വിശുദ്ധ കുർബാനയുടെ സന്നിധിയിൽ നിന്ന് പ്രസംഗങ്ങൾ രൂപപ്പെടട്ടെ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അറുപത്തിയൊന്നാം ദിനം, ജൂലൈ 06, 2022

“ജീവിതത്തിൽ എപ്പോഴെങ്കിലും പ്രസംഗം പറയേണ്ടിവരുമ്പോൾ, ആദ്യമേ തന്നെ വിശുദ്ധ കുർബാനയുടെ അടുക്കൽച്ചെന്ന് പറയാനുള്ളവ നാഥനിൽ നിന്നു തേടുക. അതു മേടിച്ച് ജനങ്ങൾക്കു കൊടുക്കുക” – ആലക്കളത്തിൽ മത്തായി അച്ചൻ.

സന്യാസ – പൗരോഹിത്യ ജീവിതാവസ്ഥയിലേക്കു വിളിക്കപ്പെട്ടവരുടെ പ്രത്യേക ദൗത്യവും ഉത്തരവാദിത്വവുമാണ് സുവിശേഷം പ്രഘോഷിക്കുക എന്നത്. ആത്മാർത്ഥമായി, സത്യസന്ധമായി ദൈവവചനം പ്രലോഷിക്കുക എന്നത് ആത്മാവിന്റെ പ്രവൃത്തിയാണ്. ദൈവവചന പ്രഘോഷണത്തിൽ പരിശുദ്ധാരൂപിയുടെ പ്രവർത്തനം നടക്കണമെങ്കിൽ പുസ്തകങ്ങളിൽ നിന്നോ, അനുഭവങ്ങളിൽ നിന്നോ കിട്ടിയ അറിവുകൾ മാത്രം പോരാ, മറിച്ച് ദൈവസ്വരത്തിന് കാതോർക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. അതിനായി വിശുദ്ധ കുർബാനയുടെ മുമ്പിൽ പ്രാർത്ഥനക്കായി സമയം ചെലവഴിച്ച് ഈശോയുടെ പ്രചോദനങ്ങളെ മനസിലാക്കുകയും അവക്ക് നമ്മളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ നമ്മൾ പ്രസംഗിക്കുമ്പോൾ ഹൃദയത്തിന് ഹൃദയത്തോടു സംസാരിക്കാനാവുകയുള്ളൂ.

നമ്മൾ പറയുന്ന കാര്യങ്ങൾ ശ്രോതാക്കളുടെ ഹൃദയത്തിൽ തൊടണമെങ്കിൽ കൃപയുടെ നിറവിൽ നിന്നു വേണം സംസാരിക്കാൻ. ആ കൃപക്കു വേണ്ടി വിശുദ്ധ കുർബാനയുടെ അടുക്കൽച്ചെന്ന് നാം പ്രത്യേകം പ്രാർത്ഥിക്കണം.

ബ്ര. ടോബി ദേവസ്യാ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.