മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 61

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

ആറ്റരികം പ്രദേശങ്ങളിൽ സത്യവിശ്വാസത്തിനു തുടക്കം കുറിച്ച, ചന്ദനപ്പള്ളി പള്ളിയുടെ പ്രഥമ വികാരിയായ എഴിയത്ത് സഖറിയാസ് അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

പുനരൈക്യ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത സാർവ്വത്രികസഭയുടെ കൂട്ടായ്മയിലേക്ക് പുന:പ്രവേശിച്ചപ്പോൾ, മലങ്കരയിലെ യാക്കോബായ സുറിയാനി സഭയിൽ നിന്ന് അനേകം പ്രഗത്ഭരായ വൈദികശ്രേഷ്ഠർ പിതാവിനെ പിന്തുടർന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നുവരികയുണ്ടായി. ലോകരക്ഷകനായ യേശുതമ്പുരാൻ വി. പത്രോസ് ശ്ലീഹായാകുന്ന പാറമേൽ സ്ഥാപിച്ച ആദിമസഭയുടെ നാലു ലക്ഷണങ്ങൾ ഉൾക്കൊള്ളുന്ന സത്യസഭ, തങ്ങൾ ഉൾപ്പെട്ടിരുന്ന സഭയുടെ കാനൻനിയമപ്രകാരവും പാരമ്പര്യപ്രകാരവും റോമിലെ വിശുദ്ധ അപ്പസ്തോലിക സിംഹാസനം മാത്രമാണ് എന്ന പരിശുദ്ധാത്മാ തിരിച്ചറിവിലാണ് ഈ വൈദികശ്രേഷ്ഠർ ആർച്ചുബിഷപ്പ് മാർ ഈവാനിയോസ് തിരുമേനിക്കൊപ്പം കടന്നുവരുന്നതിന് ഇടയായത്. ഈ ബോധ്യം ഉൾക്കൊണ്ട് തിരുസഭയിലേക്ക് കടന്നുവന്ന് പുനരൈക്യപ്രസ്ഥാനത്തെ വളർത്തുകയും സത്യവിശ്വാസത്തിന് ഓമല്ലൂർ, ആറ്റരികം പ്രദേശത്ത് അടിസ്ഥാനം കുറിക്കുകയും ചെയ്ത ശ്രേഷ്ഠവ്യക്തിത്വമായിരുന്നു എഴിയത്ത് സഖറിയാസ് അച്ചൻ.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനടുത്ത് ആറ്റരികം എന്ന പ്രകൃതിരമണീയമായ പ്രദേശത്ത് എഴിയത്ത് കുടുംബത്തിൽ വർക്കി ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും ആറു മക്കളിൽ ഇളയ മകനായി 1901 ഒക്ടോബർ 23-ന് സഖറിയാസ് ഭൂജാതനായി. തികഞ്ഞ ദൈവഭക്തരായിരുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ ഒരാൾ ദൈവവേലയ്ക്കു പോകണമെന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാണ് കനിഷ്ഠപുത്രൻ ദൈവവേലയ്ക്ക് പോകുന്നതിന് ഇടയായത്. പഠനത്തിൽ സമർത്ഥനായിരുന്ന സഖറിയാ, കോഴഞ്ചേരി ഗവൺമെന്റ്ഹൈസ്കൂളിൽ നിന്ന് സിക്സ്ത് ഫാറം പാസായതിനു ശേഷം കോട്ടയം പഴയ സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അതീവതല്പരനായിരുന്ന ശെമ്മാശൻ അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നു. സുറിയാനി ആരാധനക്രമ ഗാനങ്ങളും വായനകളും ഇമ്പകരമായി കൈകാര്യം ചെയ്യുന്ന എഴിയത്ത് ശെമ്മാശൻ മലങ്കര മെത്രാപ്പൊലീത്താ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ ഇഷ്ടഭാജനമായിരുന്നു. സെമിനാരിയിലോ, കോട്ടയം മാർ ഏലിയ ചാപ്പലിലോ വട്ടശ്ശേരിൽ തിരുമേനി സന്നിഹിതനാണെങ്കിൽ സഖറിയാസ് ശെമ്മാശനെ തന്റെ കൂടെ നിർത്തി ഗാനം ആലപിക്കുന്നതിനും വായിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിച്ചിരുന്നു. ശെമ്മാശന് ബഥനി മെത്രാപ്പൊലീത്താ മാർ ഈവാനിയോസ് തിരുമേനിയുമായുള്ള കുടുംബബന്ധം ഈ കാലയളവിൽ മലങ്കര സഭയെപ്പറ്റി ആഴത്തിൽ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കി. തുമ്പമൺ പടിഞ്ഞാട്ടേടത്ത് കുടുംബത്തിൽ നിന്ന് അന്നമ്മയെ വിവാഹം കഴിക്കുകയും വട്ടശ്ശേരിൽ തിരുമേനിയിൽ നിന്ന് പൂർണ്ണ ശെമ്മാശപ്പട്ടവും തുടർന്ന് 1927 ഡിസംബർ 9-ന് വൈദികപട്ടവും സ്വീകരിക്കുകയും ചെയ്തു.

വകയാർ യാക്കോബായ ദൈവാലയത്തിന്റെ വികാരിയായി അച്ചൻ സേവനം ചെയ്തുവന്നിരുന്ന കാലയളവിലാണ് 1930-ൽ ചരിത്രപ്രസിദ്ധമായ മലങ്കര പുനരൈക്യം നടക്കുന്നത്. സെമിനാരിയിലെ തന്റെ സതീർത്ഥ്യനും ഉറ്റമിത്രവുമായിരുന്ന പെരുമല തോമസ് അച്ചന്റെ നേതൃത്വത്തിൽ ചന്ദനപള്ളിയിലെ ദൈവജനം പുനരൈക്യപ്പെടുവാൻ താല്പര്യമാണെന്ന് അറിയിച്ചപ്പോൾ പുനരൈക്യ ശിൽപിയായ മാർ ഈവാനിയോസ് പിതാവ് ചന്ദനപ്പള്ളി കോട്ടപ്പള്ളിയിലേക്ക് എഴുന്നള്ളുകയുണ്ടായി. തിരുമേനി പെരുമല അച്ചനുമായി പരിശുദ്ധ സഭയെക്കുറിച്ച് ദീർഘസംഭാഷണം നടത്തി. “എഴിയത്തച്ചനെ നമുക്ക് കാണണം”എന്ന് കല്പിച്ചതനുസരിച്ച് പെരുമല അച്ചൻ എഴിയത്തച്ചനെ തിരുമേനിയുടെ പക്കലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. അച്ചനെ കണ്ട മാത്രയിൽ സന്തോഷഭരിതനായിത്തീർന്ന മാർ ഈവാനിയോസ് തിരുമേനി ഇപ്രകാരം പറഞ്ഞു: “നാം സാർവ്വത്രിക കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടത് അച്ചൻ അറിഞ്ഞിരിക്കുമല്ലോ; അനേകം വർഷത്തെ നമ്മുടെ പൂർവ്വപിതാക്കന്മാരുടെ കണ്ണീരിന്റെ ഫലമാണിത്. അതിനാൽ ദൈവാത്മനിറവിൽ അച്ചൻ യുക്തമായൊരു തീരുമാനം എടുക്കുക.”

എന്നാൽ, തനിക്ക് വൈദികപട്ടം നൽകിയ വട്ടശ്ശേരിൽ തിരുമേനിയെയും ഇടവകജനത്തെയും ഉപേക്ഷിച്ചു പോകുന്നതിൽ വൈമുഖ്യം കാണിച്ച എഴിയത്തച്ചന്റെ കയ്യിൽ ‘Catholic Faith’ എന്ന ഗ്രന്ഥം നല്കുകയും സ്ലീബാ ഉയർത്തി ‘സർവ്വശക്തനായ ദൈവംതമ്പുരാൻ അച്ചനെയും കുടുംബത്തെയും വാഴ്ത്തട്ടെ’ എന്ന് കല്പിച്ച് അനുഗ്രഹിക്കുകയും ചെയ്തു. പിതാവ് നൽകിയ ഗ്രന്ഥം വായിച്ച്, പ്രാർത്ഥിച്ച് തന്റെ തീരുമാനം മാതാപിതാക്കളെയും സഹോദരങ്ങളെയും അറിയിക്കുകയും അച്ചന്റെ തീരുമാനത്തിന്റെ മുൻപിൽ ഞങ്ങൾക്ക് മറിച്ചൊരു തീരുമാനമില്ല എന്ന് അവർ അറിയിക്കുകയും ചെയ്തു. അങ്ങനെ തന്റെ തീരുമാനം ആർച്ചുബിഷപ്പ് തിരുമേനിയെ അറിയിക്കുകയും 1931 ഡിസംബർ 10-ന് ചന്ദനപ്പള്ളി കോട്ടപ്പള്ളിയിൽ വച്ച് ആർച്ചുബിഷപ്പ് മാർ ഈവാനിയോസ് തിരുമേനിയുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അച്ചനും കുടുംബാംഗങ്ങളും കത്തോലിക്ക കൂട്ടായ്മയിലേക്ക് കടന്നുവരികയും ചെയ്തു. അതിനു ശേഷം തന്റെ പിതാവിന്റെ പേരിലുള്ള 55 സെന്റ് സ്ഥലം ഇടവക സ്ഥാപിക്കുന്നതിലേക്ക് ദാനമായി നല്കുകയും അങ്ങനെ 1932 ഏപ്രിൽ മാസത്തിൽ വി. ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ ആറ്റരികം മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന് മാർ ഈവാനിയോസ് തിരുമേനി അടിസ്ഥാനം കുറിച്ച്, എഴിയത്തച്ചനെ തന്നെ പ്രഥമ വികാരിയായി നിയമിച്ചു, കൂടാതെ ചന്ദനപ്പള്ളി മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ പ്രഥമ വികാരിയായും അച്ചൻ നിയമിതനായി. തുടർന്ന് ചീക്കനാൽ, പുത്തൻപീടിക, വടക്കുപുറം, തൊടുവക്കാട്, കൊടുമൺ, പമ്പുമല, ഏറത്തുമ്പമൺ, രാമൻചിറ, കൈപ്പട്ടൂർ തുടങ്ങിയ അനേകം ദൈവാലയങ്ങളിൽ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചു.

സുറിയാനി പണ്ഡിതനായിരുന്ന അച്ചന്റെ പ്രാവീണ്യം മനസ്സിലാക്കിയ മാർ ഈവാനിയോസ് തിരുമേനി പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ സുറിയാനി അധ്യാപകനായി ക്ഷണിച്ചെങ്കിലും അച്ചൻ സ്നേഹപൂർവ്വം അത് നിരസിച്ചു. ഭക്തിസാന്ദ്രമായി വിശുദ്ധ കുർബാനകളും പ്രാർത്ഥനകളും അനുഷ്ഠിച്ചിരുന്ന അച്ചന്റെ സ്വരം വളരെ സംഗീതാത്മകമായിരുന്നു. തന്റെ പുനരൈക്യത്തിലൂടെ ആറ്റരികം, മുള്ളനിക്കാട് പ്രദേശത്ത് ശക്തമായ കത്തോലിക്കാ സാന്നിധ്യത്തിന് അടിസ്ഥാനമിടുകയും അടുപ്പമുള്ളവരെ പരിശുദ്ധ സഭയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും അച്ചന്റെ അദ്ധ്വാനം വളരെ വലുതായിരുന്നു. ഏതു കാര്യങ്ങളിലും ഉറച്ച തീരുമാനം ഉണ്ടായിരുന്ന അച്ചൻ, എന്ത് പ്രതിബന്ധങ്ങൾ വന്നാലും ദൈവാശ്രയത്തിൽ അസാമാന്യധൈര്യത്തോടെ മുന്നോട്ട് പോകും. തെറ്റ് കണ്ടാൽ കർശനമായി അച്ചൻ പ്രതികരിക്കും. കാരണം തെറ്റിന്റെ പക്ഷത്ത് അദ്ദേഹം നില്ക്കുകയില്ല എന്നതു തന്നെ. കഠിനാദ്ധ്വാനിയായിരുന്ന അച്ചൻ നല്ലൊരു കർഷകൻ കൂടിയായിരുന്നു.

വല്യവടക്കേതിൽ ശോശാമ്മ ഗീവർഗ്ഗീസ്, എഴിയത്ത് ഉണ്ണൂണ്ണി ചാക്കോ, പതാപ്പിൽ ഏലിയാമ്മ, എഴിയത്ത് മത്തായി ചാക്കോ, താന്നിമൂട്ടിൽ മറിയാമ്മ തോമസ് എന്നിവരായിരുന്നു അച്ചന്റെ അഞ്ച് സഹോദരങ്ങൾ.

അലക്സ് എഴിയത്ത്, ഫാ. തോമസ് എഴിയത്ത്, റോസമ്മ പണിക്കർ, ത്രേസ്യാമ്മ മാത്യു മണ്ണിക്കരോട്ട്, പൊന്നമ്മ വർഗ്ഗീസ് വടക്കേടത്ത്, സാലമ്മ ബാബു കാവാലം എന്നിവരാണ് അച്ചന്റെ മക്കൾ.

മലങ്കരയുടെ അസ്തമിക്കാത്ത സൂര്യതേജസ്സ് ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി നേരിട്ട് വിളിച്ച് വേർതിരിച്ച് പരിശുദ്ധ സഭയുടെ വലിയ സാന്നിധ്യം ഓമല്ലൂർ, ആറ്റരികം പ്രദേശത്ത് ഉറപ്പിച്ച സഖറിയാസ് അച്ചൻ 1980 ഏപ്രിൽ 15-ന് ഇഹലോകവാസം വെടിഞ്ഞു. ആർച്ചുബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും മറ്റു പിതാക്കന്മാരുടെയും വൈദികരുടെയും ദൈവജനത്തിന്റെയും സാന്നിധ്യത്തിൽ ആറ്റരികം ദൈവാലയത്തിന്റെ മദ്ബഹായുടെ തെക്കുവശത്ത് അച്ചന്റെ മൃതദേഹം കബറടക്കി.

അച്ചന്റെ മകനായ തോമസ് എഴിയത്തച്ചൻ സഖറിയാസ് അച്ചന്റെ ഓർമ്മയ്ക്കായി തന്റെ ഭവനം ഉൾപ്പെടെയുള്ള പിതൃസ്വത്ത് പത്തനംതിട്ട ഭദ്രാസനത്തിനു ദാനമായി (2010) നല്കുകയുണ്ടായി. ഇവിടെയാണ് ആറ്റരികം സെന്റ് തോമസ് മൈനർ സെമിനാരി നിലകൊള്ളുന്നത്. സഭയുടെ അനുഗ്രഹമായി, പത്തനംതിട്ട ഭദ്രാസനത്തിന്റെ ഹൃദയമായി, ഓമല്ലൂർ പ്രദേശത്തിന്റെ തിലകക്കുറിയായി ഈ സെമിനാരി നിലകൊള്ളുന്നു. അച്ചന്റെ പ്രാർത്ഥനകൾ നമുക്ക് കോട്ടയായിരിക്കട്ടെ.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഫാ.ജോർജ് ഷൈൻ വടക്കേതിൽ (സഖറിയാസ് അച്ചന്റെ
സഹോദരീ പ്രപൗത്രൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.