അഗതിമന്ദിരത്തിൽ പുഞ്ചിരിക്കുന്ന ടീച്ചറമ്മ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സുഹൃദ്-വൈദികനോടൊപ്പമാണ് വിശുദ്ധ ബലിയർപ്പിക്കാൻ അഗതിമന്ദിരത്തിലെത്തിയത്. വിശുദ്ധ ബലിക്കു ശേഷം അവിടെയുള്ള അമ്മച്ചിമാരെ പരിചയപ്പെട്ടു. അവരിൽ ഏറ്റവും സന്തോഷവതിയായി കാണപ്പെട്ട ഒരു അമ്മച്ചിയെക്കുറിച്ച് കൂടുതൽ അറിയണമെന്നു തോന്നി.

“അച്ചന് എന്തായാലും ഉപകാരപ്പെടും. ആ അമ്മച്ചിയുടേത് ആരെയും സ്പർശിക്കുന്ന കഥയാണ്.” സിസ്റ്റഴ്സിന്റെ വാക്കുകളുടെ മറപിടിച്ച് ഞാൻ അമ്മച്ചിക്കരികിലെത്തി.

“നല്ല സന്തോഷത്തിലാണല്ലോ?”

“എന്തിന് സന്തോഷിക്കാതിരിക്കണം അച്ചാ? പൂർണ്ണമനസോടെയാണ് ഞാന്‍ ഇവിടെയെത്തിയത്. ഇവിടെ എനിക്ക് യാതൊരു കുറവുമില്ല.” ഇത്രയും പറഞ്ഞ് അവർ തന്റെ അനുഭവം വിവരിച്ചു.

“അച്ചനറിയുമോ, ഞാൻ ഒരു റിട്ടയർഡ് അധ്യാപികയാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് ജീവിതപങ്കാളിയെ ദൈവം വിളിച്ചു. അതിനു ശേഷം വല്ലാത്ത ഒറ്റപ്പെടലായിരുന്നു. മൂന്നു മക്കളുടെ വീട്ടിലും മാറിമാറി നിൽക്കുമ്പോഴും എവിടെയോ ഒരു ശൂന്യത. ഇതിനിടയിലാണ് സ്വത്തിന്റെ പേരിൽ മക്കൾ തമ്മിൽ കലഹമുണ്ടാകുന്നത്. അപ്പനുള്ളപ്പോൾ എല്ലാവർക്കും വീതം കൊടുത്തതാണ്.
എന്നാൽ പിന്നീടുയർന്ന തർക്കം മുഴുവനും എന്റെ പേരിലുള്ള സ്ഥലത്തിനു വേണ്ടിയായിരുന്നു. എന്റെ കാലശേഷം അത് ആർക്ക് ലഭിക്കുമെന്നായിരുന്നു ചർച്ച.
‘അമ്മയെ നോക്കുന്നവർക്ക്’ എന്ന് അവർ തന്നെ പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ എന്റെ മനസ് വല്ലാതെ നൊന്തു. ‘സ്ഥലത്തിനു വേണ്ടിയാണോ എന്റെ മക്കൾ എന്നെ നോക്കുന്നത്’ എന്ന ചിന്ത മനസിനെ വല്ലാതെ വേട്ടയാടി.

ഒരിക്കൽ രണ്ടാമത്തെ മകന്റെ വീട്ടിൽ പള്ളിയിലെ തിരുനാളിന് പോയതായിരുന്നു.
തിരുനാൾ കഴിഞ്ഞ് ഇളയവന്റെ വീട്ടിലേക്ക് യാത്ര തിരിക്കാൻ സമയത്താണ് മരുമകളും മകനും തമ്മിലുള്ള ശണ്ഠ കേട്ടത്.

“നിങ്ങൾ അമ്മയോട് ഇവിടെ നിൽക്കാൻ പറയൂ. ഇനി എത്രനാൾ ജീവിച്ചിരിക്കുമെന്ന് ആർക്കറിയാം. സ്വത്തു മുഴുവനും നിങ്ങളുടെ അനിയൻ കൊണ്ടുപോയി തിന്നും!”

“അമ്മ ഇവിടെ നിന്നാൽ കാര്യങ്ങളെല്ലാം ആരു നോക്കും?”

“അതിനിപ്പോൾ ഒരു വേലക്കാരിയെ വച്ചാലും മതിയല്ലോ?”

കലഹം നടന്നുകൊണ്ടിരിക്കവേ ഞാൻ അവിടെ നിന്നുമിറങ്ങി. പിന്നീടൊരിക്കൽ മൂന്നു മക്കളെയും വിളിച്ചുചേർത്ത് ഞാൻ പറഞ്ഞു: “അമ്മയുടെ പേരിലുള്ള സ്ഥലം വിൽക്കാൻ പോവുകയാണ്.”

“സ്ഥലം അങ്ങനെ വിറ്റാൽ ശരിയാകുമോ? അത് അമ്മയെ നോക്കുന്നവർക്കുള്ളതാണെന്നല്ലേ പറഞ്ഞിട്ടുള്ളത്” – ഇളയ മകന്റെ സ്വരമുയർന്നു.

“മക്കളെല്ലാം എനിക്ക് ഒരു പോലാണ്.”

“അങ്ങനെയെങ്കിൽ ഇത്രയും നാൾ അമ്മയെ നോക്കിയതിന്റെ കണക്കിൽ എനിക്ക് കൂടുതൽ പണം വേണം!” ഇളയവന്റെ വാക്കുകൾ.

“അതെങ്ങനെ ശരിയാകും. ഞങ്ങൾ നോക്കാമെന്നു പറഞ്ഞപ്പോൾ നീ തന്നെയല്ലേ സ്വമേധയാ കൊണ്ടുപോയത്?” രണ്ടാമത്തെ മകന്റെയും സ്വരമുയർന്നു.

മക്കൾ തമ്മിലുള്ള കലഹം മൂത്തപ്പോൾ ഞാന്‍ ഇടപെട്ടു. “എന്റെ പേരിലോ, സ്വത്തിന്റെ പേരിലോ ദയവു ചെയ്ത് കലഹിക്കരുത്. ഞാന്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഈ സ്ഥലം വിറ്റ് മൂന്നു പേർക്കും ഓരോ ഓഹരി നൽകും.
ഒരു ഓഹരി ഞാനുമെടുക്കും. എന്നെ ഞാൻ പറയുന്ന അഗതിമന്ദിരത്തിൽ കൊണ്ടുചെന്നാക്കിയാൽ മതി.”

ആ വാക്കുകൾ കേട്ടപ്പോൾ അല്പസമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

“സ്ഥലം വിൽക്കുകയാണെങ്കിൽ നാട്ടുനടപ്പുള്ള വിലയ്ക്ക് ഞാനെടുത്തോളാം.
എന്റെ ഓഹരി കഴിഞ്ഞ് ബാക്കിയുള്ള പണവും തന്നേക്കാം!” മൂത്തവന്റെ വാക്കുകൾ. ചേട്ടന്റെ വാക്കുകൾ അനുജന്മാർ എതിർത്തില്ല. സ്ഥലം വിൽപനയും പങ്കുവയ്പുമെല്ലാം ഭംഗിയായി കഴിഞ്ഞു. ഇവിടെയെത്തിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. മനസിനിപ്പോൾ വല്ലാത്ത സന്തോഷമുണ്ട്.”

“ഇങ്ങനെയൊരു സ്ഥലത്ത് വന്നുനിൽക്കുന്നത് മക്കൾക്ക് കുറച്ചിലല്ലേ?” ഞാൻ ചോദിച്ചു.

“അത് എനിക്ക് മാത്രം തോന്നിയാൽ പോരല്ലോ. അവർക്ക് കൂടി തോന്നണ്ടേ? അച്ചനറിയുമോ, ഒത്തിരി പിറുപിറുക്കലുകൾ കേട്ട് അവിടെ താമസിക്കുന്നതിലും മനസിന് സന്തോഷം ഇവിടെ താമസിക്കുന്നതാണ്.”

അവിടെ നിന്നും യാത്രയാകുമ്പോൾ മക്കളാണോ, ടീച്ചറമ്മയാണോ ശരി എന്ന ചിന്ത എന്റെ മനസിനെ വേട്ടയാടി. ഇന്നത്തെ വചനം വായിച്ചപ്പോൾ ആ ചിന്ത വീണ്ടും മനസിനെ നൊമ്പരപ്പെടുത്തുന്നു. “സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അത് കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്‌ ആ വയല്‍ വാങ്ങുകയും ചെയ്യുന്നു” (മത്തായി 13:44).

വില കൊടുക്കേണ്ടതിന് വില കൊടുക്കാതെ വില കെട്ടുപോകുന്നതിന് വില കൊടുക്കുന്ന ഈ കാലഘട്ടത്തിൽ ഭൂമിയിൽ സ്വർഗ്ഗം തീർക്കാൻ നമ്മൾ മറന്നുപോകുന്നു. സമ്പത്തിന്റെ പേരിൽ ബന്ധങ്ങൾ അളക്കപ്പെടുമ്പോൾ പലരും നമുക്ക് ഭാരവും ബാധ്യതയുമാകും. അങ്ങനെയുള്ള ഇടങ്ങളിൽ എത്രമാത്രം സൗകര്യങ്ങൾ ഉണ്ടെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകില്ല.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.