ക്രിസ്തുവിൽ പൂർണ്ണരായിരിക്കുവിൻ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പത്തിയെട്ടാം ദിനം, ജൂലൈ 03, 2022

“ഈശോയിലും ഈശോയോടുകൂടെയും ഈശോ വഴിയായും ജീവിച്ച് പ്രവർത്തിച്ച് മരിക്കുന്നതത്രേ ക്രിസ്തീയ പൂർണ്ണതയുടെ രഹസ്യം.” – ആലക്കളത്തിൽ മത്തായി അച്ചൻ.

ക്രിസ്തുവിനെ സ്വജീവിതത്തിൽ കേന്ദ്ര ബിന്ദു ആക്കിക്കൊണ്ട് ആ കേന്ദ്രത്തിനു ചുറ്റും ഒരു പ്രദിക്ഷണമായി സ്വജീവിതം നടന്ന് തീർത്ത താപസവര്യനായിരുന്നു ബഹു ആലക്കളത്തിലച്ചൻ. ക്രിസ്തുവിനെ മാത്രം ഉറ്റ് നോക്കിക്കൊണ്ട് ക്രിസ്തുവിൻ്റെ മനോഭാവം സ്വജീവിതത്തിലും കർമ്മ മേഖലകളിലും പകർത്തുവാനും അനേകരെ ക്രിസ്താനുഭവത്തിലേക്ക് വളർത്തിക്കൊണ്ടു വരാനും സ്നേഹം തണുത്തു പോയ അവസരങ്ങളിൽ അഗ്നി സ്ഫുരിക്കുന്ന വചനങ്ങളിലൂടെയും നിലപാടുകളിലൂടെയും ക്രിസ്തു സ്നേഹത്തിൻ്റെ ജീവിക്കുന്ന മുഖമായി തീരാനും അച്ചൻ എപ്പോഴും പരിശ്രമിച്ചിരുന്നതായി അച്ചൻ്റെ ജീവചരിത്ര രേഖകളിൽ നിന്നു മനസ്സിലാക്കുവാൻ സാധിക്കും. “ദാഹിക്കുന്ന മാൻപേട ഉറവയിലേക്ക് എന്നപോലെ ആ യോഗ്യവര്യൻ്റെ ആത്മാവ് സദാ ദൈവസന്നിധിയിലേക്ക് കുതിച്ചു കൊണ്ടിരുന്നു. ദിവ്യകാരുണ്യത്തിൽ നിന്നാണ് തൻ്റെ ജീവിതത്തെ ചൈതന്യവത്താക്കിയ വെളിച്ചവും ശക്തിയും നുകർന്നത്. ”

ദൈവമേ എനിക്കു നിന്നെ മാത്രം മതി എന്ന ഒരു ആത്മീയ നിറവു അച്ചൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. സ്വന്തം ആത്മാവിനെ ഏറ്റവും പരിശുദ്ധിയോടെ ക്രിസ്തുവഴി ദൈവ പിതാവിനു സമർപ്പിക്കാൻ ആഴമായി ആഗ്രഹിക്കുകയും കൂടെ കൂടെയുള്ള പരി. കുമ്പസാരത്തിലൂടെ അച്ചൻ അത് സാധ്യമാക്കുകയും ചെയ്തിരുന്നു.

ഉറവിടങ്ങളിലേക്കു മടങ്ങും എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രബോധനത്തെ സ്വജീവിതത്തിൽ “ക്രിസ്തുവിലേക്കു മടങ്ങുക ക്രിസ്തുവിൽ ആയിരിക്കുക ” എന്ന രീതിയിൽ അച്ചൻ പുനരവതരിപ്പിച്ചു. ഇഹലോകവാസം ക്രിസ്തുവിന് വേണ്ടിയും ക്രിസ്തുവിനോട് കൂടെയും അകണമെന്ന സ്വജീവിതം കൊണ്ടു അച്ചൻ കാട്ടിത്തന്നു. കർത്താവിനെ എങ്ങനെ സംപ്രീതനാക്കാം എന്നാലോചിച്ച് ഭക്ത കാര്യങ്ങൾക്കായി സ്വജീവിതം മുഴുവൻ മാറ്റിവച്ച മത്തായി അച്ചൻ ഇന്നും സ്വജീവിതത്തിലൂടെ നമ്മുടെ കാലഘട്ടത്തോട് ഇപ്രകാരം പറയുന്നുണ്ട് നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിൻ. തൻ്റെ സ്നേഹത്താൽ നമ്മെ വിളിച്ച് കൂട്ടിയ തിരുനാഥൻ്റെ മുൻപിൽ ആ മാധുര്യ സ്നേഹം നുകർന്നു കൊണ്ടിരിക്കുവാനും അവിടെ നിന്നു പഠിക്കുവാനും അച്ചൻ ഇന്നു നമ്മോട് ആവശ്യപ്പെടുന്നു.

ക്രിസ്തുവിൽ മാത്രമേ ഈ ജിവിതത്തിൻ്റെ പൂർണ്ണത നേടിയെടുക്കുവാൻ സാധിക്കു, അവനിലാണ് ജീവജലത്തിൻ്റെ അരുവികളും അനശ്വരവുമായ അപ്പവും ഉള്ളത്. അവനിലാണ് കുരിശോളം ഉയർത്തപ്പെടാനും ഒരു ഗോതമ്പപ്പമായി തീരുവാനും തക്ക ആഴവും ആർദ്രതയും ഉള്ള സ്നേഹം അടങ്ങിയിരിക്കുന്നത്. എല്ലാത്തിൻ്റെയും പൂർണ്ണതയായ ക്രിസ്തുവിൽ ആലക്കളത്തിൽ മത്തായി അച്ചനെപ്പോലെ നമുക്കും പ്രത്യാശ അർപ്പിക്കാം.

ബ്രദർ ജോണി ജോസഫ് ഇടക്കാട്ട് mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.