വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: നാല്പത്തിയൊന്നാം ദിനം

ജിന്‍സി സന്തോഷ്‌

“ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അത് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്ന് ഇറങ്ങിവരിക” (മത്തായി 27:40).

കുരിശിനു താഴെ, ചുറ്റും നിൽക്കുന്ന പടയാളികളുടെയും തന്റെയൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്ന കവർച്ചക്കാരുടെയും പരിഹാസങ്ങളുടെ നടുവിൽ എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിട്ടും ഒരു മാറ്റത്തിനും വിധേയനാകാതെ, പ്രാണൻ പിരിയുന്ന വേദനയിലും ശാന്തതയോടെ കുരിശിൽ തൂങ്ങിനിൽക്കുന്ന ക്രിസ്തു.

“നീ ദൈവപുത്രനാണെങ്കിൽ” ഒരു പുരുഷായുസിന്റെ അസ്ഥിത്വം ഇളക്കുന്ന ചോദ്യശരങ്ങൾ. ക്രിസ്തു ദൈവപുത്രനായതു കൊണ്ടാണ് കുരിശിൽ നിന്ന് ഇറങ്ങിവരാൻ സാധിക്കാതെ പോയത്. മനുഷ്യൻ മാത്രം ആയിരുന്നെങ്കിൽ ഇറങ്ങിവരാൻ ഒരു ശ്രമമെങ്കിലും നടത്തിയേനേ.

മനുഷ്യനു മുമ്പിൽ തോറ്റവനായ ദൈവത്തിന്റെ രൂപമുണ്ട് ദുഃഖവെള്ളിയാഴ്ച്ചയിലെ കുരിശിൽ. മനുഷ്യൻ ജയിക്കാൻ വേണ്ടി തോൽക്കുന്നവനാണ് ദൈവം. പക്ഷേ പിന്നീട് മനുഷ്യൻ തിരിച്ചറിയും, ദൈവത്തെ തോൽപിച്ചു നേടിയ വിജയങ്ങളൊന്നും യഥാർത്ഥ വിജയമല്ലെന്ന്. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളെന്ന ഉരകല്ലിൽ ഉരച്ച് ദൈവപുത്രന്റെ മേന്മ നിശ്ചയിക്കുക. എല്ലാക്കാലത്തെയും പ്രലോഭനമാണിത്. മനുഷ്യൻ നിശ്ചയിക്കുന്നതനുസരിച്ച് ദൈവം സാഹസം കാണിക്കണം. ഭക്തനൊത്ത വിധം അവൻ വിധേയപ്പെടണം. അല്ലെങ്കിൽ അവൻ ദൈവമല്ല. ചരിത്രത്തിലുടനീളം ക്രിസ്തുവിനോടും അവന്റെ സഭയോടും ഇതേ വെല്ലുവിളി ആവർത്തിക്കുന്നു.

പകിട്ടാർന്ന സാമ്രാജ്യങ്ങളൊക്കെ നിലംപതിച്ചിട്ടും ക്രിസ്തുവിന്റെ സഭ ഇന്നും നിലനിൽക്കുന്നതിന്റെ കാരണം അത് ശാന്തമായി ചരിക്കുന്നു എന്നതാണ്. സാഹസം കാട്ടി രസിപ്പിക്കാതെ, മനുഷ്യനോടൊത്ത് സഹിച്ച് നിലകൊള്ളുന്നു. കാലമുയർത്തുന്ന ഓരോ വെല്ലുവിളിയിലും താൻ ആരെന്നു തെളിയിക്കാനുള്ള തിടുക്കത്തിലാണ് മനുഷ്യൻ. നീ ആരെന്നു തെളിയിക്കണ്ടത് നിന്നെ അയച്ചവൻ കൂടിയാണെന്നോർക്കുക. വില കുറഞ്ഞ ഭീഷണികളിൽ നിന്റെ ഔന്നത്യം തകർത്തു കളയരുത്. സ്വന്തമാക്കാം ക്രിസ്തുവിന്റെ ശാന്തത അവന്റെ സഭയോടു ചേർന്ന്…

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.