തപസ്സുചിന്തകൾ 31: കുരിശിന്റെ സ്നേഹശിഷ്യരാവുക

“ക്രൂശിതനായ ഈശോ കുരിശിൽ നിശ്ചലനായി കിടക്കുന്നത് ആണികളുടെ ശക്തിയാലല്ല, പ്രത്യുത അവിടത്തെ അനന്തസ്നേഹത്താലാണ്” – ഫ്രാൻസിസ് പാപ്പ.

കാൽവരിയിലെ മരക്കുരിശിൽ തെളിയുന്നത്, മനുഷ്യവംശത്തോടുള്ള ഈശോയുടെ അളവറ്റ സ്നേഹമാണ്. സ്വന്തം ജനത്തിന് ജീവനും സാന്ത്വനവും പകരാനും അവരെ കാരുണ്യത്താലും ക്ഷമയാലും ആശ്ലേഷിക്കാനും ദൈവപുത്രൻ കുരിശിൽ ബലിയായി മാറി. ഈ കുരിശിലെ സ്നേഹം നമ്മെ സൗഖ്യപ്പെടുത്തുകയും മുറിവുകളിൽ സാന്ത്വനമേകുകയും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.

ക്രൂശും ക്രൂശിതനും അളവില്ലാത്ത സ്‌നേഹത്തിന്റെ പാഠം നമ്മെ പഠിപ്പിക്കുന്ന തുറന്ന പുസ്തകമാണ്. നാം ദൈവത്തോടു മറുതലിച്ചാലും ദൈവത്തിന് നമ്മിൽ താല്‍പര്യമുണ്ടെന്നതിന്റെ സാക്ഷ്യപത്രമാണ് കാൽവരിയിലെ കുരിശ്. കുരിശിന്റെ കീഴിൽ നിൽക്കുമ്പോൾ യഥാർത്ഥ സ്നേഹമെന്നാൽ ആത്മദാനവും ഉപേക്ഷയുമാണെന്ന് നാം തിരിച്ചറിയുന്നു. കുരിശിന്റെ സ്നേഹശിഷ്യരാവുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും വിളി.

ലോകം ചെയ്ത തിന്മയോട് ദൈവം പ്രതികരിച്ച രീതിയാണ് കുരിശെങ്കിൽ
ഇന്ന് നമുക്കു ചുറ്റും കാണുന്ന തിന്മകളോട്, നാം പ്രതികരിക്കേണ്ടത് ക്രിസ്തുവിന്റെ കുരിശിലൂടെയായിരിക്കണം. ക്രിസ്തുവിന്റെ കുരിശ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ക്ഷമയുടെയും പ്രതീകമായതുപോലെ, ഈ നോമ്പുകാലത്ത് കുരിശിന്റെ – സ്നേഹത്തിന്റെ ശിഷ്യരായി നമ്മെ വലയം ചെയ്യുന്ന തിന്മകളുടെ ശക്തികളെ കുരിശിനാൽ നമുക്കു നേരിടം. ക്രിസ്തു ചെയ്തതുപോലെ കുരിശുകള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് തിന്മയെ നന്മ കൊണ്ട് കീഴടക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.