
വടക്കൻ ഇറ്റലിയിലെ ടസ്കൻ അപെനൈൻസിന്റെ ഹൃദയഭാഗത്തുള്ള പെന്ന പർവതത്തിന് മുകളിലാണ് ലാ വെർണ സ്ഥിതി ചെയ്യുന്നത്. ആത്മീയ പ്രാധാന്യത്താൽ സമ്പന്നമായ ഒരിടമാണിത്. സമുദ്രനിരപ്പിൽ നിന്ന് 1,283 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും മധ്യ ഇറ്റലിയിലെ ശാന്തമായ കാസെന്റിനോ താഴ്‌വരയെ അഭിമുഖീകരിക്കുന്നതുമായ ഈ ഒറ്റപ്പെട്ട പർവതത്തിൽ വച്ചാണ് 1244 -ൽ അസീസിയിലെ വി. ഫ്രാൻസിസിന് പഞ്ചക്ഷതം ഉണ്ടായതെന്ന് വിശ്വസിക്കുന്നു.
ലാ വെർണ ഒരു പ്രധാന തീർഥാടനകേന്ദ്രവും ചരിത്രപ്രേമികൾക്കും, സാംസ്കാരിക സഞ്ചാരികൾക്കും, പ്രകൃതി സ്നേഹികൾക്കും ആകർഷകമായ സ്ഥലവുമാണ്.
കാസെന്റിനോ വനങ്ങൾ, മൗണ്ട് ഫാൽറ്റെറോണ, കാമ്പിഗ്ന എന്നിവ ഉൾപ്പെടുന്ന ദേശീയോദ്യാനത്തിനുള്ളിലാണ് ലാ വെർണ സാങ്ച്വറി സ്ഥിതിചെയ്യുന്നത്. ചിയുസി ഡെല്ല വെർണ എന്ന മനോഹരമായ പട്ടണത്തിൽ നിന്ന് അൽപ്പം അകലെയാണിത്. 1224-ൽ, തീവ്രമായ ഉപവാസത്തിന്റെയും പ്രാർഥനയുടെയും ഒരു കാലഘട്ടത്തിൽ, വി. ഫ്രാൻസിസിന് പഞ്ചക്ഷതം – ക്രിസ്തുവിന്റെ മുറിവുകളുടെ അദ്ഭുതകരമായ സാന്നിധ്യം – ലഭിച്ചത് ഇവിടെ വച്ചാണ് എന്ന് പറയപ്പെടുന്നു.
ലാവെർണയിലെ ഫ്രാൻസിസ്കൻ ദൈവാലയം
ലാ വെർണ എന്ന പേര് റോമൻ ദേവതയായ ലാവെർണയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഒരുകാലത്ത് ഇവിടുത്തെ ഇടതൂർന്ന വനങ്ങളിലും മറഞ്ഞിരിക്കുന്ന ഗുഹകളിലും അഭയം തേടിയിരുന്നവർ അവളെ ആരാധിച്ചിരുന്നു. എന്നിരുന്നാലും, ഈ സ്ഥലവുമായുള്ള വി. ഫ്രാൻസിസിന്റെ ബന്ധമാണ് ഇതിനെ പവിത്രമാക്കിയത്. 1213-ൽ, ഫ്രാൻസിസിന്റെ പ്രസംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒർലാൻഡോ ഡി ചിയുസി ഡെല്ല വെർണ എന്ന പ്രഭു, അദ്ദേഹത്തിന് ഈ പർവതം ദാനം ചെയ്തു. കാലക്രമേണ, ലാ വെർണ സെന്റ് ഫ്രാൻസിസിന്റെ ഒരു അമൂല്യ സങ്കേതമായി മാറി.
ഇന്ന്, ലാ വെർണ സന്ദർശിക്കുന്നവർക്ക് അദ്ഭുതം നടന്ന സ്ഥലത്തിന് സമീപം നിർമ്മിച്ച സ്റ്റിഗ്മാറ്റ ചാപ്പൽ ഉൾപ്പെടെ നിരവധി കാഴ്ചകളുണ്ട്. വി.ഫ്രാൻസിസ് പലപ്പോഴും പ്രാർഥിച്ചിരുന്ന പ്രധാന പള്ളിയായ സാന്താ മരിയ ഡെഗ്ലി ആഞ്ചലി, ലളിതവും എന്നാൽ പ്രചോദനാത്മകവുമായ വാസ്തുവിദ്യയിലൂടെ ആ കാലഘട്ടത്തിലൂടെ സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുന്നു. ദിവസത്തിൽ രണ്ടുതവണ, സന്യാസിമാർ പ്രധാന പള്ളിയിൽ നിന്ന് സ്റ്റിഗ്മാറ്റ ചാപ്പലിലേക്ക് പ്രദക്ഷിണമായി പോകാറുണ്ട്. ഇത് പുണ്യസ്ഥലത്തോടുള്ള ആഴമായ ആദരവിനെ മാനിക്കുന്ന ഒരു പാരമ്പര്യമാണ്.
ആഴമേറിയ ആത്മീയ അനുഭവം പ്രദാനം ചെയ്യുന്ന ലാ വെർണ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമായി തുടരുന്നു.