ഈശോയേ, എന്നെ ഒന്ന് കെട്ടിപ്പിടിക്കാമോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇതിനു മുമ്പും ഞാൻ അവളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ശരീരം മുഴുവനും വിണ്ടുകീറുന്ന, ചിലപ്പോൾ ദുർഗന്ധം വമിക്കുന്ന, ഇതുവരെയും കണ്ടുപിടിക്കപ്പെടാത്ത പ്രത്യേകതരം രോഗമുള്ള ആൽഫി എന്ന യുവതിയെക്കുറിച്ച്. ഈ ദിവസങ്ങളിൽ ശാലോം ടി.വി-യിൽ അവളെക്കുറിച്ച് ഒരു പരമ്പര പ്രക്ഷേപണം ചെയ്യുന്നുണ്ട്. അതിലെ ഒരു എപ്പിസോഡിൽ അവൾ പങ്കുവച്ച അനുഭവം ഹൃദയഭേദകമാണ്. അവളുടെ വാക്കുകൾ ഇങ്ങനെയാണ്…

“കുഞ്ഞുനാളിൽ സ്കൂൾ വാർഷിക സമയത്ത് പ്രോഗ്രാമിന് ഞാനുമുണ്ടായിരുന്നു. റോഡ് കടന്നുവേണം പരിപാടി നടക്കുന്ന ഹാളിലേക്ക് പോകാൻ. കൊച്ചുകുട്ടികളായ ഞങ്ങളെ ഓരോരുത്തർ വന്ന് എടുത്താണ് റോഡിന്റെ മറുവശത്തേക്ക് കൊണ്ടുപോയത്. മറ്റു കുട്ടികളെ എടുക്കാൻ എല്ലാവരും തിരക്കു കൂട്ടിയപ്പോൾ ആരും സ്പർശിക്കാതിരുന്ന, എടുക്കാതിരുന്ന ഒരേയൊരു കുട്ടി ഞാൻ മാത്രമായിരുന്നു. അന്നേ എനിക്ക് മനസിലായ് മറ്റുള്ളവരെ എന്നിൽ നിന്ന് അകറ്റുന്ന ഒരു പ്രത്യേക തരം രോഗം എനിക്കുണ്ടെന്ന്. എന്റെ കുഞ്ഞുമനസ് നുറുങ്ങിയ നിമിഷങ്ങളായിരുന്നു അത്.

സമാനമായ ധാരാളം അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അതിലൊന്നും വിഷമമില്ല. ഇന്നു വരെ ഞാൻ ആരുടെ മുമ്പിലും കണ്ണീർ വീഴ്ത്തിയിട്ടില്ല. കണ്ണീർ വീഴ്ത്തിയിട്ടുള്ളത് ഈശോയുടെ മുമ്പിൽ മാത്രമായിരുന്നു. ദൈവത്തിന്റെ സ്നേഹം എന്നിലേക്ക് ഒഴുക്കാൻ ദൈവം ഒരുക്കിയതാണ് എന്റെ അസുഖം എന്ന് ഞാൻ വിശ്വസിക്കുന്നു.

വല്ലാത്ത ഒറ്റപ്പെടലും തിരസ്ക്കരണവും നൊമ്പരവും വരുമ്പോൾ ഇന്നും ഞാൻ ഈശോയോട് പറയും, ഈശോയേ, എന്നെ ഒന്ന് കെട്ടിപ്പിടിക്കാമോ? “Jesus I need a hug from you…” (ആൽഫിയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക https://youtu.be/urvHSZotrLo).

ആൽഫിയുടെ വാക്കുകൾ നമ്മുടെയെല്ലാം മിഴി തുറപ്പിക്കുന്നതാണ്. നമ്മുടെ പെരുമാറ്റരീതികൾ, കുറവുകൾ, രോഗങ്ങൾ എന്നിവയെല്ലാം ഒരുപക്ഷേ നമ്മെ മറ്റുള്ളവരിൽ നിന്ന് അകറ്റിയേക്കാം. ഇന്നലെ വരെ കൂടെയുണ്ടായിരുന്നവർ ഈ നിമിഷം നമ്മിൽ നിന്നും അകന്നിരിക്കാം. ഏതു പ്രതിസന്ധിയിലും കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകിയവർ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥ വന്നേക്കാം. അപ്പോഴെല്ലാം നമുക്കും പറയാനാകണം, “ഈശോയേ, എന്നെ ഒന്ന് കെട്ടിപ്പിടിക്കാമോ? എന്നെ ഒന്ന് ആശ്ലേഷിക്കാമോ? “Jesus I need a hug!”

ക്രിസ്തു ശിഷ്യരോട് പറഞ്ഞ അവസാന വാക്ക് വിശുദ്ധ മത്തായി ശ്ലീഹ  രേഖപ്പെടുത്തിയിരിക്കുന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്: “യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28:20).

യുഗാന്തം വരെ നമ്മെ കൈവിടാത്ത, കൂടെയുള്ള ഒരേയൊരു വ്യക്തി ക്രിസ്തു മാത്രമാണെന്ന് തിരിച്ചറിയുന്നിടത്താണ് ദുഃഖങ്ങൾ സന്തോഷങ്ങളാകുന്നതും സുവിശേഷം പ്രഘോഷിക്കാൻ ശക്തി ലഭിക്കുന്നതും. ഈ തിരിച്ചറിവിന്റെ വെളിച്ചം നമ്മെ നയിക്കട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.