സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇടവക പൊതുയോഗം. പള്ളിപണിക്കു ശേഷമുള്ള ആദ്യത്തെ കൂടിച്ചേരലാണ്. നേതൃത്വം നൽകിയ വികാരിയച്ചനെ നാട്ടുകാർ വാനോളം പുകഴ്ത്തി. “അച്ചനില്ലെങ്കിൽ ഈ പള്ളി ഇവിടെ ഉയരുമായിരുന്നില്ല. അച്ചൻ ഇനിയും ഇവിടെത്തന്നെ തുടരണമെന്നാണ് ഇടവകക്കാരുടെ ആഗ്രഹം.”

ആ വാക്കുകൾക്കൊന്നും അച്ചൻ മറുപടി നൽകിയില്ല. എല്ലാം ദൈവനിയോഗമെന്നു പറഞ്ഞ് എല്ലാവർക്കും നന്ദിയർപ്പിച്ച് യോഗം അവസാനിപ്പിച്ചു.

അന്ന് അത്താഴ സമയത്ത് കൊച്ചച്ചൻ വികാരിയച്ചനോട് പറഞ്ഞു: “ഇടവകക്കാരുടെ കണ്ണിലുണ്ണിയായല്ലോ? അവർ ആഗ്രഹിക്കുന്നതു പോലെ പിതാവിനോട് ആവശ്യപ്പെട്ട് ഒരു വർഷം കൂടെ ഇവിടെ തുടർന്നു കൂടേ?”

പുഞ്ചിരിയോടെ വികാരിയച്ചൻ പറഞ്ഞു: “അച്ചൻ ചെറുപ്പമല്ലേ. കാര്യങ്ങൾ പതിയെ മനസിലാകും. ജനത്തിന്റെ പുകഴ്ത്തലുകൾ താല്‍ക്കാലികമാണ്. ഇന്ന്  പുകഴ്ത്തിയവർ നാളെ ഇകഴ്ത്തും. എനിക്കു പകരം വേറെ ഏതു വൈദികൻ നിർമ്മാണപ്രവർത്തികൾക്ക് നേതൃത്വം നൽകിയാലും അവർ ഇങ്ങനെ തന്നെ പറയൂ. ദൈവം അനുഗ്രഹിച്ചതു കൊണ്ടു മാത്രമാണ് ഈ പണികൾ പൂർത്തീകരിക്കാനായത്. അല്ലാതെ എന്റെ കഴിവോ, മികവോ അല്ല.

ജീവിതത്തിൽ ഇന്നുവരെ ഏതെങ്കിലും ഒരു പള്ളിയിലോ, സ്ഥാപനത്തിലോ കുറച്ചു കാലം കൂടി നീട്ടിത്തരണമെന്ന് മേലധികാരികളോട് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഇനി അത് ഉണ്ടാവുകയുമില്ല. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലതെന്ന് കേട്ടിട്ടില്ലേ?” വികാരിയച്ചന്റെ ബോധ്യങ്ങൾ കൊച്ചച്ചന്റെ ബുദ്ധിയിൽ വെളിച്ചം വീശുന്നതായിരുന്നു.

ആൾക്കൂട്ടത്തിന്റെ ഇരമ്പലുകൾക്കിടയിലും ദൈവസ്വരത്തിനായി കാതോർത്ത ഒരു വ്യക്തിയായിരുന്നു ക്രിസ്തു. അവന്റെ അത്ഭുതപ്രവർത്തികൾ കണ്ട് ധാരാളം പേർ അവനെ ഒന്നു കാണാനും സ്പർശിക്കാനും തിക്കിത്തിരക്കിക്കൊണ്ടിരുന്നു. ജനാവലിയുടെ ആരവം ഏറിയപ്പോൾ ക്രിസ്തു ശിഷ്യരോട് പറഞ്ഞത് ഇങ്ങനെയാണ്: “ആള്ത്തിരക്കില്പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്‌, അവന് ശിഷ്യന്മാരോട്‌ ഒരു വള്ളം ഒരുക്കിനിറുത്താന് ആവശ്യപ്പെട്ടു” (മര്ക്കോ. 3:9).

ആരവങ്ങളുടെ തിരമാലകൾക്കു മുകളിൽ ദൈവത്തെ ലക്ഷ്യമിടുന്ന വള്ളങ്ങൾ ഒരുക്കിയിടാൻ കഴിയുകയെന്നത് കൃപ ലഭിച്ചവർക്കു മാത്രം ലഭിക്കുന്ന സിദ്ധിയാണ്. അവരുടെ തീരുമാനങ്ങളിലും വാക്കുകളിലും നിഴലിക്കുന്നത് ദൈവീകതയായിരിക്കും. ഏതു പ്രതിസന്ധിയിലും ദൈവസ്വരം ശ്രവിക്കാനും തിരിച്ചറിയാനുമുള്ള കൃപയ്ക്കു വേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.