മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 66

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

നോവലിസ്റ്റായ പുരോഹിതൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

പള്ളി പണിത, റോഡുകൾ വെട്ടിയ, സ്കൂളുകൾ ആരംഭിച്ച, ആശുപത്രികൾക്ക് തുടക്കമിട്ട അങ്ങനെ വിവിധങ്ങളായ പ്രവർത്തന മണ്ഡലങ്ങളിലൂടെ തങ്ങളായിരിക്കുന്ന ദേശത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി വൈദികരെ നമുക്ക് പരിചയമുണ്ടാകും. എന്നാൽ താൻ കണ്ടുമുട്ടിയ, തന്നോട് ഇടപഴകിയ ജനസമൂഹത്തിന്റെ ജീവിതം തൂലികയിലേക്ക് ആവാഹിച്ച് അതുല്യമായ സാഹിത്യസൃഷ്ടികളാക്കിയ വൈദികർ തുലോം കുറവായിരിക്കും. അങ്ങനെയൊരാളാണ് ജോഷ്വ കുന്നത്തേത്ത് അച്ചൻ.

തിരുവനന്തപുരം അതിരൂപതയുടെ തെക്കൻ പ്രദേശങ്ങളിൽ, ഇന്നത്തെ മാർത്താണ്‌ഡം രൂപതയിൽ മേരിമക്കൾ സന്യാസിനീ (DM സിസ്റ്റേഴ്സ്) സമൂഹത്തിന്റെ സ്ഥാപകൻ മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ അച്ചനൊപ്പം മാർത്താണ്‌ഡത്തു താമസിച്ച് സമീപമുളള ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്ന കാലയളവിൽ അവിടെയുള്ള കരിമ്പന കർഷകരുടെ കഷ്ടപ്പാടുകളുടെയും പ്രയാസത്തിന്റെയും ജീവിതകഥ പറയുന്നു ‘കരുപ്പട്ടി’ എന്ന നോവലിലൂടെ.

ചാരുംമൂട് പ്രദേശത്ത് ശുശ്രൂഷ ചെയ്ത നാളുകളിൽ ചുറ്റുപാടുമുള്ള കശുവണ്ടി തൊഴിലാളികളുടെ ജീവിതം അടുത്തറിഞ്ഞ് അവരുടെ കദനകഥ ‘കശുവണ്ടി’ എന്ന നോവലിലൂടെ അവതരിപ്പിച്ചു. കൂടാതെ ‘അനാഥകന്യക’ എന്നൊരു നോവലും അച്ചന്റേതായുണ്ട്. ദീപിക വാരാന്ത്യപതിപ്പിൽ അച്ചന്റെ നോവലുകൾ ഖണ്ഡശയായി വന്നിരുന്നു. പിന്നീട് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ അക്കാലത്തെ കേരളത്തിലെ മുൻനിര പ്രസാധകരായ സാഹിത്യ പ്രവർത്തകസംഘമാണ് (നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം) ഈ നോവലുകൾ മൂന്നും പ്രസിദ്ധീകരിച്ചിരുന്നത് എന്നറിയുമ്പോൾ അച്ചനിലെ പ്രതിഭയുടെ ആഴം നമുക്ക് മനസിലാക്കാനാകും.

1912 ഫെബ്രുവരി 14-ന് പത്തനംതിട്ട ജില്ലയിൽ കൈപ്പട്ടൂർ നെടുവംപുറത്ത് കുടുംബത്തിൽപെട്ട കുന്നത്തേത്ത് വീട്ടിൽ ഗീവർഗീസിന്റെയും ഏലിയാമ്മയുടെയും മകനായി ജോഷ്വ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും മിഡിൽ സ്കൂൾ പഠനവും കൈപ്പട്ടൂർ ഗവൺമെന്റ് സ്കൂളിൽ നടത്തി. തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ നിന്ന് ഫൈനൽ പരീക്ഷ പാസ്സായി. ബാല്യത്തിൽ തന്നെ പഠനത്തിലും ദൈവിക കാര്യങ്ങളിലും സവിശേഷമായ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

കൈപ്പട്ടൂർ ഓർത്തഡോക്സ് ഇടവകാംഗങ്ങളായിരുന്നു അച്ചന്റെ കുടുംബം. ഇടവക പൊതുയോഗത്തിന്റെ അംഗീകാരത്താലും വൈദികനാകണമെന്ന് ബാല്യം മുതലേയുളള ആഗ്രഹത്താലും കോട്ടയം എം.ഡി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. വൈദികർക്ക് വിവാഹം കഴിക്കാമെങ്കിലും ബ്രഹ്മചാരിയായി ജീവിതം സമർപ്പിച്ചുകൊണ്ട് അന്നത്തെ കാതോലിക്കാ ബാവയായിരുന്ന ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ പിതാവിൽ നിന്ന് 1938 മാർച്ച്‌ 11-ന് വൈദികപട്ടം സ്വീകരിച്ചു.

1930 കാലയളവിൽ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്ന ഒരു കാലമായിരുന്നു അത്. അതിനു മുമ്പു തന്നെ പുത്തൻപീടിക പ്രദേശത്ത് 1926-ൽ ഗീവർഗീസ് പീടികയിൽ അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച സത്യസഭാ കൂട്ടായ്മയിലൂടെ കൈപ്പട്ടൂർ പ്രദേശത്തുളള ഏതാനം കുടുംബങ്ങളും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിരുന്നു. ഈ പ്രദേശത്ത് എറണാകുളം അതിരൂപതയുടെ ആർച്ചുബിഷപ്പായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിന്റെ പേരിൽ ഒരു സ്ഥലം വാങ്ങി ഷെഡ് നിർമ്മിച്ച് ആരാധന നടത്തിയിരുന്നു. ഓർത്തഡോക്സ് സഭയുടെ വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ കൈപ്പട്ടൂർ പ്രദേശത്തെ പുനരൈക്യ പരിശ്രമങ്ങൾ തുടർച്ചയായ എതിർപ്പുകളും അവഹേളനവും ഏറ്റിരുന്നു.

നിരന്തരമായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും ഒടുവിൽ ആളു കൊണ്ടും അർത്ഥം കൊണ്ടും ദുർബലമായ എന്നാൽ പ്രേഷിത തീക്ഷ്ണതയിൽ ജ്വലിച്ചുനിന്ന പുനരൈക്യ പ്രസ്ഥാനത്തിലേക്ക് അച്ചനും കടന്നുവന്നു. 1939 ജൂൺ 15-ന് മലങ്കര കത്തോലിക്ക സഭയിലേക്ക്‌ പുനരൈക്യപ്പെട്ടു.

സുറിയാനി ഭാഷയിലുളള അച്ചന്റെ കഴിവുകൾ മനസിലാക്കി മാർ ഈവാനിയോസ് പിതാവ് അച്ചനെ തിരുവനന്തപുരത്തേക്ക് കൂട്ടികൊണ്ടു പോവുകയും സെമിനാരി വിദ്യാർത്ഥികളെ സുറിയാനി പരിശീലിപ്പിക്കാനായി നിയോഗിക്കുകയും ചെയ്തു. 1939-1946 കാലഘട്ടത്തിൽ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ സിറിയക് പ്രൊഫസറായി അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനായാസേന സുറിയാനി ഭാഷ കൈകാര്യം ചെയ്യുന്നതിനാൽ മൽപ്പാനച്ചൻ എന്നൊരു വിളിപ്പേരും അച്ചന് ലഭിച്ചിരുന്നു.

പത്തനംതിട്ട ഇടവകയിലും കടമ്മനിട്ട ഇടവകയിലും സഹവികാരിയായും ഊന്നുകൽ, തട്ട, ഉള്ളന്നൂർ, കൂടൽ, പുലിയൂർ, പുനലൂർ, മാർത്താണ്ഡം, ചാരുംമൂട്, നൂറനാട്, രാമഞ്ചിറ, ഉളനാട് എന്നീ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്നത്തെ പത്തനംതിട്ട കത്തീഡ്രലിൽ താമസിച്ച് അവിടെ ശുശ്രൂഷകൾ ആരംഭിച്ചത് അച്ചന്റെ കാലത്താണ്.

കൂടൽ ഇടവകയുടെ വികാരിയായിരുന്ന അച്ചൻ 1962-ൽ കൊച്ചുവിളയിൽ കുടുംബത്തിലെ കെ.വി. ജോർജ് സാറിന് അയച്ച കത്ത് കുടുംബാംഗങ്ങൾ ഇന്നും സൂക്ഷിക്കുന്നുണ്ട്. ജോർജ് സാറിന്റെ പിതാവിന്റെ മരണവാർത്ത അറിഞ്ഞ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനും ദൈവത്തിൽ ശരണപ്പെടുന്നതിനുമായി അയച്ച കത്തിൽ കുടുംബവുമായി അച്ചനുള്ള സ്നേഹബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാണ്. താനായിരുന്ന ഇടങ്ങളിലെല്ലാം ഈയൊരു സ്നേഹബന്ധവും കരുതലും ഏവർക്കും നൽകാൻ അച്ചൻ എന്നും പരിശ്രമിച്ചിരുന്നു.

അനിതര സാധാരണമായ പ്രസംഗശൈലിയാൽ ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ വചനവേദിയിൽ പ്രശോഭിക്കാനും സുവിശേഷചിന്തകൾ പകർന്നുനൽകാനും അച്ചന് കഴിഞ്ഞിരുന്നു.

ജോഷ്വാ അച്ചന് കെ.ജി. വർഗീസ്, സ്കറിയ, മത്തായി വർഗീസ്, കെ.ജി. ജോൺ, കെ.ജി. തോമസ് എന്നീ അഞ്ച് സഹോദരന്മാരും തങ്കമ്മ, ശോശാമ്മ എന്നീ രണ്ട് സഹോദരിമാരും ഉണ്ട്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇടവക ഭരണത്തിൽ നിന്ന് വിരമിച്ച് സ്വഭവനത്തിൽ വിശ്രമജീവിതം നയിക്കവെ 1978 മാർച്ച്‌ 4-ന് തന്റെ അറുപത്തിയാറാം വയസിൽ ജോഷ്വാ കുന്നത്തേത്ത് അച്ചൻ സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. കൈപ്പട്ടൂർ സെന്റ് അഗസ്റ്റിൻ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ അച്ചൻ അന്ത്യവിശ്രമം കൊളളുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.