ഭവനങ്ങളിലെ ഭക്ഷണവേളകൾ കൂടുതൽ ആനന്ദകരമാക്കാൻ

കുടുംബാംഗങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ശീലമൊക്കെ നമ്മുടെ സമൂഹത്തിന് ഇന്ന് അന്യമാണ്. അതുകൊണ്ടു തന്നെ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിനും വിള്ളലേറ്റിട്ടുണ്ട്. എത്ര തിരക്കാണെങ്കിലും ആഴ്ചയിൽ ഒരിക്കല്ലെങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചുകൂടുന്നത് ഉചിതമാണ്. അവർ തമ്മിലുള്ള ഐക്യവും സഹകരണവും സ്നേഹവും വർദ്ധിക്കാൻ ഇത് കാരണമാകും. കുടുംബത്തിന്റെ ഭക്ഷണസമയം കൂടുതൽ ഫലപ്രദമാക്കാൻ ഏതാനും മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു.

1. ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക

എല്ലാ ദിവസവും എല്ലാ നേരവും കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പ്രായോഗികമല്ല. കാരണം എല്ലാവർക്കും അവരവരുടേതായ തിരക്കുകളുണ്ട്. എന്നാൽ ദിവസം ഒരു നേരമെങ്കിലും, അല്ലെങ്കിൽ ആഴ്ചയിൽ ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ തിരക്കുകളെല്ലാം മാറ്റിവച്ച് തീൻമേശയിൽ ഒരുമിച്ചു വരണം. ഭക്ഷണം ആസ്വദിച്ചുകൊണ്ട് പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കണം. കുടുംബബന്ധങ്ങൾ ശക്തിപ്പെടാൻ ഇത് ആവശ്യമാണ്.

2. മൊബൈൽ ഫോണുകളെ ഭക്ഷണമേശയിൽ നിന്ന് അകറ്റുക

ഭക്ഷണമേശയിൽ കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ടു തന്നെ, നമ്മെ പ്രലോഭിപ്പിക്കാൻ സാധ്യതയുള്ള മൊബൈൽ ഫോണുകൾ, ടാബ്‌ലറ്റുകൾ എന്നിവ ഭക്ഷണമേശയിൽ നിന്ന് അകറ്റുക. മാതാപിതാക്കൾ തന്നെയാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്. കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ മാതൃകയാകേണ്ടതും അവർ തന്നെ.

3. എല്ലാവരും ഇഷ്ടപ്പെടുന്ന സംസാരവിഷയങ്ങൾ തിരഞ്ഞെടുക്കുക

ഭക്ഷണമേശ എല്ലാവരെയും ആകർഷിക്കുന്ന ഒരു സ്ഥലമാകണം. അല്ലാതെ പരസ്പരം വെല്ലുവിളിക്കാനും തർക്കിക്കാനുമുള്ള സ്ഥലമല്ല. എല്ലാവർക്കും സംസാരിക്കാൻ താൽപര്യമുള്ള വിഷയങ്ങൾ വേണം തിരഞ്ഞെടുക്കാൻ. സംഭാഷണത്തിൽ നിന്ന് ആരെയും മാറ്റിനിർത്തരുത്. എല്ലാവരെയും സംസാരിക്കാൻ അനുവദിക്കണം. അങ്ങനെ മാത്രമേ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വളരുകയുള്ളൂ.

4. പരസ്പരം ഭക്ഷണം വിളമ്പുക

പരസ്പരമുള്ള സഹായമനോഭാവം ഒരുവനിൽ മൊട്ടിടുന്നത് കുടുംബത്തിൽ നിന്നാണ്. അതുകൊണ്ട് കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള സമയം ഒരു കാരണവശാലും പാഴാക്കരുത്. ഭക്ഷണം പരസ്പരം വിളമ്പിക്കൊടുക്കാൻ മടിക്കേണ്ടതില്ല. മാത്രമല്ല, എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം പാത്രങ്ങളും ഭക്ഷണമേശയും വൃത്തിയാക്കാനും പങ്കുചേരാം.

5. ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക

ഭക്ഷണത്തിനു മുമ്പും ശേഷവും ദൈവത്തിന് നന്ദി പറയാൻ മറക്കരുത്. എത്ര തിരക്കാണെങ്കിലും പ്രാർത്ഥനയെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തരുത്. ദൈവം നൽകുന്ന ഓരോ അനുഗ്രഹങ്ങൾക്കും നാം അവിടുത്തോട് കൃതജ്ഞതയുള്ളവരായിരിക്കണം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.