
സിനഡിനു വേണ്ടിയുള്ള ജനറൽ സെക്രട്ടറിയേറ്റിലെ അംഗമാണ് ഫാ. പാസ്‌ക്വാലെ ബുവ. പാപ്പായാൽ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ! കഴിഞ്ഞ 10 വർഷത്തിലേറെയായി അദ്ദേഹം ഫ്രാൻസിസ് പാപ്പയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു. പാപ്പയുമായി വളരെ അടുത്ത് ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന ഒരാളാണ് ഫാ. പാസ്‌ക്വാലെ ബുവ. അദ്ദേഹം ഫ്രാൻസിസ് പാപ്പയെക്കുറിച്ച് ഫാ. സാബു മണ്ണട എം സി ബി എസിനോടു സംസാരിക്കുന്നു.
കഴിഞ്ഞ 10 വർഷത്തിലേറെയായി, മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടേറിയറ്റിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള സഭയുടെ നവീകരണത്തിനായി അശ്രാന്തമായി പ്രവർത്തിക്കുന്ന ഒരു മേഖലയാണിത്. എന്നെ സംബന്ധിച്ച്, ഇവിടെ പ്രവർത്തിക്കാനുള്ള പ്രചോദനം ഫ്രാൻസിസ് പാപ്പയായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. സിനഡ് അംഗങ്ങളായ ഞങ്ങൾക്ക് വർഷങ്ങളായി മാർപാപ്പയെ കാണാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ അദ്ദേഹവുമായി ചിലവഴിച്ച അവസരങ്ങൾ എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താവുന്നതല്ല.
‘വിയ ദെല്ലാ കോൻചോലാസിയോണെ’ (വത്തിക്കാൻ സ്ക്വയറും സാൻ ആഞ്ചലോ കാസിലുമായി ബന്ധിപ്പിക്കുന്ന വഴി) ആയിരുന്നു ഞങ്ങളുടെ ഓഫീസ്. പാപ്പയുടെ ആരോഗ്യം അനുവദിച്ചിടത്തോളം കാലം, ഞങ്ങളുടെ ഓഫീസുകളിൽ നടക്കുന്ന സിനഡുകളുടെ തയ്യാറെടുപ്പ് യോഗങ്ങളിൽ ഫ്രാൻസിസ് എല്ലായ്‌പ്പോഴും വ്യക്തിപരമായി പങ്കെടുത്തിരുന്നു. ഒരിക്കൽപോലും അതിൽനിന്നും അദ്ദേഹം വിട്ടുനിന്നിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു പ്രചോദനമായിരുന്നു.
ഒരു ദിവസം ഞങ്ങളുടെ ഓഫീസിലേക്കുള്ള ലിഫ്റ്റ് പ്രവർത്തിക്കുന്നില്ലായിരുന്നു. ഞങ്ങൾ നോക്കുമ്പോൾ മുകളിലത്തെ നിലകളിലേക്കുള്ള നടകൾ കയറുന്ന പാപ്പയെയാണ് കാണുന്നത്. ഞങ്ങൾക്ക് അദ്ഭുതമായി. നടക്കാനും നടകയറാനും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന കാലമായിരുന്നു അത്. ഒടുവിൽ കിതപ്പോടെ അദ്ദേഹം മുകളിലത്തെ നിലയിലെത്തി. എന്നിട്ട്, പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു; ഹോ, അങ്ങനെ ഞാൻ കയറി!
സിനഡ് സമ്മേളനങ്ങളിൽ, അദ്ദേഹം എല്ലായ്‌പ്പോഴും മുൻകൂട്ടി എത്തുമായിരുന്നു. തന്നെ സമീപിക്കുന്നവർക്കായി ആവശ്യം പോലെ സമയം ചിലവഴിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു. കർദിനാൾമാർക്കും ബിഷപ്പുമാർക്കും മാത്രമല്ല, വിവർത്തകർ, സഹായികൾ, സാങ്കേതികവിദഗ്ധർ തുടങ്ങിയ എല്ലാവർക്കും അദ്ദേഹത്തിന്റെ അടുത്തു ചെന്നു സംസാരിക്കാനുള്ള സാഹചര്യവും അനുമതിയും ഉണ്ടായിരുന്നു. എല്ലാവരോടും അദ്ദേഹം കരുണയോടെ പെരുമാറി. എല്ലാവർക്കും അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാനും അനുവാദമുണ്ടായിരുന്നു.
സിനഡിന്റെ അവസാന ദിവസം, രാവും പകലും ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾക്ക് നന്ദിപറയാനും അഭിവാദ്യം ചെയ്യാനും അദ്ദേഹം എത്തിയിരുന്നു. അങ്ങനെ വന്നപ്പോൾ എല്ലാ ജോലിക്കാരെയും കാണാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നത് എന്റെ ഓർമ്മയിലുണ്ട്.
ഫ്രാൻസിസ് പാപ്പ ബ്യൂണസ് അയിറസിന്റെ ആർച്ച്ബിഷപ്പായിരിക്കുമ്പോൾ സിനഡിൽ പങ്കെടുക്കാൻ റോമിലെത്തിയിരുന്നു. ഞങ്ങളുടെ സഹപ്രവർത്തകരിൽ ഒരാളെ അദ്ദേഹം അന്നേ പരിചയപ്പെട്ടിരുന്നു. അയാളുടെ കുട്ടികൾക്ക് നൽകാൻ ചോക്കലേറ്റുമായിട്ടായിരുന്നു പാപ്പ പലപ്പോഴും എത്തിയിരുന്നത്.
സിനഡിന്റെ സമാപനത്തിന് ഏകദേശം ഒരു മാസത്തിനുശേഷം, മാർപാപ്പ ഞങ്ങളോടൊപ്പം ഉച്ചഭക്ഷണത്തിനെത്തി. ഭക്ഷണത്തിന്റെ ബില്ല് താനാണ് അടയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികം ഭക്ഷണമൊന്നും അന്നദ്ദേഹം കഴിച്ചില്ല. പക്ഷേ, ഡെസേർട്ട് കഴിച്ചു. തനിക്ക് മധുരത്തോട് അല്പം താത്പര്യമുണ്ടെന്ന് പറയുകയും ചെയ്‌തു.
അദ്ദേഹത്തിന്റെ അനേകം ഗുണങ്ങളിൽ ചിലത് മറക്കാൻ പറ്റുന്നതല്ല.
ഒന്ന്, അദ്ദേഹത്തിന്റെ മികച്ച ഓർമ്മശക്തി. അദ്ദേഹം എല്ലാവരേയും എല്ലാം ഓർമ്മിക്കുമായിരുന്നു. ആരെയും മറക്കില്ലായിരുന്നു. ജീവിതത്തിൽ പരിചയപ്പെട്ട എല്ലാവരും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
രണ്ടാമതായി അദ്ദേഹത്തിന്റെ കേൾക്കാനുള്ള കഴിവാണ്. പാപ്പ നമ്മൾ ഓരോരുത്തരും പറയുന്ന കാര്യങ്ങൾ ജീവിതാനുഭവങ്ങൾ കേൾക്കാൻ ദീർഘനേരം ചെലവഴിക്കുമായിരുന്നു. നമ്മുടെ ചില ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾക്കായി അദ്ദേഹം പ്രാർഥിക്കുകയും ചെയ്യുമായിരുന്നു.
മൂന്നാമതായി എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ മികച്ച നർമ്മബോധം. എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിൽ നിന്നും ഒരു തമാശ പ്രതീക്ഷിക്കാമായിരുന്നു. അത്രമാത്രം നർമ്മബോധമായിരുന്നു അദ്ദേഹത്തിന്.
തീർച്ചയായും, അദ്ദേഹം ഇപ്പോൾ സ്വർഗത്തിൽ നിന്ന് നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. തീർച്ച!
ഫാ. പാസ്‌ക്വാലെ ബുവയ്‌ക്കൊപ്പം ഇറ്റലിയിലെ ലത്തീന രൂപതയിൽ വർഷങ്ങളോളം പ്രവർത്തിച്ചയാളാണ് ഫാ. സാബു മണ്ണട എം സി ബി എസ്.