എല്ലാവരും പടിയിറങ്ങിപ്പോകുമ്പോഴും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ബാംഗ്ലൂരിൽ നിന്ന് കട്ടപ്പനക്കുള്ള യാത്രക്കിടയിൽ  ബസിലിരുന്നാണ് ഇത്കുറിക്കുന്നത്.

അത്താഴത്തിനുള്ള ഇടവേളക്കു ശേഷം യാത്രക്കാരെല്ലാം ബസിലേക്ക് തിരികെ കയറുന്നു. ഇതിലൊരാൾ എന്റെ മുഖത്തു നോക്കി ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.

“ജെൻസനച്ചനല്ലേ?” അയാൾ ചോദിച്ചു. ഞാൻ അതെയെന്ന് തലയാട്ടി.

“അച്ചനെന്നെ ഓർക്കുന്നുണ്ടോ?”

ആ ചോദ്യത്തിന് പെട്ടന്ന് ഉത്തരം നൽകാൻ എനിക്കായില്ല.

സംസാരിക്കുന്ന വ്യക്തിക്ക് എന്നെ പരിചയമുണ്ട്. പക്ഷേ എനിക്കത്ര വ്യക്തമല്ല. “ശരിയാ അച്ചനെന്നെ ഓർക്കാൻ സാധ്യതയില്ല. ഞാൻ അനീഷ് കാരുകുന്നേൽ. വീട് എഴുകുംവയൽ. നമ്മൾ ഒരുമിച്ച് ഷട്ടിൽ കളിച്ചിട്ടുണ്ട്. അച്ചന്റെ കൂടെ ഞാൻ കുർബാനക്ക് കൂടിയിട്ടുണ്ട്.”

എഴുകുംവയലുകാരനാണെന്ന് അറിഞ്ഞപ്പോൾ എനിക്കും സന്തോഷമായി. ഞാന്‍ അവനോടു പറഞ്ഞു: “ഞാനും അങ്ങോട്ടേക്കുള്ള യാത്രയിലാണ്. നിന്നെ പെട്ടന്ന് ഓർക്കാൻ കഴിഞ്ഞില്ല. ഒന്നും വിചാരിക്കരുത്.”

എഴുകുംവയൽ പള്ളിയിൽ സഹവികാരിയായി ഞാൻ സേവനമനുഷ്ഠിച്ചിരുന്നു.
വർഷങ്ങൾക്കു ശേഷം അങ്ങോട്ടേക്കുള്ള യാത്രയിൽ അതേ ഇടവകക്കാരനെ കണ്ടപ്പോൾ തിരിച്ചറിയാനായില്ല. എനിക്ക് അല്പം ജാള്യത തോന്നി. അത് മനസിലാക്കിയിട്ടെന്നവണ്ണം അവൻ പറഞ്ഞു: “എന്നെ മനസിലായില്ലെന്നോർത്ത് എനിക്ക് വിഷമമില്ല. പതിനേഴു വർഷങ്ങൾക്കു ശേഷം കാണുമ്പോൾ ആർക്കായാലും പെട്ടന്ന് തിരിച്ചറിയാനാകില്ല. മാത്രമല്ല അന്നത്തെ എന്റെ ശരീരപ്രകൃതിയെല്ലാം എത്രയോ മാറിയിരിക്കുന്നു.”

ബസിലിരുന്ന് ഇത് കുറിക്കുമ്പോൾ മനുഷ്യജീവിതത്തിന്റെ ചില യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ് ഓർമ്മ വരുന്നത്. നമ്മുടെ ഈ ചെറിയ ജീവിതത്തിൽ എത്രയോ വ്യക്തികളെ നാം ദിനവും കണ്ടുമുട്ടുന്നു. എത്രയോ വ്യക്തികളുമായ് ഇടപഴകുന്നു, ഒരുമിച്ച് പഠിക്കുകയും ഒന്നിച്ച് ജോലി ചെയ്യുകയും ചെയ്യുന്നു. ഇതിനിടയിൽ ഒരിക്കലും മറക്കില്ലെന്നു പറഞ്ഞ വ്യക്തികളിൽ പലരും നമ്മുടെ ജീവിതത്തിൽ നിന്നും പണ്ടേ പടിയിറങ്ങിയിട്ടുണ്ടാകും.

നമ്മെ ഓർക്കേണ്ട വ്യക്തികൾ പലരും നമ്മെ മറക്കുമ്പോൾ ഓർക്കില്ലെന്നു കരുതുന്ന പലരും നമ്മെ ഓർത്തുവയ്ക്കുന്നു. ചിലർ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു. മറ്റു ചിലർ നമ്മെ ഓർക്കാൻ ഇഷ്ടപ്പെടുന്നുമില്ല. എന്തൊക്കെയായാലും ജീവിതയാത്ര മുന്നോട്ടു നീങ്ങുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഭൂമിയിലുള്ള ഈ യാത്രയുടെ ദൈർഘ്യം കുറഞ്ഞുവരുന്നു.

ഇഹലോക യാത്രക്ക് അവസാനമുണ്ടെന്നും ഈ യാത്രക്കിടയിൽ ആരെല്ലാം
നമ്മെ മറന്നാലും, ആരെയെല്ലാം നമ്മൾ മറന്നാലും ഒരിക്കലും മറക്കാതെ കൂടെ നടക്കുന്ന ഒരേ ഒരു വ്യക്തി ദൈവം മാത്രമാണെന്ന സത്യം നമ്മൾ തിരിച്ചറിയണം. അതുകൊണ്ടു തന്നെ ക്രിസ്തുവിന്റെ ഈ വാക്കുകൾ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കട്ടെ: “അത്തിമരത്തെയും മറ്റു മരങ്ങളെയും നോക്കുവിന്‍. അവ തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു. അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസിലാക്കിക്കൊള്ളുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതു വരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നുപോവുകയില്ല” (ലൂക്കാ 21:29-33).

അവസാനം വരെ നിലനിൽക്കുന്നത് ദൈവത്തിന്റെ വാക്കുകളാണ്. നമ്മുടെ ഈ യാത്രയുടെ അന്ത്യം അവനിലാണ്. ഈ സത്യം തിരിച്ചറിയുന്നിടത്താണ് വൈരാഗ്യവും പകയും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് നിത്യതയെന്ന പുണ്യത്തെ ലക്ഷ്യമിട്ട് മുന്നോട്ട് പോകാൻ നമുക്ക് സാധിക്കൂ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.