വഴിമാറിപ്പോകുന്നീ ഓമനപ്പറവകൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇന്ന് ഞാൻ പങ്കുവയ്ക്കാൻ പോകുന്നത് തങ്ങളുടെ മകനെക്കുറിച്ച് ഒരു അപ്പനും അമ്മയും പങ്കുവച്ച അനുഭവമാണ്.

വീട്ടിൽ നിന്ന് ആദ്യമായി അവൻ മാറിനിൽക്കുന്നത് ദൂരെയുള്ള കോളേജിൽ പഠിക്കാൻ പോകുന്ന വേളയിലാണ്. മകൻ ഹോസ്റ്റലിൽ താമസിക്കുന്നതിനെക്കുറിച്ചും അവന്റെ താമസം, ഭക്ഷണം, മാതാപിതാക്കളെ കാണാതിരിക്കുന്നതിലുള്ള വിഷമം എന്നിവയെല്ലാം അവരുടെ സംസാരവിഷയമായി. പതിവുപോലെ ആ ദിനമെത്തി. അവർ ഇരുവരും തങ്ങളുടെ മകനെ കോളേജ് ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കി. തിരിച്ചുവരുമ്പോൾ അവരുടെ മിഴികൾ നിറഞ്ഞെങ്കിലും അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നില്ല. വീട്ടിൽ നിന്നും മാറിനിൽക്കുന്നതിന്റെ വിഷമവും അവന് ഉണ്ടായിരുന്നില്ല.

ഹോസ്റ്റലിൽ നിന്ന് ഇടയ്ക്കിടെ തങ്ങളുടെ മകൻ വിളിക്കുമെന്നു കരുതിയെങ്കിലും അവർ പ്രതീക്ഷിച്ചതുപോലെയൊന്നും അവൻ വിളിച്ചില്ല. വ്യക്തിപരമായ സംസാരത്തിനിടയിൽ ആ മകന്റെ അമ്മ പറഞ്ഞ വാക്കുകൾ അർത്ഥവത്താണ്: “പണ്ടൊക്കെ വീട്ടിൽ നിന്ന് മാറിനിൽക്കുക ഏറ്റവും വിഷമകരമായ കാര്യമായിരുന്നു. എങ്ങനെയെങ്കിലും വീട്ടിൽ എത്തിയിരുന്നെങ്കിൽ, മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും കണ്ടിരുന്നെങ്കിൽ എന്നെല്ലാം കൂടെക്കൂടെ ചിന്തിക്കുമായിരുന്നു. പഠനാവശ്യത്തിനായി എനിക്കും അന്യസംസ്ഥാനത്ത് പോകേണ്ടതായി വന്നിട്ടുണ്ട്. ആ ദിവസങ്ങളിൽ എത്രയോ തവണ ഒറ്റയ്ക്കിരുന്ന് കരഞ്ഞിരിക്കുന്നു. വീട്ടിൽ നിന്ന് കത്ത് വരുന്നതും ഫോൺ വരുന്നതുമെല്ലാം എത്ര ആശ്വാസപ്രദമായിരുന്നു.

ഇന്ന് കാലം മാറി. വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് മക്കൾക്ക് സന്തോഷമുള്ള കാര്യമാണ്. ഫോൺ കയ്യിലുണ്ടെങ്കിലും മാതാപിതാക്കളെ വിളിച്ച് സംസാരിക്കുന്നതിൽ അവർക്ക് വലിയ ആനന്ദമൊന്നുമില്ല. മക്കൾക്ക് സ്നേഹമുണ്ടെങ്കിലും പണ്ടത്തെപ്പോലെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു…”

പിന്നീട് സംസാരിച്ചത് അപ്പനായിരുന്നു: “എന്റെ ഭാര്യ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ട്. ഇപ്പോൾ വിവാഹം ചെയ്ത് മക്കളെ യാത്രയാക്കുന്ന വേളയിൽ മാതാപിതാക്കളുടെ ഹൃദയം നുറുങ്ങുമ്പോഴും മക്കൾക്ക് സന്തോഷമാണ്. ഒരു നിലയ്ക്ക് അത് നല്ലതാണെങ്കിലും കാലം മാറിയതനുസരിച്ച് സ്നേഹത്തിന്റെ ഊഷ്മളത കുറഞ്ഞില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു…”

ഈ മാതാപിതാക്കളുടെ വാക്കുകൾ ഇന്ന് ഓർക്കാനും കുറിക്കാനും കാരണം ക്രിസ്തു പത്രോസിനോടു ചോദിച്ച ആ ചോദ്യമാണ്: “യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ?” (യോഹ. 21:16).

വ്യക്തിബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാകുമ്പോൾ “നിങ്ങൾക്ക് പണ്ടത്തെപ്പോലെ എന്നോട് സ്നേഹമില്ല, എന്നോട് സംസാരിക്കാനും എന്നെ വിളിക്കാനും സമയമില്ല…” എന്നെല്ലാം നമ്മളും പരിഭവപ്പെടാറില്ലേ? സ്നേഹത്തേക്കാൾ വേഗത്തിൽ തിരിച്ചറിയപ്പെടുന്നത് സ്നേഹക്കുറവാണെന്ന കാര്യം നമ്മൾ മറക്കരുത്. മനുഷ്യനും ദൈവവുമായുമുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും  അവസാനിക്കാതിരിക്കട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.