ഉത്തര കൊറിയയിൽ നിന്നും ഒരു ക്രൈസ്തവ വിശ്വാസിയുടെ ജീവിതകഥ

“എനിക്ക് അവിടെ പേരില്ലായിരുന്നു; ഞാൻ ഒരു സംഖ്യയായി അറിയപ്പെട്ടു. 42 -ാം നമ്പർ തടവുകാരി” – ഉത്തര കൊറിയയിൽ നിന്നും ഒരു ക്രൈസ്തവ വിശ്വാസിയുടെ ജീവിതകഥ.

ലോകത്തുള്ള ക്രൈസ്തവ വിശ്വാസികളിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ നേരിടുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ നിരവധി പേരാണ് ഇവിടെ കൊല്ലപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്നത്. ഒരു ക്രിസ്ത്യാനി ആയതിന്റെ പേരിൽ ജയിലിലേക്കും പിന്നീട് പുനരധിവാസ ക്യാമ്പിലേക്കും അയക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് ചുവടെ പങ്കുവയ്ക്കുന്നത്.

“ഞാൻ ജനിച്ചത് ഉത്തര കൊറിയയിലാണ്. യേശു എന്ന വാക്ക് ഉച്ചരിക്കുന്നതു പോലും മരണത്തെ അർത്ഥമാക്കുന്ന രാജ്യമാണത്” – അവൾ പറഞ്ഞു തുടങ്ങി. “കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ഉത്തര കൊറിയയിലെ കിം ഭരണകൂടം വലിയ ക്രൈസ്തവ പീഡനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്രിസ്തുവിന്റെ അനുയായികൾ അവിടെ രാഷ്ട്രീയ കുറ്റവാളികളായി കൊല്ലപ്പെടാനും തടവിലാക്കപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഞാൻ ചൈനയിലേക്ക് രക്ഷപെട്ടു. അവിടെ സുരക്ഷിതമായ ഒരു വീട് കണ്ടെത്തി. എനിക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഞാൻ കരുതി. അവിടെയുള്ളവർ യേശുവിനെക്കുറിച്ച് എന്നോട് പറഞ്ഞു. ഞാൻ അവനെ സ്വീകരിച്ചു. പക്ഷേ, ഞാൻ അറസ്റ്റ് ചെയ്യപ്പെട്ട് വീണ്ടും ഉത്തര കൊറിയയിലേക്ക് തിരികെയെത്തി. പിന്നീട് ഒരു ലേബർ ക്യാമ്പിലേക്ക് അയക്കപ്പെട്ടു.”

ഏകദേശം അമ്പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിലുള്ള ആളുകളാണ് ഉത്തര കൊറിയയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ജയിലിൽ കഴിയുന്നത്. അതിൽ ഭൂരിഭാഗം ആളുകളും പുറംലോകം കാണാതെ മരണത്തെ പുൽകിവരാണ്.

“എന്നെ അവർ ഏകാന്ത തടവിന് വിധിച്ചു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് സഹതടവുകാരുടെ അടുക്കൽ നിന്ന് അറിഞ്ഞതിനാലാണ് അവർ ഇപ്രകാരം ചെയ്തത്. എല്ലാ ദിവസവും അവർ എന്നോട് ഒരേ ചോദ്യങ്ങൾ തന്നെ ആവർത്തിക്കും, ‘ഞാൻ എന്തിനായിരുന്നു ചൈനയിൽ പോയത്? അവിടെ ആരെയാണ് കണ്ടുമുട്ടിയത്? ഞാൻ ബൈബിൾ വായിച്ചിട്ടുണ്ടോ? ഞാനൊരു ക്രിസ്ത്യാനിയാണോ? എന്നൊക്കെ. എന്നാൽ ‘അതെ, ഞാൻ യേശുവിനെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞാൽ കൊല്ലപ്പെടുമായിരുന്നു. പക്ഷേ, അവർ ഞങ്ങളെ പെട്ടന്ന് കൊല്ലുകയുമില്ല.”

“ഞാൻ ഇവിടെ മരിക്കുമെന്ന് എനിക്കറിയാം. അവർ എന്നെ ഒരു മൃഗത്തെപ്പോലെ ഉപേക്ഷിക്കും. എനിക്കു പകരം മറ്റൊരാൾ അവിടെയെത്തും. അവർ എന്റെ വസ്ത്രം ധരിക്കും. 42 -ാം നമ്പർ തടവുകാരൻ എന്ന് അറിയപ്പെടും. അതുവരെ എനിക്ക് ചെയ്യാൻ കഴിയുന്നത് പ്രാർത്ഥന മാത്രമാണ്. കണ്ണീരോടെ എന്റെ ഹൃദയം ഈ തടവറയിൽ എന്റെ പിതാവിനായി ആഗ്രഹിക്കുന്നു. ‘പിതാവേ, പാപിയായ ഈ മകളെ സ്വീകരിക്കേണമേ. അങ്ങയുടെ കവചത്തിൻ കീഴിൽ എന്നെ സംരക്ഷിക്കേണമേ. എന്നെ അങ്ങയുടെ സമാധാനത്തിന്റെ ചിറകിൻ കീഴിലാക്കേണമേ. എല്ലാ ദിവസവും നിന്റെ അനുഗ്രങ്ങളിലേക്ക് എന്നെ നയിക്കേണമേ’ എന്നു ഞാൻ പ്രാർത്ഥിച്ചു.”

നിഷ്കളങ്കമായ ഈ പ്രാർത്ഥന സ്വർഗ്ഗത്തിൽ എത്തിച്ചേർന്നതിനാലാകാം അത്ഭുതകരമായി 42 -ാം നമ്പർ തടവുകാരി മോചിപ്പിക്കപ്പെട്ടു. അവർ ഇപ്പോൾ ദക്ഷിണ കൊറിയയിൽ താമസിക്കുന്നു.

ഏകദേശം മൂന്നു ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ ക്രൈസ്തവ വിശ്വാസം അതീവ രഹസ്യമാക്കി വച്ചുകൊണ്ട് ഉത്തര കൊറിയയിൽ ജീവിക്കുന്നത്. അടുത്ത തലമുറയോടു പോലും തങ്ങൾ ക്രിസ്ത്യാനികളെന്നു പറയാൻ വർഷങ്ങളോളം കാത്തിരിക്കുന്ന ഒരു ജനതയുടെ നിസ്സഹായാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. ഉത്തര കൊറിയയിലെയും ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസികൾക്കുമായി നമുക്ക് പ്രാർത്ഥിക്കാം.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.