
“പരിശുദ്ധ മറിയത്തെ കൂടുതലായി സ്നേഹിക്കാന്‍ ആരും ഭയക്കേണ്ടതില്ല. കാരണം, ഈശോയേക്കാളധികമായി പരിശുദ്ധ മറിയത്തെ സ്നേഹിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല” – വി. മാക്സിമില്യന് കോള്ബൈയുടെ വാക്കുകളാണ് ഇത്. അതുകൊണ്ടു തന്നെ പരിശുദ്ധ മറിയത്തോടുള്ള പ്രത്യേക വണക്കവും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ഓരോ ദിവസവും ആരംഭിക്കുന്നത് ഈശോയ്ക്ക് നമ്മോടുള്ള സ്നേഹം വര്‍ദ്ധിക്കാന്‍ കാരണമായിത്തീരും. അതുവഴി ഈശോ നമ്മെ കൂടുതലായി അനുഗ്രഹിക്കുകയും ചെയ്യും.
ഓരോ ദിവസവും ഉണര്‍ന്നെണീക്കുമ്പോള്‍ മാതാവിന് നമ്മെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. മറിയത്തെ നമ്മുടെ അമ്മയായും രാജ്ഞിയായും സ്വീകരിക്കുക. ഈ ദിവസം നാം ചെയ്യേണ്ട എല്ലാ പ്രവൃത്തികളും മാതാവിന് ഭരമേല്പിക്കുക. നാം അര്‍പ്പിക്കുന്ന ഓരോ നിയോഗങ്ങളും അന്നേ ദിവസം നമുക്കു വേണ്ടുന്ന കൃപകളും മാതാവ് സ്വര്‍ഗ്ഗത്തില്‍ നിന്ന് വാങ്ങിത്തരുകയും ചെയ്യും. ഇതാ, അതിനു വേണ്ടി ഓരോ ദിവസവും പ്രഭാതത്തില്‍ മാതാവിനോട് ചൊല്ലേണ്ട പ്രാര്‍ത്ഥന…
“എന്റെ അമ്മേ, എന്റെ രാജ്ഞീ, ഞാന്‍ എന്നെ പൂര്‍ണ്ണമായും അമ്മക്കു സമര്‍പ്പിക്കുന്നു. അമ്മയോടുള്ള എന്റെ ഭക്തിയുടെ സൂചകമായി ഇന്നേ ദിവസത്തെയും എന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും അമ്മക്കായി സമര്‍പ്പിക്കുന്നു. എന്റെ കണ്ണുകള്‍, എന്റെ കാതുകള്‍, എന്റെ അധരങ്ങള്‍, എന്റെ ഹൃദയം എനിക്കുള്ളതെല്ലാം ഞാന്‍ എന്നെത്തന്നെ മുഴുവനായും അമ്മക്കു സമര്‍പ്പിക്കുന്നു. എന്റെ അമ്മേ, എന്നെ പൊതിഞ്ഞു സംരക്ഷിക്കണമേ. എനിക്കുള്ളവരെയും എനിക്കുള്ളതിനെയും അമ്മ കാത്തുകൊള്ളണമേ.
ഇന്നേ ദിവസം മുഴുവന്‍ ദൈവവിചാരത്തോടെ വ്യാപരിക്കാനും അമ്മയുടെയും തിരുക്കുമാരന്റെയും ഇഷ്ടത്തിന് അനുസൃതമായി ജീവിക്കാനും എന്നെ സഹായിക്കണമേ. ഇന്നേ ദിവസത്തിനു വേണ്ട എല്ലാവിധ അനുഗ്രഹങ്ങളും എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് വാങ്ങിത്തരുകയും ചെയ്യണമേ, ആമ്മേന്‍.”