങളെ പരിചയപ്പെടാന്‍ കഴിഞ്ഞ മേജര്‍ സെമിനാരി ജീവിതം കേരളസഭയുടെ വൈവിധ്യത്തെയും സൗന്ദര്യത്തെയും നേരിട്ടനുഭവിക്കാന്‍ കൂടിയുള്ള ഭാഗ്യം ഞങ്ങള്‍ക്കു തന്നു. കേരളസഭയിലെ മൂന്നു വ്യത്യസ്ത വ്യക്തിഗത സഭകളില്‍ നിന്നുമുള്ള സെമിനാരിക്കാര്‍ ഒന്നിച്ചു പഠിക്കുകയും പ്രാര്‍ത്ഥിക്കുകയും കളിക്കുകയുമൊക്കെ ചെയ്ത ആ കാലഘട്ടം ഒരിക്കലും മറക്കാവുന്നതല്ല.

1991- ല്‍ മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനത്തിനെത്തിയപ്പോള്‍ കര്‍മ്മലഗിരിയില്‍ കൂടെ പഠിച്ച പലരും ഉണ്ടായിരുന്നില്ല. ഏറെപ്പേര്‍ റീജന്‍സിക്കു പോയിരുന്നു. ഞങ്ങള്‍ മൈനര്‍ സെമനാരിയില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ റീജന്‍സിയുടെ ആവശ്യമില്ലായിരുന്നു. പുതുതായി കുറെ സുഹൃത്തുക്കളെ കിട്ടി. സീറോ-മലങ്കര സഭയുടെ തിരുവനന്തപുരം അതിരൂപതയില്‍ നിന്ന് ആലുവയില്‍ പഠിക്കാന്‍ പുതുതായി വന്ന ഏഴു പേരുണ്ടായിരുന്നു. അതില്‍ കാഴ്ചയില്‍ ഒരു സായിപ്പും ഉണ്ടായിരുന്നു. ‘സായിപ്പേ’ എന്നാണ് ഞങ്ങളെല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. കേട്ടു ശീലിച്ചതുകൊണ്ടാവാം, അദ്ദേഹം എപ്പോഴും അക്ഷോഭ്യനായിരുന്നു.

ഞങ്ങളുടെ ദൈവശാസ്ത്ര പഠനകാലത്ത് കത്തിനിന്നിരുന്ന വിഷയങ്ങളില്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് കയ്‌റോ കോണ്‍ഫറന്‍സും ഗാട്ടു കരാറും ഒക്കെയാണ്. ഈ വിഷയങ്ങളില്‍ ഞങ്ങള്‍ ചര്‍ച്ചയിലും വാഗ്വാദങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഡീക്കന്മാരായിരുന്ന സമയത്ത് കയ്‌റോ കോണ്‍ഫറന്‍സ് മുന്നോട്ടുവയ്ക്കുന്ന ശിശുവിരുദ്ധതയെയും ജീവൽവിരുദ്ധതയെയും കുറിച്ച് വിശ്വാസികളെ പ്രസംഗങ്ങളിലൂടെ ബോധവത്കരിക്കാന്‍ ഒന്നിച്ചു തീരുമാനമെടുത്തതൊക്കെ ഓര്‍മ്മയിലുണ്ട്. ആ വിഷയത്തില്‍ ഞങ്ങളെ കാര്യമായി സഹായിച്ചത് ‘ഇന്‍ഡ്യന്‍ കമ്മ്യൂണിക്കേറ്റര്‍’ എന്ന പത്രമായിരുന്നു. മറ്റൊരു പത്രവും ആ വിഷയം വേണ്ടവിധത്തില്‍ പഠിച്ച് റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ഗ്ലോബലൈസേഷന്റെ മലവെള്ളപ്പാച്ചിലില്‍ പ്രാദേശികമായ ഉല്‍പന്നങ്ങള്‍ക്കും സാംസ്‌കാരിക സവിശേഷതകള്‍ക്കും സനാതനമൂല്യങ്ങള്‍ക്കും കോട്ടം തട്ടുമെന്ന അന്നത്തെ ഞങ്ങളുടെ ആശങ്ക സത്യമായിരുന്നുവെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു.

സെമിനാരി പരിശീലനത്തിന് ഉത്തരവാദിത്തപ്പെട്ട അച്ചന്മാര്‍ ഓരോ ബാച്ചിനും നിയോഗിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നെയ്യാറ്റിൻകര മെത്രാനായിരിക്കുന്ന വിന്‍സെന്റ് സാമുവല്‍ പിതാവും മെല്‍ബണിലെ സീറോ മലബാര്‍ രൂപതാ മെത്രാന്‍ ബോസ്‌കോ പുത്തൂര്‍ പിതാവും ആന്റണി നരികുളം അച്ചനും ഞാറക്കുന്നേലച്ചനുമൊക്കെ ഫാ. പ്രീഫക്ടുമാരില്‍പെടുന്നു. ഫാ. ജോസഫ് മാലിപ്പറമ്പില്‍, മോണ്‍. സേവ്യര്‍ ചുള്ളിക്കല്‍ എന്നീ ആത്മീയപിതാക്കന്മാര്‍ താരപ്രഭയോടെ എന്നും മനസ്സില്‍ ജ്വലിച്ചുനിൽക്കുന്നു. റെക്ടറായിരുന്ന ജോസഫ് എട്ടുരുത്തിലച്ചനും പ്രൊക്കുറേറ്ററായിരുന്ന പാനപ്പിള്ളിയച്ചനും മറ്റ് സ്റ്റാഫംഗങ്ങളും നല്ലൊരു ടീം വര്‍ക്കാണ് കാഴ്ച വച്ചിരുന്നത്.

പെരിയാറിന്റെ തീരത്തെ അതിസുന്ദരമായ മംഗലപ്പുഴ സെമിനാരിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രം ഗോഥിക് ശൈലിയില്‍ പണിയപ്പെട്ടിരിക്കുന്ന ദൈവാലയമാണ്. പടിഞ്ഞാറന്‍ നിര്‍മ്മാണകലയുടെ ചാരുതക്ക് നേര്‍സാക്ഷ്യമായി മംഗലപ്പുഴ സെമിനാരി ദേവാലയം തലയുയര്‍ത്തി നിൽക്കുന്നു. മൂന്നു റീത്തുകളിലുമുള്ള കുര്‍ബാനകള്‍ ശീലിക്കാനും ഇഷ്ടപ്പെടാനും ആ മഹാദേവാലയം എത്രമാത്രം സഹായകമായി. എത്രയെത്ര സുവിശേഷപ്രസംഗങ്ങളും ധ്യാനചിന്തകളും ആ ദേവാലയം ഞങ്ങള്‍ക്കു സമ്മാനിച്ചിട്ടുണ്ട്. സെമിനാരി പരിശീലനത്തിന്റെ അവസാന കാലഘട്ടത്തില്‍ റെക്ടറായിരുന്ന ജോര്‍ജ് ഓലിയപ്പുറം അച്ചന്റെ ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കപ്പുറവും മനസില്‍ ഓടിയെത്താറുണ്ട്. പ്രഘോഷണ നിമിഷങ്ങളില്‍ വചനവിരുന്നിലെ സ്വാദിഷ്ടവിഭവങ്ങളായി മാറാറുണ്ട്.

‘വിരിയുന്ന നവലോകം’ എന്നൊരു ഗ്രന്ഥം ഞങ്ങളുടെ ബാച്ച് രചിച്ചത് ഓര്‍ക്കുന്നു. ബഹുമാനപ്പെട്ട അഗസ്റ്റിന്‍ മുള്ളൂരച്ചന്റെ ക്ലാസ്സുകളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ബൈബിളിലെ ഉപമകള്‍ പഠനവിഷയമാക്കി ഞങ്ങള്‍ എഴുതിയ വിവിധ കുറിപ്പുകള്‍ എഡിറ്റ് ചെയ്ത് എസ്.എച്ച്. ലീഗില്‍ നിന്നു പ്രസിദ്ധീകരിച്ചത് മുള്ളൂരച്ചനാണ്. അതിന്റെ പല എഡിഷനുകള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ഡീക്കന്മാരായിരിക്കുമ്പോള്‍ കുട്ടികള്‍ക്കു വേണ്ടി ഒരു ഓഡിയോ സിഡിയും പ്രകാശനം ചെയ്തതും ഓര്‍മ്മയിലുണ്ട്. ‘ക്വിക് ക്വിക് ടീന്‍സ്’ എന്നായിരുന്നു അതിന്റെ പേര്. സെമിനാരിക്കാര്‍ക്കിടയില്‍ രൂപം കൊണ്ട ഒരു ക്രസ്റ്റീന്‍ ഗ്രൂപ്പിന്റെ ശ്രമഫലമായാണ് അത് പുറത്തിറങ്ങിയത്. ഓലിയപ്പുറം അച്ചന്റെ സാമ്പത്തിക സഹായം അതിനു പിന്നിലുണ്ടയിരുന്നു. അത് ഇപ്പോഴും വീട്ടിയിട്ടില്ലാത്ത ഒരു കടമായി ബാക്കി നിൽക്കുകയാണ്.

കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നല്ല ടീം വര്‍ക്ക് നടന്നിരുന്നു. ‘ഭരതസാഗരം’ എന്ന നാടകം ഒരു സംഭവമായിരുന്നു. കാസറ്റ്‌പ്ലെയറിന്റെ സഹായത്തോടെ പശ്ചാത്തലസംഗീതം സെമിനാരിയില്‍ ആദ്യമായി ഉപയോഗിച്ചത് സംഗീത-നൃത്തപ്രധാനമായ ആ നാടകത്തിനു വേണ്ടിയായിരുന്നു. മംഗലപ്പുഴയിലെ സംഗീതചക്രവര്‍ത്തിയായിരുന്ന ബഹുമാനപ്പെട്ട ജസ്റ്റിന്‍ പനയ്ക്കലച്ചന്‍ ആ സാഹസത്തിന്റെ അപകടത്തെക്കുറിച്ചു പറഞ്ഞ്, അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഗത്യന്തരമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു ഞങ്ങള്‍. അത് വന്‍വിജയമായിത്തീര്‍ന്നത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമായിരുന്നു.

മംഗലപ്പുഴ സെമിനാരിയിലെ കണിക്കൊന്ന വര്‍ഷത്തിലൊരിക്കല്‍ പൂക്കും. പിന്നെ നീണ്ട കാലത്തേക്ക് സുന്ദരമായ കണിയാണ്. ഓരോ വര്‍ഷവും അവിടെ നിന്ന് പൂത്തുലഞ്ഞു പുറത്തിറങ്ങിയ വൈദിക കണിക്കൊന്നകളില്‍ ഞങ്ങളുമുണ്ട്. ഇരുപത്തിയേഴു വര്‍ഷമായി ദൈവവും ദൈവജനവും ഈ കാഴ്ച ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് നവതി ആഘോഷിക്കുന്ന പ്രിയപ്പെട്ട മംഗലപ്പുഴ സെമിനാരിക്കും റെക്ടറായിരിക്കുന്ന എന്റെ പ്രിയ സഹപാഠി സെബാസ്റ്റിൻ പാലമൂട്ടിലച്ചനും സഹപ്രവർത്തകരായ സ്റ്റാഫിനും എന്റെ ശിഷ്യരായ വൈദികാർത്ഥികൾക്കും മുൻകാല സ്റ്റാഫിനും വൈദികാർത്ഥികൾക്കും പ്രാർത്ഥനാശംസകൾ.

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.