‘അത് കൃപയുടെ സമയമായിരുന്നു’ – തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ ശേഷം മോചിതയായ കൊളംബിയൻ മിഷനറി

2017-ൽ മാലിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ശേഷം ഏകദേശം നാലു വർഷവും എട്ടു മാസവും കഴിഞ്ഞ് 2021-ൽ ബുർക്കിന ഫാസോയിൽ വിട്ടയച്ച കൊളംബിയൻ സന്യാസിനി സി. ഗ്ലോറിയ സിസിലിയ നർവേസ് മോചനത്തിന് ഒരു വർഷത്തിനു ശേഷം, പ്രതികരിച്ചത് ഇപ്രകാരമാണ്: “അത് കൃപയുടെ സമയമായിരുന്നു.”

തട്ടിക്കൊണ്ടു പോയ ഇറ്റാലിയൻ മിഷനറി ഫാ. പിയർ ലൂയിജി മക്കല്ലിയും, സി. ഗ്ലോറിയ സിസിലിയയും ചേർന്ന് സ്‌പെയിനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ നൽകുന്ന ആദ്യത്തെ ബീറ്റാ പോളിൻ ജരിക്കോട്ട് അവാർഡ് സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

കേൾവിയുടെയും കഷ്ടപ്പാടിന്റെയും പ്രാർത്ഥനയുടെയും രക്ഷയുടെയും സമയം

“എന്നെ സംബന്ധിച്ചിടത്തോളം ഈ മരുഭൂമിയനുഭവത്തിന് ഒരുപാട് അർത്ഥമുണ്ട്. നിശബ്ദതയിൽ ദൈവത്തിന്റെ സാന്നിധ്യം എനിക്ക് ശക്തമായി അനുഭവപ്പെട്ടു. അങ്ങനെ, 40 വർഷത്തിലേറെ നീണ്ട മിഷനറി ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ദൈവത്തെ സ്ഥിരമായി കേൾക്കുന്ന അനുഭവമായി തടവിൽ കഴിഞ്ഞ നാളുകൾ മാറി. അതേ സമയം, ഈ മരുഭൂമി ‘ജലത്തിന്റെ അഭാവവും ആശയവിനിമയത്തിന്റെ അഭാവവും’ കാരണം കഷ്ടപ്പാടുകളുടെ സ്ഥലമാണ്. ആ കാൽവരിയിൽ യേശുവിനെ കണ്ടെത്തുന്നതിന് നമ്മെ സഹായിക്കുന്ന ഒരു മഹത്തായ വിശ്വാസം ഉണ്ടായിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്” – സിസ്റ്റർ പറയുന്നു.

പ്രകൃതിയും ആന്തരിക സ്വാതന്ത്ര്യവും

തന്റെ കോൺഗ്രിഗേഷൻ ഓഫ് ദി മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ, സി. ഗ്ലോറിയ തന്റെ ആന്തരിക സ്വാതന്ത്ര്യം നിലനിർത്തിയതിന്റെ രഹസ്യം ഒരു മടിയും കൂടാതെ സ്ഥിരീകരിക്കുന്നു: “എന്റെ ആത്മാവോ, ഹൃദയമോ തട്ടിക്കൊണ്ടു പോയില്ല. കാരണം എന്റെ മുൻപിൽ ഈ പ്രപഞ്ചം ഉണ്ടായിരുന്നു. അതിലൂടെ ഓരോ ദിവസവും എന്റെ ദൈവത്തിന്റെ സാന്നിധ്യം ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് എല്ലാം അത്ഭുതകരമായിരുന്നു.”

വേദനയും പ്രതീക്ഷയും

ദൈവവിശ്വാസത്തിന്റെ ശക്തി ഉണ്ടായിരുന്നിട്ടും വേദനാജനകമായ വശങ്ങളും ഉണ്ടായിരുന്നു. ചിലപ്പോൾ “പെട്രോളിന്റെയോ ഏതെങ്കിലും ആസിഡിന്റെയോ രുചിയുള്ള അൽപം വെള്ളം കൊണ്ട് ദാഹം ശമിപ്പിക്കേണ്ടി വരുമ്പോൾ വിഷമിച്ചിട്ടുണ്ട്. എങ്കിലും അതിലും വലിയ വേദന വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കാതെ കഴിഞ്ഞ ദിവസങ്ങളായിരുന്നു. കുർബാന സ്വീകരിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും ലഭിക്കാത്തത് എന്നെ വേദനിപ്പിച്ചു. ആ അവസരത്തിൽ ഞാൻ ആത്മീയമായി കുർബാന ചൊല്ലി” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

സി. ഗ്ലോറിയയെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും പ്രതീക്ഷ നിറഞ്ഞതായിരുന്നു. ‘ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നു; ഒരു ദിവസം ഞാൻ സ്വതന്ത്രയാകും, നാളെ നന്നായിരിക്കും’ എന്നൊക്കെയുള്ള പ്രതീക്ഷയും സന്തോഷവും നൽകിയ ആത്മവിശ്വാസം ചെറുതല്ല.

‘ഓരോ സഹോദരിയുടെയും സമ്മാനം’

സഹോദരിമാർക്കു വേണ്ടി സമ്പൂർണ്ണമായ കീഴടങ്ങലോടെയാണ് ഈ മിഷനറി തന്റെ ജീവിതം നൽകിയത്. അവർക്കെല്ലാം വേണ്ടി സ്വയം കീഴടങ്ങുകയായിരുന്നു. “ഓരോ സഹോദരിയും ദൈവത്തിന്റെ സമ്മാനമാണ്.” അതിനാൽ, “നിങ്ങളുടെ സഹോദരിമാർക്ക് അപകടമുണ്ടെന്ന് നിങ്ങൾ കാണുമ്പോൾ, നിങ്ങൾക്ക് എന്തു തോന്നുന്നു? അവർ അതിൽ കഷ്ടപ്പെടാതിരിക്കട്ടെ. കൊള്ളക്കാരുടെ തലവന്റെ അടുത്തു ചെന്ന് അവൻ ഇങ്ങനെ പറഞ്ഞു: ‘ബോസ്, എന്റെ സഹോദരിമാരെ ഉപദ്രവിക്കരുത്. ഞാൻ ഉത്തരവാദിയാണ്. എന്നെ കൊണ്ടുപോകുക.'”

“മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ എന്നെ വേദനിപ്പിക്കുന്നു”

ഈ അനുഭവത്തിന്റെ, ഹൃദയത്തിൽ വഹിക്കാൻ കഴിയുന്ന വലിയ നിധിയെക്കുറിച്ച് സി. ഗ്ലോറിയ പറയുന്നത് ഇപ്രകാരമാണ്: “ഞാൻ വലിയൊരു കാര്യം പഠിച്ചു. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ എന്നെ വേദനിപ്പിക്കുന്നു.” അവർ ആയുധധാരികളായിരുന്നു. പക്ഷേ, ഞങ്ങളുടെ ആയുധം പ്രാർത്ഥനയാണ്; ഞങ്ങളുടെ വാക്കുകൾ ദൈവത്താൽ നിറഞ്ഞതും” – സിസ്റ്റർ കൂട്ടിച്ചേർത്തു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.