കുടുംബത്തിൽ പ്രാർഥന ശീലമാക്കാം: അഞ്ച് പ്രായോഗിക വഴികൾ

ഓരോ ദിവസത്തെയും തിരക്കുകൾക്കിടയിൽ പ്രാർഥനയ്ക്കായി സമയം കണ്ടെത്തുക എന്നത് പല കുടുംബങ്ങൾക്കും ഒരു വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ ജീവിതത്തിലെ സാധാരണ നിമിഷങ്ങളെ പ്രാർഥനാനിർഭരമാക്കാൻ ലളിതമായ ചില മാറ്റങ്ങൾ മതിയാകും. അതിനായുള്ള കുറച്ചു നിർദേശങ്ങൾ വായിച്ചറിയാം.

1 . കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മുട്ടുകുത്തി പ്രാർഥിക്കാം

ഇതിൽ ആദ്യത്തേത് പ്രഭാതത്തിൽ തന്നെ ആരംഭിക്കാം. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് നിങ്ങളുടെ പാദരക്ഷകൾ കട്ടിലിനടിയിലേക്ക് അല്പം നീക്കി വെക്കുക. രാവിലെ അവ എടുക്കാനായി കുനിയുമ്പോൾ സ്വാഭാവികമായും നിങ്ങൾ മുട്ടുകുത്തേണ്ടി വരും. ആ നിമിഷം ആ ദിവസം മുഴുവൻ ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ഒരു ചെറിയ പ്രാർഥന ചൊല്ലുന്നത് പ്രാർഥനയോടെ ദിവസം തുടങ്ങാൻ നിങ്ങളെ സഹായിക്കും.

2 . വാഹനത്തിൽ കയറുമ്പോഴെല്ലാം ദൈവവുമായി ആശയവിനിമയം നടത്തുക

യാത്രകൾക്കിടയിലും ദൈവസാന്നിധ്യം അനുഭവിക്കാൻ നമുക്ക് സാധിക്കും. കുടുംബമായി വാഹനത്തിൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതിനോടൊപ്പം തന്നെ ഒരു ചെറിയ പ്രാർഥന കൂടി ചൊല്ലുന്നത് ശീലമാക്കുക. ഇത് യാത്രയിലുടനീളം ദൈവത്തിന്റെ സംരക്ഷണം ഉണ്ടെന്ന ബോധ്യം നൽകും. പൊതുവാഹനങ്ങളിലാണെങ്കിലും ഇത് നമുക്ക് പിന്തുടരാവുന്നതാണ്.

3. അടുക്കളയിൽ ഉണ്ടാകട്ടെ ഒരു പ്രാർഥനാ പാത്രം

വീടിന്റെ ഹൃദയമായ അടുക്കളയിൽ ഒരു ‘പ്രാർഥനാ പാത്രം’ (Prayer Jar) സൂക്ഷിക്കുന്നത് നല്ലതാണ്. ഓരോ കുടുംബാംഗവും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ ഒരു കുറിപ്പായി എഴുതി ഈ പാത്രത്തിൽ ഇടുക. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ഓരോരുത്തരും ഓരോ കുറിപ്പുകൾ എടുത്ത് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി പ്രാർഥിക്കുന്നത് കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരസ്നേഹവും ഐക്യവും വളർത്താൻ സഹായിക്കും.

4. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഒരു പ്രാർഥനയാകാം

ഭക്ഷണസമയങ്ങൾ പ്രാർഥനയ്ക്കുള്ള മികച്ച അവസരങ്ങളാണ്. ഭക്ഷണത്തിനായി ഇരിക്കുമ്പോൾ കൈകൾ കൂപ്പി ആഹാരത്തിന് നന്ദി പറയുക. മനഃപാഠമാക്കിയ പ്രാർഥനകൾക്ക് പുറമെ, സ്വന്തം വാക്കുകളിലുള്ള ചെറിയ പ്രാർഥനകളും പാട്ടുകളും ഈ സമയത്ത് ഉൾപ്പെടുത്താവുന്നതാണ്. ഇത് കുട്ടികളിൽ നന്ദിയുള്ള ഒരു ഹൃദയം വളർത്താൻ ഉപകരിക്കും.

5 . ആളുകളോ സംഭവങ്ങളോ നിങ്ങളെ അസ്വസ്ഥമാക്കുമ്പോൾ പ്രാർഥിക്കുക.

ദൈനംദിന ജീവിതത്തിലെ അസ്വസ്ഥതകളെ പ്രാർഥനയാക്കി മാറ്റുക. ആരെങ്കിലും നിങ്ങളെ ശല്യപ്പെടുത്തുമ്പോഴോ ദേഷ്യം വരുമ്പോഴോ “ദൈവമേ, എന്നെ സഹായിക്കണമേ” എന്ന് മനസ്സിനുള്ളിൽ മന്ത്രിക്കുക. ഇത്തരം ചെറിയ പ്രാർഥനകൾ നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.