മതന്യൂനപക്ഷങ്ങളുടെ നിലവിളികൾ ഉയരുന്ന പാക്കിസ്ഥാൻ

പാക്കിസ്ഥാനിൽ ഓരോ വർഷവും കുറഞ്ഞത് 1000 പെൺകുട്ടികളാണ് പീഡനത്തിനിരയാകുന്നത്; അതും ക്രൈസ്തവ, ഹിന്ദു പെൺകുട്ടികൾ. ന്യൂനപക്ഷ മതങ്ങൾക്ക് തെല്ലും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി മാറിയിരിക്കുന്നു ഇന്ന് പാക്കിസ്ഥാൻ. അവിടെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് മുതിർന്ന ഇസ്ലാം മതവിശ്വാസികളാണ്. അവർ അവരെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം നിർബന്ധപൂർവ്വം മതപരിവർത്തനം നടത്തുകയും തുടർന്ന് ഇരകളെ വിവാഹം ചെയ്യുകയും ചെയ്യും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനുമുണ്ട്.

പെൺക്കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് മുസ്ലിം കുടുംബസുഹൃത്തുക്കൾ

ക്രൈസ്തവ, ഹിന്ദു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നതും മതപരിവർത്തനം നടത്തുന്നതും തുടർന്ന് വിവാഹം ചെയ്യുന്നതും ഇവരുടെ കുടുംബസുഹൃത്തുക്കൾ തന്നെയാണെന്ന വാർത്ത വേദനാജനകമാണ്. ഇസ്ലാം മതവിശ്വാസിയായ പുരുഷൻ ക്രൈസ്തവ കുടുംബങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കും. ആ കുടുംബത്തോടൊപ്പം സമയം ചിലവിടുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യും. ക്രമേണ കുടുംബത്തിലെ കുട്ടികൾക്ക് ഇടയ്ക്കിടക്ക് സമ്മാനങ്ങൾ നൽകും. അവർ തങ്ങളുടെ കുട്ടികളെ സ്വന്തം കുട്ടികളെപ്പോലെയാണ് കാണുന്നതെന്നാണ് മാതാപിതാക്കൾ വിചാരിക്കുന്നത്. എന്നാൽ അവരുടെ ലക്ഷ്യം മറ്റൊന്നാണ്. പെൺകുട്ടികളെ അവരുടെ മൂന്നാമത്തെയോ, നാലാമത്തെയോ ഭാര്യയായി സ്വീകരിക്കാനാണ് അവർ ഇത്തരം മുന്നൊരുക്കങ്ങൾ നടത്തുന്നത്.

10 മുതൽ 14 വയസു വരെ പ്രായമുള്ള ഏറ്റവും സുന്ദരിയായ പെൺകുട്ടിയെ തന്നെയാണ് അവർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. അതിന് ആദ്യം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കും. പിന്നീട് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റും; ശേഷം അവളെ വിവാഹം കഴിക്കും. ഇതെല്ലം സംഭവിച്ച് രണ്ട് ദിവസം കഴിയുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഒരു കത്ത് ലഭിക്കും. ആ കത്തിലൂടെയാണ് തങ്ങളുടെ മകൾ മതപരിവർത്തനം നടത്തിയെന്നും അവൾ ഇസ്ലാം മതം സ്വീകരിച്ചുവെന്നും രക്ഷിതാക്കൾ അറിയുന്നത്.

പാക്കിസ്ഥാനിൽ നിയമപരമായി 14 വയസു മുതലാണ് പെൺകുട്ടികളുടെ വിവാഹപ്രായം. എന്നാൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന മുസ്ലീങ്ങൾ അതൊന്നും ഗൗനിക്കുന്നില്ല. നിയമസംരക്ഷകർ പോലും ഇതിനു നേരെ കണ്ണടക്കുകയാണ്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ, പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസാണ്. 14 വയസുള്ള ഹുമ യൂനുസ് എന്ന കത്തോലിക്കാ യുവതിയെ ഇത്തരത്തിൽ മതപരിവർത്തനം നടത്തി വിവാഹം ചെയ്തതിനെതിരെ ഇരയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ യാതൊരുവിധ നിയമനടപടികളും കോടതി സ്വീകരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇസ്ലാം മതനിയമം അനുസരിച്ച് പെൺകുട്ടികൾക്ക് ആർത്തവം തുടങ്ങുന്നതു മുതൽ അവർ വിവാഹപ്രായമെത്തിയവരാണ്. അതുകൊണ്ടു തന്നെ ഈ വിവാഹം നിയമപരമാണെന്ന് കോടതി വിധിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

മതനിന്ദാ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നത് ഇസ്ലാം മതവിശ്വാസികൾ അല്ലാത്തവർ മാത്രം

പാക്കിസ്ഥാനിൽ ക്രൈസ്തവരും ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ മതവിശ്വാസികളും മതനിന്ദാ ആരോപണത്തെ തുടർന്ന് പലപ്പോഴും ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. ഇസ്ലാം മതവിശ്വാസികളാണ് കൂട്ടമായി ഇവരെ ആക്രമിക്കുന്നതും. പാക്കിസ്ഥാൻ ശിക്ഷാനിയമപ്രകാരം, മതനിന്ദ നടത്തുന്നവരെ ജീവപര്യന്തം തടവ് മുതൽ വധശിക്ഷക്കു വരെ വിധിക്കാം. എന്നാൽ ഇതുവരെ ആരെയും ഇത്തരത്തിൽ വധ ശിക്ഷക്ക് വിധിച്ചിട്ടില്ല. മുസ്ലീങ്ങൾ ഒഴികെയുള്ളവരുടെ മേലാണ് മതനിന്ദാ ആരോപണമെങ്കിൽ കുറ്റാരോപിതർ ആക്രമിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ആണ് ആ രാജ്യത്ത് പതിവ്. കുറ്റാരോപിതർ ജീവനോടെയുണ്ടെങ്കിൽ അവർ ആജീവനാന്തം ജയിലിലാണ്. ചിലർ ജയിലിൽ ദുരൂഹസാഹചര്യങ്ങളിൽ മരണപ്പെടാറുമുണ്ട്. 2020-ൽ 199 പേരെയും 2021-ൽ 84 പേരെയുമാണ് മതനിന്ദാ ആരോപണങ്ങളെ തുടർന്ന് അറസ്റ്റ് ചെയ്തത്. അവരിൽ ആൺകുട്ടികളും പെൺകുട്ടികളും സ്‌കൂൾ അധ്യാപകരും ഉൾപ്പെടും.

പാക്കിസ്ഥാനിലെ ആസിയ ബീബിയുടെ കേസ് മനുഷ്യാവകാശ പ്രവർത്തകർ പോലും ഏറ്റെടുത്ത ഒന്നായിരുന്നു. മതനിന്ദാ ആരോപണത്തെ തുടർന്ന് ആസിയയെ പാക്കിസ്ഥാൻ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം മൂലം കോടതി അവളെ വെറുതെ വിട്ടു. ആസിയ ബീബിയുടെ കേസ് കഴിഞ്ഞ്, ലോകം തങ്ങളെ ഉറ്റുനോക്കുകയാണെന്നും മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഇടം നൽകിയില്ലെങ്കിൽ സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മനസിലാക്കി. മാത്രമല്ല, ന്യൂനപക്ഷ മതങ്ങൾക്കെതിരായ പീഡനം കാരണം പാക്കിസ്ഥാന് ഇപ്പോൾ യൂറോപ്യൻ യൂണിയനുമായുള്ള ജിഎസ്പി പ്ലസ് പദവി നഷ്ടപ്പെടുമോ എന്ന ഭയവുമുണ്ട്. അതുകൊണ്ട് പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യമുണ്ടെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ കാണിക്കാൻ ആ രാജ്യം ശ്രമിക്കുകയാണ്. എന്നാൽ ന്യൂനപക്ഷ മതങ്ങളുടെ കാര്യത്തിൽ, മതസ്വാതന്ത്ര്യം ചർച്ച ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം.

ഇസ്ലാം മതം ഒരു സംരക്ഷണ കവചം

പെൺകുട്ടികളെ ആക്രമിക്കുന്നവർ പലപ്പോഴും മതം ഒരു ആയുധമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പെൺകുട്ടികൾ നേരിടുന്ന ഇത്തരം ആക്രമണങ്ങൾക്കു കാരണം ഒരിക്കലും മതമല്ല; ആക്രമികൾ രക്ഷപെടാൻ ഉപയോഗിക്കുന്ന മറ മാത്രമാണ് മതം. പലപ്പോഴും മറ്റ് മതസ്ഥരുടെ വളർച്ചയിലുള്ള അതൃപ്തിയും ഇത്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നതിന് കാരണമായിരിക്കാം.

“ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം മതം നിങ്ങളെ അനുവദിക്കുന്നില്ല. മതനിന്ദ ആരോപിക്കാൻ ഇസ്ലാം മതം നിങ്ങളെ പഠിപ്പിക്കുന്നില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ, ഒരു മുസ്ലീം കുറ്റവാളിക്ക് ഈ ഇസ്ലാമിക നിയമങ്ങൾക്കു പിന്നിൽ ഒളിക്കാൻ നിയമപരമായി സാധ്യമാണ്” – റോമിലെ പൊന്തിഫിക്കൽ അർബൻ യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രൊഫസറും പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലക്കൊള്ളുന്ന വ്യക്തിയുമായ ഷഹീദ് മൊബീൻ പറയുന്നു.

പാക്കിസ്ഥാനിൽ ക്രൈസ്തവനായി ജീവിക്കുക വളരെ അപകടമാണ്. ക്രൈസ്തവ പെൺകുട്ടികളെ മാതാപിതാക്കൾ സ്‌കൂളിൽ വിടാൻ പോലും തയ്യാറല്ല. കാരണം മതത്തെച്ചൊല്ലിയുള്ള ആക്രമണം തന്നെ. വീട്ടിലിരുത്തി അവരെ പഠിപ്പിക്കാമെന്നു വച്ചാൽ മാതാപിതാക്കൾക്ക് വിദ്യാഭ്യാസമില്ലാതാനും. പാക്കിസ്ഥാനിലെ സർവ്വകലാശാലകൾ പോലും സ്‌കോളർഷിപ്പുകൾ നൽകുന്നത് ഇസ്ലാം മതവിശ്വാസികൾക്കു മാത്രമാണ്. പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യത്തിനു വേണ്ടി ലോകരാജ്യങ്ങൾ പിടിമുറുക്കുന്നുണ്ട്. എന്നാൽ ഇതുവരെയും നടപടികളൊന്നും തന്നെ പാക്കിസ്ഥാൻ സ്വീകരിച്ചിട്ടില്ല.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.