വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: നാല്പത്തിയാറാം ദിനം

ജിന്‍സി സന്തോഷ്‌

മറിയം മൂന്നാം വയസു മുതൽ വിവാഹപ്രായമെത്തും വരെ ജെറുസലേം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു ജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു. അനാഥത്വത്തിന്റെ  വേലിയേറ്റങ്ങൾ നിറഞ്ഞ ബാല്യം, അനാഥയുടേതു പോലെയുള്ള വിവാഹം, ശാരീരികശുദ്ധിയിൽ സംശയിച്ച് ഭർത്താവിനാൽ രഹസ്യമായി ഉപേക്ഷിക്കപ്പെടുന്ന അഗ്നിപരീക്ഷ, നിറവയറോടെയുള്ള ബേത്‌ലഹേം യാത്ര, അവിടെ സ്വന്തബന്ധുക്കളാൽ പോലും തിരസ്ക്കരിക്കപ്പെട്ട രാത്രി, കാലിത്തൊഴുത്തിന്റെ ദാരിദ്ര്യത്തിൽ ഒരു വയറ്റാട്ടിയുടെ പോലും സഹായം ലഭിക്കാതെ കടിഞ്ഞൂൽ പ്രസവം, ഏകമകനെ നാല്പതാം നാൾ ദൈവത്തിനു സമർപ്പിച്ചപ്പോൾ കിട്ടിയ വാഗ്ദാനം, തന്റെ ഹൃദയത്തിലൂടെ കടക്കാനിരിക്കുന്ന വ്യാകുലവാളിനെക്കുറിച്ച് പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ കൈക്കുഞ്ഞുമായി ഈജിപ്തിലേക്കുള്ള ഒളിച്ചോട്ടവും അവിടെ പ്രവാസജീവിതവും. പന്ത്രണ്ടാം വയസിൽ മകനെ കാണാതായതിന്റെ വിവരിക്കാനാകാത്ത വേദന, അകാലത്തിൽ ഭർത്താവിന്റെ മരണം; വൈധവ്യം, ഏകമകന്റെ മുപ്പത്തിമൂന്നാം വയസ്സിലെ പീഡാനുഭവങ്ങളും കുരിശുമരണവും.

ബാല്യം മുതലേ തുടങ്ങുന്ന വ്യാകുലങ്ങൾ അവളുടെ ജീവിതാവസാനം വരെ
ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അവൾക്ക് ലഭിച്ച ജീവിതം വലിച്ചെറിയാനോ, തല്ലിത്തകർക്കാനാ ഒരിക്കൽ പോലും അവൾ മുതിർന്നില്ല. സർവ്വംസഹയായ  ഭൂമിയെപ്പോലെ, എല്ലാം ഏറ്റെടുക്കാൻ തയ്യാറായിനിൽക്കുന്ന കുഞ്ഞാടിനെപ്പോലെ അവൾ സഹനങ്ങളിൽ നിന്നും ഒളിച്ചോടാതെ നിലകൊണ്ടു.

സ്നേഹത്തെയും സഹനത്തെയും സംബന്ധിച്ച ആദ്യ പാഠപുസ്തകം അമ്മയാണ്. കാൽവരിയിലെ കുരിശുമരണത്തോളം കൂട്ടു വരുന്നുണ്ട് ആ അമ്മ. മക്കളുടെ ഒടുക്കത്തെ മിടുപ്പു വരെ കൂടെയുള്ളവൾ. അതെ, പാതിവഴിയിൽ  വിട്ടുപേക്ഷിക്കാത്ത ആ മനസിന്റെ പേരാണ് ‘അമ്മ മനസ്സ്.’ ജീവിക്കാനുള്ള സാധ്യതകൾ ഇനിയും തീർന്നുപോയിട്ടില്ല എന്നുതന്നെയാണ് അമ്മമറിയത്തിന്റെ എക്കാലത്തെയും വാദം. സഹനവേളകളിൽ നിന്ന് ഒളിച്ചോടുന്നവരെല്ലാം ജീവിതത്തെ നേരിടാൻ ഭയക്കുന്നവരാണെന്ന് മറിയം അവളുടെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.

ഉടയാത്ത സ്വപ്നങ്ങളില്ല; വാടാത്ത പൂക്കളുമില്ല. എങ്കിലും അവയ്ക്കെല്ലാം അപ്പുറം സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്ന കാലവും വാടിയ ചെടികൾ വീണ്ടും തളിർക്കുന്ന നേരവും അതിവിദൂരത്തല്ലെന്നാണ് മറിയത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തൽ. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം വലിച്ചെറിയാൻ കാത്തുനിൽക്കുകയാണ് നീയെങ്കിൽ ഇനി വൈകരുത്. ആ അമ്മയുടെ അടുത്തേക്ക് നീ ചെല്ലണം. അവൾ നിന്നെ മാറോട് ചേർക്കും; നിന്റെ മൂർദ്ധാവിൽ ചുംബിക്കും. ഒളിച്ചോടലുകൾ അവസാനിപ്പിച്ച് ജീവിതം എന്താണെന്നു പഠിക്കുകയും  അവളോടൊപ്പം ആർക്കും ചുവടു വയ്ക്കാനാവാത്ത ആത്മാവിന്റെ വിശുദ്ധ വീഥികളിലേക്ക് നീ നടന്നടുക്കുകയും ചെയ്യും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.