വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: നാല്പത്തിമൂന്നാം ദിനം

ജിന്‍സി സന്തോഷ്‌

“എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്” (മർക്കോ. 15:34).

ക്രിസ്തു കടന്നുപോയ കാൽവരി അനുഭവങ്ങൾ എന്നിലും നിന്നിലും നെഞ്ചിലെ സ്നേഹം മുഴുവൻ ആർക്കാണോ പകർന്നേകിയത്, അവരാൽ തന്നെ വഞ്ചിക്കപ്പെടുമ്പോൾ ആരെയാണോ വിശ്വസിച്ചത്, അവരാൽ തന്നെ ഉപേക്ഷിക്കപ്പെടുമ്പോൾ അറിയാതെയെങ്കിലും ഉള്ളിൽ അലയടിക്കുന്ന ചോദ്യമാണിത്: “ദൈവമേ, എന്തേ നീ മൗനം പാലിക്കുന്നു? കൂട്ടു കൂടി നടന്നവരിൽ ഒരുവൻ ഒറ്റിക്കൊടുത്തു, മറ്റൊരുവൻ തള്ളിപ്പറഞ്ഞു, ശേഷിച്ചവർ ഓടിയൊളിച്ചു. ഒടുവിൽ ആർക്കു വേണ്ടിയാണോ ഒരു ജന്മം മുഴുവൻ ഓടിത്തീർത്തത്; അവന്റെ മൗനവും.

നിന്റെ വാക്കുകളായിരുന്നു എന്റെ വാമൊഴികളൊക്കെയും, നിന്റെ ഹിതമായിരുന്നു എന്റെ ഇഷ്ടങ്ങളൊക്കെയും. എന്നിട്ടും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഗാഗുൽത്തായിൽ നീയും എന്നെ ഉപേക്ഷിച്ചുവോ? ഒടുവിൽ മൗനം പാലിച്ചവൻ തന്റെ മൗനം ഭേദിച്ചു. മൂന്നാം ദിനം. ദൈവത്തിന്റെ നിശബ്ദതയ്ക്ക് അവസാനം അന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത ഒരു പ്രതീക്ഷയുടെ ഉത്തരം കൊണ്ട് പരിസമാപ്തി – ഉത്ഥാനം.

കാൽവരി അനുഭവങ്ങൾ ഇന്നും മനുഷ്യനെ വല്ലാതെ പിച്ചിചീന്തുന്നുണ്ട്. ഒപ്പം ക്രൂശിതനിൽ നിന്നും ഉത്ഥിതനിലേക്കുള്ള ദൂരം ഒത്തിരി പ്രതീക്ഷകളും അവന് സമ്മാനിക്കുന്നു. യേശുവിന്റെ കുരിശുമരണത്തിന്റെ അവസാന നിമിഷങ്ങളിൽ യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയ്യിൽ ഏല്‍പ്പിക്കുന്നു” എന്ന് നിലവിളിച്ചു പറഞ്ഞു.

ഇതൊരു പ്രാർത്ഥനയാണ്. സങ്കീ. 31:5 -ൽ കാണുന്ന ഈ പ്രാർത്ഥന, ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് എല്ലാ യഹൂദരും ചൊല്ലിയതിനു ശേഷം മാത്രമേ ഉറങ്ങുകയുള്ളൂ. യേശുവിനെ ഈ പ്രാർത്ഥന ചൊല്ലിപ്പഠിപ്പിച്ചത് അമ്മമറിയം ആണ്. തന്റെ മകനെ ഒരു യഥാർത്ഥ യഹൂദനായിത്തന്നെ വളർത്താന്‍ ആ അമ്മ ശ്രദ്ധിച്ചിരുന്നു. യഹൂദ ന്യായപ്രമാണവും ആചാരാനുഷ്ഠാനങ്ങളും ആ അമ്മ മകനെ അഭ്യസിപ്പിച്ചു. മരണസമയത്തു പോലും ഈ പ്രാർത്ഥന യേശുവിന് കൂട്ടുവന്നു. ക്രിസ്തുവിനെ വളർത്തിയ അമ്മക്കു മാത്രമേ ക്രിസ്ത്യാനിയെയും വളർത്താൻ കഴിയൂ.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.