

വിഭൂതി തിരുനാളിൽ ചാരം പൂശി വലിയനോമ്പ് ആരംഭിക്കുന്നു. വിഭൂതി എന്ന വാക്കിനർഥം ‘ചാരം’ എന്നാണ്. അതിന്റെ ആന്തരിക അർഥമോ, കത്തിച്ചാൽ മനുഷ്യൻ വെറും ചാരവും കുഴിച്ചിട്ടാൽ മണ്ണും ആകും എന്നാണ്. സഭാപ്രസംഗകൻ പറയുന്നു “ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും. (12:7) നിനെവേ നിവാസികൾ ചാരം പൂശി ചാക്കുടുത്ത് ഉപവസിച്ചു എന്ന് യോനാപ്രവാചകന്റെ പുസ്തകത്തിൽ നാം വായിക്കുന്നു. (3/4)
വിഭൂതി തിരുനാളിലെ മനോഹരമായ ഒരു ചിന്ത ഇപ്രകാരമാണ്: “വിഭൂതി ഇതോരോർമ്മപ്പെടുത്തലാണ്, എല്ലാം ചാരമായ് മാറുമെന്ന്. ഇതോരോരുത്തരുടെയും അനുഭവമാണ് എല്ലാം മണ്ണായ് മാറുമെന്ന്. ഇതൊരു ആരംഭമാണ് എല്ലാം നന്നായി തുടങ്ങണമെന്ന്. നെറ്റിയിലെ കുരിശുവരകൾ – അതിന് നിന്റെ ജീവിതവുമായി ബന്ധമുണ്ട്. ആർക്കും നീയൊരു കുരിശാവരുതെന്നും നിന്റെ ജീവിതകുരിശുകൾ സ്വർഗത്തിലേക്കുള്ള ഗോവണിയാണെന്നും. വരയ്ക്കുന്ന കുരിശിന്റെ മനോഹാരിതയല്ല പ്രധാന്യം, വഹിക്കുന്ന കുരിശിന്റെ ഭാരമാണ് നിന്റെ ജീവിതത്തിന് കൃപയുടെ വേരോട്ടമാകുന്നത്.”
ഈ പുണ്യദിനത്തിലെ ചാരം പൂശൽ നമ്മെ എളിമപ്പെടുത്താനും ത്യാഗം ചെയ്യാനും പ്രചോദിപ്പിക്കുന്നു. മനസ്സിലും ഹൃദയത്തിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കഴുകി കളഞ്ഞ് ദൈവവും സഹോദരങ്ങളുമായി രമ്യതയിൽ ആകാൻ ഈ നോമ്പുകാലം നമുക്ക് ഇടയാകട്ടെ.
സി. റെറ്റി ജോസ് FCC