

ഏറെ നാളുകൾക്കു ശേഷമാണ് ആ വിളി വന്നത്. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു: “അച്ചന്റെ എഴുത്ത് ഇപ്പോഴും തുടരുന്നുണ്ടല്ലേ? വാട്ട്സാപ്പിലൂടെ ലഭിക്കുന്നുണ്ടെങ്കിലും സ്ഥിരമായി വായിക്കാറില്ല. കാരണം മറ്റൊന്നുമല്ല, എല്ലാം ഉപദേശങ്ങളല്ലേ? മറ്റുള്ളവരെ ഉപദേശിക്കാനുള്ള പ്രാപ്തിയുള്ളപ്പോൾ പിന്നെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് ഒട്ടും എളുപ്പമല്ല. ആരും ഉപദേശിക്കുന്നത് എനിക്കിഷ്ടവുമല്ല. അച്ചൻ എഴുത്ത് തുടർന്നോളൂ. ഞാൻ എന്റെ കാര്യം പറഞ്ഞെന്നേയുള്ളൂ.”
ആ വ്യക്തി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പിന്നീട് ഞാൻ ചിന്തിച്ചു. എഴുതുന്നതിൽ കാര്യമില്ലല്ലോ എന്ന വിപരീതചിന്തയും മനസിൽ കയറിക്കൂടി. ദിവ്യകാരുണ്യ സന്നിധിയിലിരുന്നു പ്രാർത്ഥിച്ചപ്പോൾ അതിനുള്ള ഉത്തരം ലഭിച്ചു: “ആരോ ഒരാൾ അങ്ങനെ പറഞ്ഞെന്നു കരുതി ദൈവീകപ്രേരണകളെ അവഗണിക്കരുത്. ഉപദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാകാത്ത രീതിയിൽ ഒരാൾ വളർന്നെങ്കിൽ അയാളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണം. എന്തെന്നാൽ അഹം വർദ്ധിക്കുമ്പോൾ തന്നേക്കാൾ വലിയവർ ആരുമില്ലെന്ന ചിന്ത ആക്രമിക്കും. അപ്പോൾ തിരുത്തലുകളും നിർദ്ദേശങ്ങളും മനസിനെ ഭാരപ്പെടുത്തും. എളിമയിൽ വളരാനുള്ള കൃപക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കുക…”
ദൈവതിരുമുമ്പിൽ എല്ലാവരും പാപികളും ബലഹീനരുമാണ്. പ്രായത്തിൽ എത്ര വളർന്നാലും എളിമയിൽ വളരാൻ കഴിഞ്ഞില്ലെങ്കിൽ കുറവുകളും പോരായ്മകളും മനസിലാക്കാനോ തിരുത്തലുകൾ സ്വീകരിക്കാനോ സാധിക്കില്ല. “മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു” (മത്തായി 4:17) എന്ന ക്രിസ്തുമൊഴികൾ നെഞ്ചേറ്റി ജീവിതനവീകരണത്തിനുള്ള ശ്രമങ്ങൾ തുടരാം.
വഴികളിൽ കാലിടറാനും വാക്കുകളിൽ വീഴ്ച വരുത്താനും സാധ്യതയുള്ള ബലഹീനരാണ് നമ്മൾ എന്ന ചിന്ത നമ്മെ ദൈവത്തോട് നമ്മെ ചേർത്തു നിർത്തട്ടെ. ഒരിക്കലും അഹങ്കരിക്കാതിരിക്കാനുള്ള കൃപയും ലഭിക്കട്ടെ!
ഫാ. ജെൻസൺ ലാസലെറ്റ്