വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: നാല്പത്തിയഞ്ചാം ദിനം

ജിന്‍സി സന്തോഷ്‌

ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപൻ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: “ഈ മനുഷ്യൻ തീർച്ചയായും  നീതിമാനായിരുന്നു” (ലൂക്കാ 23:47).

ശതാധിപൻ – പുതിയനിയമ ആരാധനാക്രമത്തിലെ ആദ്യത്തെ ദൈവാരാധകൻ. കുരിശിന്റെ വഴിയിൽ പീലാത്തോസിന്റെ പ്രത്തോറിയത്തിലെ വിചാരണ മുതൽ കാൽവരിയിലെ ക്രിസ്തുവിന്റെ അന്ത്യശ്വാസം വരെയും അവനോടൊപ്പം ഉണ്ടായിരുന്ന ശതാധിപൻ. സഹനങ്ങളോടുള്ള ക്രിസ്തുവിന്റെ സമീപനം കണ്ടപ്പോൾ ദ്രോഹിച്ചവരോടു പോലും ക്ഷമിച്ച് അവർക്കു വേണ്ടി മരണനേരത്തും ക്രിസ്തു പ്രാർത്ഥിക്കുന്നതു കണ്ടപ്പോൾ പരാതികളോ, ശാപവാക്കുകളോ പറയാതെ അവസാനശ്വാസവും പ്രാർത്ഥനയാക്കി ശാന്തതയോടെ മരിക്കുന്നതു കണ്ടപ്പോൾ, ക്രിസ്തു ദൈവപുത്രനാണെന്ന തിരിച്ചറിവിൽ കുരിശിൻചുവട്ടിൽ മുട്ടുകുത്തി ദൈവസന്നിധിയിലേക്ക് സ്തുതികളുയർത്തുന്ന ശതാധിപൻ.

നമ്മുടെ വിശ്വാസം, നമ്മുടെ ക്രിസ്തീയത എല്ലാം മറ്റുള്ളവർ തിരിച്ചറിയുന്നത് ജീവിതത്തിൽ എല്ലാം നന്നായി പോകുമ്പോഴല്ല; മറിച്ച് കാര്യങ്ങൾ ക്രമം തെറ്റുമ്പോഴും പ്രതീക്ഷകൾ ഇല്ലാതാവുമ്പോഴും സഹനങ്ങളും ദുരിതങ്ങളും ശാന്തതയോടെ,
ദൈവാശ്രയത്വത്തോടെ നേരിടുന്നതു കാണുമ്പോഴാണ്. സ്വർഗ്ഗരാജ്യത്തിന്റെ പ്രഘോഷണമാണ് നമ്മിൽ നിക്ഷിപ്തമായ ദൗത്യം. ജീവിതത്തിലെ ഏതു നിസ്സാരപ്രവൃത്തി പോലും ഈ ദൗത്യത്തെ നാം ഉൾക്കൊണ്ടിട്ടുണ്ടോ എന്ന് ലോകത്തോട് ഉദ്ഘോഷിക്കുന്നു.

ജീവിതത്തിലെ അവഗണിക്കപ്പെടാവുന്ന അനുഭവങ്ങളിൽ പോലും ഈ ദൗത്യത്തിന്റെ കനൽ കിടപ്പുണ്ട്. ചിലർ അതിനെ ചികഞ്ഞെടുത്ത് ഊതിക്കത്തിക്കുന്നു. മറ്റു ചിലർ മുകളിൽ ഇനിയും ചാരം മൂടിയിട് അവഗണനയുടെ മരുഭൂമി തീർത്ത് ഹൃദയത്തിലെ സ്വർഗീയദൗത്യത്തെ മറന്നുകളയുന്നു. ‘മറവി’  സോദോമിന്റെ അവസ്ഥയിലേക്ക് നിലംപതിക്കുന്നു. പകരക്കാരനാകേണ്ടവൻ അധഃപതിക്കുന്ന കാഴ്ച സ്വർഗ്ഗത്തിന്റെ കണ്ണീരായി മാറും.

“സുവിശേഷമായാലേ
സുവിശേഷമേകാനാകൂ…”

ജീവിതയാത്രയിലെ ഗലീലിയിലും കാനായിലും കഫർണാമിലും മാത്രമല്ല കാൽവരിയിലും വിശ്വാസി ആയരിക്കാനുള്ള കൃപ ക്രൂശിതനിൽ നിന്നും നമുക്ക് സ്വന്തമാക്കാം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.