മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 55

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

ശാശ്വത സമാധാനത്തിന്റെ കേദാരമായ പുനരൈക്യത്തിലേക്ക് കടന്നുവന്ന
ചേകോട്ട് കൊച്ചുകല്ലിൽ ഫിലിപ്പോസ് കത്തനാർ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

മലങ്കര സഭയുടെ ശാശ്വത സമാധാനം എന്ന ലക്ഷ്യത്തെ മുൻനിർത്തി ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിലേക്ക് ഓർത്തഡോക്സ്, യാക്കോബായ സഭകളിൽ നിന്നെന്ന പോലെ മർത്തോമ്മാ സഭയിൽ നിന്നും വൈദികരും വിശ്വാസികളും കടന്നുവന്നിട്ടുണ്ട്. അതിലൊരാളാണ് ഫിലിപ്പോസ് കത്തനാർ.

മർത്തോമ്മാ സഭാംഗമായിരുന്ന ചേകോട്ട് കൊച്ചുകല്ലിൽ ഇടിക്കുളയുടെയും മാരാമൺ റാഹൂർ അന്നമ്മയുടെയും മകനായി 1871 -ൽ (1046 മകരം 24) ഫിലിപ്പോസ് ജനിച്ചു. മഹാകവി ചേകോട്ട് കുരുവിള ആശാന്റെ പൗത്രനുമായിരുന്നു അദ്ദേഹം.

കൗമാരത്തിലേക്കു കടക്കുന്ന സമയത്തു തന്നെ അതായത്, തന്റെ പത്താമത്തെ വയസ്സിൽ 1881 -ൽ (കൊല്ലവർഷം 1057) ചേകോട്ട് കൊച്ചുകല്ലിൽ ഫിലിപ്പോസ് ശെമ്മാശ പട്ടമേറ്റു. ശേഷം ആ ബാലൻ ഇലന്തൂർ മർത്തോമ്മാ ഇടവകയിൽ ശുശ്രൂഷ ചെയ്തു. തുടർന്ന് 1888 -ൽ (1064) മാരാമൺ പള്ളിയിൽ വച്ച് തോമസ് മാർ അത്തനാസ്യോസ് തിരുമനസ്സിൽ നിന്ന് കശ്ശീശാപട്ടവും സ്വീകരിച്ചു.

പഴയ സെമിനാരിയിൽ നിന്ന് ഇംഗ്ലീഷും സുറിയാനിയും അഭ്യസിച്ചു. പുത്തൻവീട്ടിൽ സ്കറിയ കത്തനാരിൽ നിന്നും അയിരൂർ തെങ്ങുംതോട്ടത്തിലച്ചനിൽ നിന്നും മൽപ്പാൻ സമ്പ്രദായത്തിൽ (ഗുരുകുല രീതി) പഠനം പൂർണ്ണമാക്കി. 1923 -ലെ (1099) വികാരിത്വ വിഭജനത്തോടു കൂടി ഫിലിപ്പോസ് കത്തനാർ ഇലന്തൂർ സെന്ററിലെ പല ഇടവകകളുടെയും വികാരിയായി നിയമിതനായി.

കൊച്ചുകല്ലിൽ ഫിലിപ്പോസ് അച്ചന്റെ പൗരോഹിത്യ ശുശ്രൂഷയിൽ താങ്ങായി ജീവിതപങ്കാളിയായ അന്നമ്മ എന്നുമുണ്ടായിരുന്നു. ഇടിക്കുള, ടൈറ്റസ്, തോമസ്, ജോസഫ്, കുഞ്ഞമ്മ, മറിയാമ്മ എന്നീ 6 മക്കളെ ദൈവം ഈ ദമ്പതികൾക്ക് നൽകി. വിവിധ തരം പക്ഷിമൃഗാദികളെ ഓമനിച്ച് താലോലിച്ച് കൊച്ചുകല്ലിലച്ചൻ വീട്ടിൽ വളർത്തിയിരുന്നു.

1936 -ൽ (1111) തന്റെ അറുപത്തിയഞ്ചാം വയസ്സിൽ വൈദികശുശ്രൂഷയിൽ നിന്ന് വിരമിച്ചു. അക്കാലത്ത് ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിലാരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി അച്ചനും ആൺമക്കൾ നാലു പേരും കത്തോലിക്കാ സഭയെ സമാശ്ളേഷിച്ചു. പിന്നീട് അച്ചനും മൂന്ന് ആൺമക്കളും ഇലന്തൂരിൽ നിന്ന് നെടുമൺകാവിലേക്ക് താമസം മാറി. രണ്ടാമത്തെ മകനായ ടൈറ്റസും കുടുംബവും ഇലന്തൂർ കുടുംബത്തിൽ തന്നെ താമസിച്ച്, പുളിന്തിട്ട സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ അംഗമായി തുടർന്നു.

വാർദ്ധക്യസഹജമായ അസുഖത്താൽ കൊച്ചുകല്ലിൽ അച്ചൻ ക്ഷീണിതനായി 1955 ജൂലൈ 22 -ന് തന്റെ 84-ാം വയസ്സിൽ സ്വർഗീയസമ്മാനത്തിനായി കടന്നുപോയി. മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ പുരോഹിതനായി ശുശ്രൂഷകൾ ചെയ്തിട്ടില്ലെങ്കിലും ഉചിതമായ അന്ത്യയാത്ര തന്നെ സഭ നൽകി. അച്ചന്റെ ഭൗതീകശരീരം നെടുമൺകാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ മുറ്റത്ത് കബറടക്കി. പൗരോഹിത്യ ജീവിതവഴികളിലെ സഹയാത്രികയായിരുന്ന ജീവിതപങ്കാളി അന്നമ്മയെയും പിന്നീട് അച്ചന്റെ കല്ലറയോട് ചേർത്തു തന്നെ സംസ്കരിച്ചു.

കൊച്ചുകല്ലിൽ അച്ചന്റെ മൂന്നാമത്തെ മകൻ തോമസിന്റെ മകനാണ് ഫാ. ഫിലിപ്പോസ് തോമസ്. മാർ ഈവാനിയോസ് പിതാവ് രോഗിയായ കൊച്ചുകല്ലിലച്ചനെ നെടുമൺകാവിലെ ഭവനത്തിൽ സന്ദർശിച്ചപ്പോൾ വല്യപ്പച്ചൻ ബാലനായ ഫിലിപ്പോസിനെ പിതാവിന്റെ കരങ്ങളിലേൽപ്പിക്കുകയും തന്റെ പേര് സ്വീകരിച്ചിരിക്കുന്ന പൈതൽ ഒരു വൈദികനായി കുടുംബത്തിന്റെ ആത്മീയപാരമ്പര്യം നിലനിർത്താൻ പിതാവ് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിതാമഹന്റെ ആഗ്രഹപൂർത്തീകരണമെന്നോണം ഫിലിപ്പോസ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് കടന്നുവന്ന് 1967 -ൽ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതാംഗമായിരുന്ന അച്ചൻ യുവജനപ്രസ്ഥാനത്തിന്റെ ഡയറക്ടറായും സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടറായുമെല്ലാം സേവനം ചെയ്തു. മൈലപ്ര പള്ളിയിലെ ശുശ്രൂഷാ കാലത്ത് 1987 -ൽ 46-ാം വയസ്സിൽ ഹൃദയാഘാതത്താൽ ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയി.

കൊച്ചുകല്ലിൽ അച്ചന്റെ രണ്ടാമത്തെ മകനായ ടൈറ്റസിന്റെ മകൻ ഫ്രാൻസിസ് വൈദികപഠനത്തിനായി സെമിനാരിയിൽ ചേർന്നെങ്കിലും ആസ്ത്മ രോഗം മൂലം പഠനം പൂർത്തീകരിക്കാൻ സാധിച്ചില്ല.

കൊച്ചുകല്ലിൽ അച്ചന്റെ മകൾ കുഞ്ഞമ്മയുടെ മകൻ ഓർത്തഡോക്സ് സഭയിൽ വൈദികനായിരുന്നു പരേതനായ ഫാ. ജോസഫ് തെക്കേമുരുപ്പേൽ. അച്ചന്റെ കൊച്ചുമകൻ ഡോ. ജോർജ് ജോസഫ്, ഓർത്തഡോക്സ് സഭാ സെക്രട്ടറിയായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതപങ്കാളിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്.

കൊച്ചുകല്ലിൽ അച്ചന്റെ പിൻതലമുറക്കാർ പിതാമഹന്റെ ജീവിതമാതൃകയുടെ നന്മകൾ സ്വീകരിച്ച് വിവിധ കർമ്മമണ്ഡലങ്ങളിൽ പ്രശോഭിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ആന്റണി സി.റ്റി. (കൊച്ചുകല്ലിൽ അച്ചന്റെ കൊച്ചുമകൻ), ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളി ദ്വിശതാബ്ദി സ്മരണിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.